yt cover 47

 

എക്സാലോജിക് മാസപ്പടി, ഹവാല ആരോപണങ്ങളില്‍ പിണറായി വിജയന്‍, മകള്‍ വീണ, മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന വിജിലന്‍സിനോട് ഹൈക്കോടതി. കേസെടുക്കണമെന്ന ശുപാര്‍ശയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം. എഫ്ഐആര്‍ ഉടനേ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫഴ്സ്മെന്റ് നല്‍കിയ ഹര്‍ജിയിലും കോടതി എഫ്ഐആര്‍ വേണമെന്ന നിലപാട് കടുപ്പിച്ചു. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും പ്രാഥമിക അന്വഷണം ആവശ്യമില്ലെന്നും വിജലന്‍സാണ് അന്വേഷിക്കേണ്ടതെന്നും കോടതി. എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തലുകള്‍ പര്യാപ്തമാണ്. തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ ഇഡിക്ക് നിര്‍ദേശം നല്‍കിയ കോടതി കേസ് ഈ 29 ലേക്ക് മാറ്റി.

തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്കു ജീവനക്കാരുടെ പണിമുടക്ക്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് ബാങ്കുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും.

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി കവിയും അധ്യാപകനും എഴുത്തുകാരനുമായ കല്‍പറ്റ നാരായണന്‍നേയും സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി സുരേന്ദ്രനേയും സര്‍ക്കാര്‍ നിയമിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി ജി. വേണുഗോപാലിനെയും കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം. രഞ്ജിത്തിനെയും നിയമിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം ചെയ്ത നടന്‍ പ്രേംകുമാറാണ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍.

കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രൊഫ. പ്രകാശ് മൂര്‍ത്തിയേയും കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാനായി സുരേഷ് ബാബു എളയാവൂരിനേയും നിയമിക്കും. ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാനാകും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനായി ഹേമന്ത്കുമാറനേയും സെക്രട്ടറിയായി എന്‍.വി. പ്രദീപ്കുമാറിനേയും നിയമിക്കും. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍: ടി. ആര്‍ ഉദയകുമാര്‍, സെക്രട്ടറി: വൈക്കം എം.കെ ഷിബു, കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ -ശ്രീരാമന്‍ കൊയ്യോന്‍, മെമ്പര്‍ സെക്രട്ടറി: പ്രദീപ് കുമാര്‍ എം. പയ്യന്നൂര്‍ എന്നിവരേയും നിയമിക്കും.

സിനിമാരംഗത്തെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം തുറന്നുകാട്ടുന്ന ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ ഗൂഢാലോചന നടന്നെന്ന് മുന്‍ വിവരാവകാശകമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ഹക്കീം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാതിരിക്കാന്‍ അസാധാരണമായി കമ്മിഷന്റെ മൂന്നംഗബെഞ്ച് രൂപവത്കരിച്ചെന്നും നടപടി ബോധപൂര്‍വം വൈകിച്ചെന്നുമാണ് തുറന്നുപറച്ചില്‍.

മുപ്പതു കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംബര്‍ ടിഎല്‍ 360615 എന്ന നമ്പറിന്. 500 രൂപയായിരുന്നു ടിക്കറ്റ് വില. അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റു തീര്‍ന്നു. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്. 1 കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്.

കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എല്ലാ ടോയ്ലറ്റുകളും ചോര്‍ന്നൊലിക്കുകയാണ്. കെട്ടിടമാകെ തകരാറിലാണ്. തകരാര്‍ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് എടുത്തപ്പോള്‍ പുതിയത് നിര്‍മ്മിക്കുന്നതിനെക്കാള്‍ ചെലവാണെന്നാണ് പറയുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടമാണെന്നും ആര്‍ക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. നിയമസഭാംഗമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ദേശീയപാത 66-ല്‍ രാമനാട്ടുകര മുതല്‍ കൊടുങ്ങല്ലൂര്‍ വരെ 22 നടപ്പാലങ്ങള്‍ നിര്‍മിക്കും. പദ്ധതിക്ക് ദേശീയപാത അതോറിറ്റി അംഗീകാരം നല്‍കി. മലപ്പുറം ജില്ലയില്‍ 14 നടപ്പാലങ്ങളാണ് വരുക. നേരത്തേ പണി തുടങ്ങിയ രണ്ടത്താണിയില്‍ നടപ്പാലം ഉടന്‍ തുറക്കും. തൃശ്ശൂരില്‍ എട്ടെണ്ണം നിര്‍മിക്കും. രാമനാട്ടുകര- കാപ്പിരിക്കാട്, കാപ്പിരിക്കാട്-കൊടുങ്ങല്ലൂര്‍ എന്നീ സെക്ഷനുകളിലായാണ് പാലങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

