ഭക്ഷണ ശേഷമുള്ള അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് ഒഴിവാക്കാന്‍ പലതരം ഡിറ്റോക്‌സ് ഡ്രിങ്കുകളും സപ്ലിമെന്റുകളും കര്‍ശനമായ ഡയറ്റുകളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിനൊക്കെ പകരം, അത്താഴം കഴിക്കുന്ന സമയത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ വലിയൊരു ആശ്വസം കിട്ടുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉല്‍പ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും. രാത്രി വൈകി ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടന്നുറങ്ങുമ്പോള്‍, ആഹാരം ദഹിപ്പിക്കാന്‍ സഹായിക്കേണ്ട വയറ്റിലെ ആസിഡിന് അതിനുള്ള സമയം ലഭിക്കുന്നില്ല. നമ്മുടെ ദഹനവ്യവസ്ഥയില്‍ ‘മൈഗ്രേറ്റിങ് മോട്ടോര്‍ കോംപ്ലക്‌സ്’ എന്നൊരു സ്വാഭാവിക ശുചീകരണ പ്രക്രിയയുണ്ട്. ആമാശയം ശൂന്യമായിരിക്കുമ്പോഴാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിച്ച പിന്നാലെ ഉറങ്ങുമ്പോള്‍ ദഹനവ്യവസ്ഥയ്ക്ക് ഈ ശുചീകരണം നടത്താന്‍ സമയം ലഭിക്കാതെ പോകുന്നു. ഇത് ക്രമേണ വയറ്റില്‍ ഗ്യാസ് നിറയുന്നതിനും വയര്‍ വീര്‍ക്കുന്നതിനും ദഹനം മന്ദഗതിയിലാകുന്നതിനും കാരണമാകും. ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക. രാത്രി 8 മണിക്ക് മുന്‍പായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടക്കരുത്. രാത്രിയില്‍ കുടലിന് വിശ്രമവും സ്വയം വീണ്ടെടുക്കാനുള്ള സമയവും നല്‍കുക. ഈ ലളിതമായ മാറ്റം തുടര്‍ച്ചയായി രണ്ടാഴ്ച പരീക്ഷിച്ചു നോക്കിയാല്‍ തന്നെ വ്യത്യാസം അനുഭവപ്പെടും.
