കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ശേഷം മനുഷ്യരുടെ ആഗോള ആയുര്‍ദൈര്‍ഘ്യം കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വീണ്ടെടുക്കല്‍ മന്ദഗതിയിലാണെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോര്‍ട്ട് പ്രകാരം, 2019-ല്‍ 73.4 വയസ്സായിരുന്ന ആഗോള ആയുര്‍ദൈര്‍ഘ്യം മഹാമാരിയെ തുടര്‍ന്ന് 2021-ല്‍ 71.5 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2023-ല്‍ ഇത് 73.3 വയസ്സായി ഉയര്‍ന്നു. അതേസമയം, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം 2023-ല്‍ 62.8 വയസ്സാണ്; ഇത് 2019-ലെ നിരക്കിനേക്കാള്‍ 0.4 വര്‍ഷം കുറവാണ്. 2023-ല്‍ ലോകത്താകമാനമുണ്ടായ 6.1 കോടി മരണങ്ങളില്‍ 3.3 കോടിയും പ്രധാന 10 രോഗങ്ങള്‍ മൂലമാണ്. ഇതില്‍ എട്ടെണ്ണവും ജീവിതശൈലി രോഗങ്ങളാണ്. 2000-ല്‍ ആകെ മരണങ്ങളുടെ 58 ശതമാനമായിരുന്ന ജീവിതശൈലി രോഗങ്ങള്‍, 2023-ല്‍ 74 ശതമാനമായി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുക്കുന്ന രോഗമായി ഇസ്‌കീമിക് ഹൃദ്രോഗം തുടരുന്നു. ആകെ മരണങ്ങളില്‍ 16 ശതമാനത്തിനും കാരണം ഇതാണ്. സ്‌ട്രോക്ക്, സി.ഒ.പി.ഡി എന്നിവയാണ് തൊട്ടുപിന്നില്‍. അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ഡിമെന്‍ഷ്യ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. 2023-ല്‍ 21 ലക്ഷം ആളുകളാണ് ഡിമെന്‍ഷ്യ മൂലം മരിച്ചത്. കോവിഡ്-19 മൂലമുള്ള നേരിട്ടുള്ള മരണങ്ങള്‍ 2023-ല്‍ ഒമ്പത് ലക്ഷമായി കുറഞ്ഞു, ഇതോടെ ആദ്യ 10 മരണകാരണങ്ങളുടെ പട്ടികയില്‍ നിന്ന് കോവിഡ് 14-ാമതായി. 2020 മുതല്‍ എച്ച്.ഐ.വി/എയ്ഡ്‌സ് മരണങ്ങളില്‍ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