ഹൈക്കോടതി വളപ്പില്‍ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോഡിങ്ങിനും ലൈവ് സ്ട്രീമിങ്ങിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷക ക്ലാര്‍ക്കുമാര്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, കരാറുകാര്‍, സന്ദര്‍ശകര്‍ തുടങ്ങി ഹൈക്കോടതി വളപ്പില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നുണ്ടോയെന്ന് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ വിദഗ്ധസംഘം പരിശോധിക്കും. വെടിക്കെട്ട് എങ്ങനെ ബാധിക്കുന്നുവെന്നും എന്തു മുന്‍കരുതല്‍ എടുക്കണമെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്‍.കെ. മോഹന്‍ദാസ് ഓംബുഡ്സ്മാന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ മാസപ്പടി കേസ് പാര്‍ട്ടിക്ക് എതിരായ നീക്കമെന്ന് ആലപ്പുഴ ജില്ലാ വിശാലസമിതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തനിക്കും മകള്‍ക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. തന്നിലൂടെ പാര്‍ട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു. തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള സിപിഎമ്മിന്റെ ആദ്യ ജില്ലാ വിശാലസമിതി യോഗമാണ് ആലപ്പുഴയില്‍ ആരംഭിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള വെര്‍ച്വല്‍ക്യൂ ദര്‍ശനത്തിനുള്ള ബുക്കിങ് പൂര്‍ണമായി. ഒറ്റ ദിവസം കൊണ്ടാണ് ബുക്കിങ് ഫുള്‍ ആയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെര്‍ച്വല്‍ക്യൂ ദര്‍ശനമുള്ളത്. ഒരു ദിവസം 2400 പേര്‍ക്ക് ഈ സംവിധാനം വഴി തൊഴാം.

വടകര എം.ഡി.എം.എ കേസില്‍ പ്രതിയായ അധ്യാപിക കീര്‍ത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കുത്തേറ്റു. കുത്തിയ ഭര്‍ത്താവും ബസ് ഡ്രൈവറുമായ പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മല്‍ ജനീഷ് (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. എം.ഡി.എം.എ കേസില്‍ ജാമ്യത്തിലിറങ്ങിയ കീര്‍ത്തന വടകര സ്റ്റേഷനില്‍ ഒപ്പിടാന്‍ വന്നതായിരുന്നു.

സഹകരണ മേഖലയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി. ഇതോടെ കോ- കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടുത്ത ഓണത്തിന് വിമാന സര്‍വീസ് തുടങ്ങുമെന്ന് ചീഫ് പ്രൊമോട്ടര്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. കേരള സിവില്‍ ഏവിയേഷന്‍ സഹകരണ സംഘത്തിന് രജിസ്ട്രേഷന്‍ നല്‍കാന്‍ തീരുമാനമായി.

ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാര്‍ത്ഥിനിയുടെ കൈവെള്ളയില്‍ അടിച്ച അധ്യാപകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കല്‍റ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയര്‍ക്കെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

കെടിഡിഎഫ്സിയില്‍ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ആര്‍ അനീഷ് ബാബുവിനെ ഒരു ദിവസത്തെ വെവ്വേറെയുള്ള ഉത്തരവിലൂടെ ഡബിള്‍ പ്രൊമോഷന്‍ നല്‍കി മാനേജാരാക്കിയ നടപടിക്കെതിരെയാണ് റിപ്പോര്‍ട്ട്. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് അനീഷ് ബാബു.

മട്ടാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍. പനയപ്പിള്ളി മട്ടാഞ്ചേരി ടൗണ്‍ ഭാഗത്ത് താമസിക്കുന്ന ‘കൊമ്പന്‍ അനീഷ്’ എന്നറിയപ്പെടുന്ന എം.എ അനീഷ് (34) ആണ് പിടിയിലായത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഏറ്റവും കൂടുതല്‍ അളവില്‍ എംഡിഎംഎ പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിത്.

