Screenshot 20260718 134017 4

എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. 25 ലക്ഷം രൂപയാണ് ഇത്തവണ വിജയിക്കുന്ന ചുണ്ടന് സമ്മാനമായി ലഭിക്കുക.

‎താനോ തൻ്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതിൽ പൂർണ ബോധ്യമുണ്ട്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണ തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരം നൽകാറ്. ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്നും പിണറായി വിജയൻ പറഞ്ഞു.

‎സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്.

‎കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ സർക്കാർ നീക്കം. അള്ളി പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടുമെന്നാണ് മന്ത്രി കെ എം ഷാജിയുടെ പരസ്യ പ്രതികരണം. അതേസമയം, കിലയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കരാർ ജീവനക്കാർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു.

‎ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവർണർ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു.

‎മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തീരുമാനം പുനപരിശോധിക്കണെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും ഇതിനായി എംപി മാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങുമെന്ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

 

‎പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകി.

‎മംഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ.

‎സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

‎വർക്കലയിൽ ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്നായിരുന്നു സംഘർഷം.

‎ആറന്മുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ അന്വേഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേന വള്ളസദ്യയ്ക്ക് പാസ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയത്.

‎നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.

‎ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ടൂവിലർ വർക്ക്‌ഷോപ്പിനാണ്’ ഇന്നലെ രാത്രി തീപിടിച്ചത്. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.

‎പ‍ാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.

‎സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. സ്ഥിതികണക്കിലെടുത്ത് ജന്തർമന്തറിലേക്കുള്ള പ്രവേശനം പൊലീസ് വിലക്കി.

‎അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആർ.ഡി.ഒ ഓഫീസിലെ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസിൽദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് എടുത്തത്.

‎ഒഡീഷയിൽ പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ദുർമന്ത്രവാദത്തിന്‍റെ ഭാഗമായാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പ്രതിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

‎ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ ആവശ്യത്തിനെതിരെ കേന്ദ്രസർക്കാർ. യുഎസ്‍സിഐആ‍ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺദീ‍ർ ജയ്സ്വാൾ വിമർശിച്ചു.

‎അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്.

‎ഹോട്ടലുകളിൽ പരിശോധന കർശനമാക്കി സാമൂഹികമാധ്യമങ്ങളിൽ ‘റിയൽ സിങ്കം’ എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി.

‎അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശിയും അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ താമസിച്ചിരുന്നയാളുമായ ജയ് സുനിൽഭാർത്തി ഗോ സ്വാമി (21) എന്നയാളാണ് അറസ്റ്റിലായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *