ഇന്ത്യന്‍ വിപണിയില്‍ പുതിയ ആഡംബര എസ്യുവി അവതരിപ്പിച്ച് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ. ജി-ക്ലാസ് ശ്രേണിയിലെ പെര്‍ഫോമന്‍സ് മോഡലായ എഎംജി ജി 63ന്റെ പ്രത്യേക പതിപ്പായ ‘ഓഫ്റോഡ് പ്രോ’യാണ് കമ്പനി അവതരിപ്പിച്ചത്. പരിമിതമായ എണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുക. ഈ മോഡലില്‍ കൂടുതല്‍ മെച്ചപ്പെട്ട ഓഫ്റോഡ് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എക്സ്-ഷോറൂം വില 3.80 കോടി രൂപ മുതലാണ്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 48വി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്. എന്ജിന് 585 ബിഎച്ച്പി പരമാവധി കരുത്തും 850 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഎംജി പെര്‍ഫോമന്‍സ് 4മാറ്റിക് ഓള്-വീല്‍ ഡ്രൈവ് സംവിധാനമാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.