മുട്ടില്‍ മരം മുറി കേസില്‍ കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് ബത്തേരി കോടതി. പിഴവുകള്‍ തിരുത്തി വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രമാണു സ്വീകരിച്ചത്. കോടതി ചൂണ്ടിക്കാട്ടിയ അവ്യക്തതകള്‍ തിരുത്തിയിട്ടുണ്ട്.

ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളില്‍ 24 ചിത്രങ്ങള്‍ക്ക് കൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. 31 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു.

അടൂരില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ചു ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ എസ്ഐ അടക്കം രണ്ടുപേരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നിലവില്‍ കാസര്‍ഗോഡ് ബേക്കല്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ കെ.പി.ശരത്, പൊലീസ് ഡ്രൈവര്‍ ജെ.കെഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ ശാസ്താംകോട്ട സ്റ്റേഷനിലായിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഭാര്യയ്ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന പ്രചാരണം നിഷേധിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എന്‍.സി. മോഹനന്‍. ഭാര്യ അഡ്വ. രേഖ സി. നായര്‍ സെക്രട്ടറിയായ സനാതന ധര്‍മപാഠശാല സംഘപരിവാര്‍ സംഘടനയല്ല. ഹൈന്ദവ പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പാണെന്നു മോഹനന്‍ പറഞ്ഞു.

കൊല്ലത്ത് പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്. എട്ടു പേര്‍ക്കെതിരേ കേസെടുത്തു.

ആലപ്പുഴയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ചുങ്കം സ്വദേശിയായ ആന്റണി വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ അഫ്‌സലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഇന്നു വൈകുന്നേരം നാലിനു ഹോട്ടല്‍ കസിനോ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ‘ഡെയ്ലി ന്യൂസ്’ എഡിറ്റര്‍ ഫ്രാങ്കോ ലൂയിസ് ഉള്‍പെടെ പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കും.

എസ്‌ഐആര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നെന്ന റിപ്പോര്‍ട്ട് വിവാദമായിരിക്കേ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ വിശദീകരണം പുറത്തിറക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികള്‍. ടിഡിപി, ആര്‍എല്‍എം, എല്‍ജെപി (രാം വിലാസ്), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ തുടങ്ങിയവയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. യുവാക്കളെ വോട്ടര്‍പട്ടികയില്‍നിന്ന് അകറ്റിനിര്‍ത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ പരിഭ്രാന്തരായി യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക ഡ്രൈവ് തുടങ്ങി. ഇതിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രധാന്യം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനാധിപത്യം എത്രത്തോളം അധപതിച്ചു എന്നതിന് തെളിവാണിത്. ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും, ഏറ്റവും വലിയ ‘യൂദാസ്’ ആണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് വോട്ട് തിരിമറിക്ക് ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സുപ്രീംകോടതിയിലെ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ മകന്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണെന്ന വിവരം പുറത്ത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം ചോദ്യംചെയ്യുന്ന ഹര്‍ജി ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച ജഡ്ജിയാണിദ്ദേഹം. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കേന്ദ്ര നിയമത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്.

സിബിഎസ്ഇ ചെയര്‍മാനായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. മന്‍ദീപ് കെ ഭണ്ഡാരിയെ നിയമിച്ചു. കേന്ദ്ര അഡീഷണല്‍ സെക്രട്ടറി റാങ്കിലേക്കും ശമ്പള സ്‌കെയിലിലേക്കും അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

നാഗാലാന്‍ഡില്‍ വിഷമദ്യം കഴിച്ച് 19 പേര്‍ മരിച്ചു. 1990 മുതല്‍ പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്താണ് ഈ ദുരന്തമുണ്ടായത്. മൊകോക്ചുങ് ജില്ലയില്‍ എട്ടുപേരും ടു എന്‍സാങ് ജില്ലയില്‍ 11 പേരുമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കര്‍ണാടകയിലെ ഒരു ഡസനോളം എംഎല്‍എമാര്‍ രണ്ടുവിവാഹങ്ങള്‍ കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരാമര്‍ശം വിവാദത്തില്‍. കഴിഞ്ഞദിവസം നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഡി കെ ശിവകുമാര്‍ എംഎല്‍എമാര്‍ക്കെതിരേ പരാമര്‍ശം നടത്തിയത്. ഇത് വിവാദമായതോടെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി.

പശ്ചിമ ബംഗാളില്‍ പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം ആശയവിനിമയം നടത്തി. മമത ബാനര്‍ജി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി ഫോണില്‍ സംസാരിച്ചു.

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ വീണ്ടും ശക്തമായി. ദക്ഷിണ നഗരമായ ഖമീസ് മുശൈത്തും തലസ്ഥാനമായ റിയാദും ലക്ഷ്യമിട്ട് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും വെടിവെച്ചിട്ടതായി സൗദി സഖ്യസേന പ്രസ്താവനയിലൂടെ അറിയിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 3-ാം സ്വര്‍ണം. വനിത കബഡിയില്‍ ഇറാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകളാണ് 37-34 എന്ന സ്‌കോറിന് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ കെ വിനോദ് രണ്ടാം തവണയും വെള്ളിമെഡല്‍ നേടി. വനിതകളുടെ 50 മീറ്റര്‍ ത്രീ റൈഫിള്‍ വിഭാഗത്തിലാണ് വെള്ളി നേടിയത്. നേരത്തെ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നാളെ. നാളെ ഉച്ചക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക.

ലോകകപ്പില്‍ കളിച്ച കരുത്തരായ പനാമയെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തില്‍ പനാമയെ ഇന്ത്യ 1-1 എന്ന സമനിലയില്‍ തളച്ചു. റയാന്‍ വില്യംസിലൂടെ ആദ്യ പകുതിയില്‍ ഇന്ത്യ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഒമര്‍ ജാവിയര്‍ വലന്‍സിയയിലൂടെ പനാമ സമനില പിടിക്കുകയായിരുന്നു.

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കാനിരിക്കേ, എടിഎം സേവനനിരക്ക് ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പണിമുടക്ക് നടക്കുന്ന സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതൊരു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഇടപാട് നടത്തിയാലും സേവന നിരക്ക് ഈടാക്കില്ല. ഈ മൂന്ന് ദിവസങ്ങളില്‍ എല്ലാ ബാങ്ക് ശാഖകളും തുറന്നുപ്രവര്‍ത്തിക്കും. പണിമുടക്കിന് മുന്നോടിയായി പ്രധാനപ്പെട്ട ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെല്‍ഫ് സര്‍വീസ് ബാങ്കിങ് ചാനലുകളിലൂടെയും പൂര്‍ത്തിയാക്കാനും എസ്ബിഐ നിര്‍ദേശിച്ചു. ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 8 ലക്ഷത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണിത്.

കൃത്രിമബുദ്ധി ദുരുദ്ദേശത്തോടെ ഉപയോഗിക്കപ്പെട്ടാല്‍ വലിയ തോതിലുള്ള ദുരന്തങ്ങള്‍ക്കും കോടിക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. തെറ്റായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യരും അത്യാധുനിക എ.ഐ ടൂളുകളും ഒന്നിക്കുമ്പോഴുണ്ടാകുന്നത്ര മാരകമായ ഒരു ആയുധം ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ആശുപത്രികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പവര്‍ ഗ്രിഡുകള്‍, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് നേരെ എ.ഐ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും നടത്താം. എഐ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വ്യാജ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ എന്നിവ വന്‍തോതില്‍ സൃഷ്ടിക്കാം. വ്യക്തികളെ കൃത്യമായി ലക്ഷ്യമിട്ട് വ്യാജ സന്ദേശങ്ങളും ശബ്ദങ്ങളും ചിത്രങ്ങളും സൃഷ്ടിക്കാം. ഇത് വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു.

നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത് സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിളിള്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഹേയ് കാര്‍ത്തി രചിച്ച ‘കൂടെ പാറുന്ന കിളികള്‍..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മുജീബ് മജീദ്. ആലാപനം – അയ്‌റാന്‍. കഥ, തിരക്കഥ, സംഭാഷണം നടി നിലീന്‍ സാന്ദ്രയുടേതാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. അഖില ഭാര്‍ഗവന്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങിവരും അണിനിരക്കുന്നു.

ബോക്സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോഡുകള്‍ കാറ്റില്‍പ്പറത്തി 300 കോടി ക്ലബ്ബില്‍ കയറിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലെ പുതിയൊരു ഗാനമെത്തി. ‘രക്തസഹോദരന്‍’ എന്ന ഗാനത്തിന്റെ രചന, ആലാപനം – സുഹൈല്‍ കോയ. സംഗീതം – വിഷ്ണു വിജയ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പുകളും എത്തിയിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പുതിയ ആഡംബര എസ്യുവി അവതരിപ്പിച്ച് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. ജി-ക്ലാസ് ശ്രേണിയിലെ പെര്‍ഫോമന്‍സ് മോഡലായ എഎംജി ജി 63ന്റെ പ്രത്യേക പതിപ്പായ ‘ഓഫ്‌റോഡ് പ്രോ’യാണ് കമ്പനി അവതരിപ്പിച്ചത്. പരിമിതമായ എണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുക. ഈ മോഡലില്‍ കൂടുതല്‍ മെച്ചപ്പെട്ട ഓഫ്‌റോഡ് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എക്സ്-ഷോറൂം വില 3.80 കോടി രൂപ മുതലാണ്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 48വി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്. എന്‍ജിന്‍ 585 ബിഎച്ച്പി പരമാവധി കരുത്തും 850 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഎംജി പെര്‍ഫോമന്‍സ് 4മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

ഓരോ മനുഷ്യരുടെയും പ്രണയഭാഷകള്‍ വിഭിന്നവും വളരെ കുറച്ച് പേര്‍ക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. ‘സബെ’ അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അര്‍ത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരന്‍ കൊണ്ടുവരുന്നു – സ്നേഹം, അതാണ് ആ വാക്കിന്റെ അര്‍ത്ഥം. ഇതിലെ കഥകള്‍ വായിച്ചു കഴിയുമ്പോഴേക്കും ഓരോ വായനക്കാരനും ഒരു പ്രണയത്തിന്റെ ഭാഷ, ആ പഴയ എഴുത്താശാന്‍ കുട്ടികള്‍ക്ക് പകര്‍ന്നപോലെ വായനക്കാര്‍ക്കും പകര്‍ന്നു നല്‍കുന്നു. ‘സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം’. ബിമല്‍ എസ്. ഗ്രീന്‍ ബുക്സ്. വില 114 രൂപ.

ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ആദ്യത്തേത് ഉപ്പും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക എന്നതാണ്. പാക്കറ്റിലാക്കിയതും അമിതമായി സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ക്കു പകരം പുതിയതും മുഴുധാന്യങ്ങളായതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. സംസ്‌കരിച്ച മാംസങ്ങളും റെഡിമെയ്ഡ് സോസുകളും ഒഴിവാക്കണം. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കടല, മുഴുധാന്യങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഇവയില്‍ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിലര്‍ത്തും. മഗ്നീഷ്യം ഉള്‍പ്പെടുത്തണം. പേശികളുടെയും നാഡികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തിന് മഗ്നീഷ്യം പ്രധാനമാണ്. പരിപ്പുവര്‍ഗ്ഗങ്ങള്‍, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ചീര, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി മഗ്നീഷ്യത്തിന്റെ അളവ് ഉറപ്പിക്കാം. ആഴ്ചയില്‍ 150 മിനിറ്റ് മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റില്‍ വേഗത്തില്‍ നടക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാനാവും. നന്നായി ഉറങ്ങുകയും മാനസിക സമ്മര്‍ദം നിയന്ത്രിക്കുകയും വേണം. കുറഞ്ഞത് 7-9 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കണം. ഒപ്പം മെഡിറ്റേഷന്‍ ചെയ്യാനും ശ്വസനവ്യായാമങ്ങള്‍ക്കും സമയംകണ്ടെത്തുന്നത് ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ 30 വയസ്സിന് ശേഷം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തസമ്മര്‍ദ്ദം പരിശോധിക്കണം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.82, പൗണ്ട് – 126.92, യൂറോ – 109.48, സ്വിസ് ഫ്രാങ്ക് – 115.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.51, ബഹറിന്‍ ദിനാര്‍ – 253.99, കുവൈത്ത് ദിനാര്‍ -309.39, ഒമാനി റിയാല്‍ – 249.04, സൗദി റിയാല്‍ – 25.49, യു.എ.ഇ ദിര്‍ഹം – 26.09, ഖത്തര്‍ റിയാല്‍ – 26.29, കനേഡിയന്‍ ഡോളര്‍ – 67.94.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *