ഡല്‍ഹി അടച്ചുപൂട്ടി. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരാവസ്ഥ. ആയിരക്കണക്കിനു നേതാക്കളും ജനങ്ങളും കൂട്ടകസ്റ്റഡിയില്‍. എല്ലാ വിലക്കുകളേയും മറികടന്ന് രാവിലെ ഏഴായപ്പോഴേക്കും ജന്തര്‍ മന്തര്‍ പ്രദേശം പ്രതിഷേധാഗ്‌നിയുമായി ജനസാഗരമായി. റോഡുകള്‍ ബാരിക്കേഡു സ്ഥാപിച്ച് അടച്ചു. നിരോധനാജ്ഞയിലൂടെ കാല്‍നടയാത്രക്കാര്‍ക്കും വിലക്ക്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പുലര്‍ച്ചെ ആയിരത്തിലേറെ പേരെ അറസ്റ്റു ചെയ്ത് താത്കാലിക തടങ്കലിലാക്കി. എസ്ഐആറിലൂടെ വോട്ടര്‍മാരെ വെട്ടിനിരത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നിറഞ്ഞ പ്രക്ഷോഭകര്‍ക്കു മുന്നില്‍ വിറച്ച് ഭരണകൂടം.
കോക്ക്റോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ വിമാനത്താവളത്തില്‍ വിമാനത്തിനകത്ത് കയറി ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയാണ് അറസ്റ്റു ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. വനിതാ പോലീസാണ് അറസ്റ്റു ചെയ്തത്. ‘ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല’ എന്നും ‘അറസ്റ്റ് വരിക്കാന്‍ തന്നെയാണ് താന്‍ വന്നത്’ എന്നും കസ്റ്റഡിയിലാകുന്നതിനു തൊട്ടുമുമ്പ് അഭിജിത് ദീപ്കെ പറയുന്ന വീഡിയോ സിജെപി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. രാജ്യദ്രോഹിയായ സുഹൃത്തിനെ രക്ഷിക്കാന്‍ ഏകാധിപതി സ്വന്തം പൗരന്മാരോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും സിജെപി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കാനെത്തിയ സിപിഎം നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, പി രാജീവ് തുടങ്ങിയവരാണ് കസ്റ്റഡിയിലായത്. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെ പിടികൂടിയ നേതാക്കളെ ഹരിയാന അതിര്‍ത്തിയിലെ താല്‍ക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
സിഎംആര്‍എല്‍ എക്സാലോജിക്ക് മാസപ്പടി, ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ തിങ്കളാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ തിരുത്തല്‍. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ പുനര്‍മൂല്യ നിര്‍ണയത്തില്‍ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പിഎസ്സി നിയമനം നല്‍കും. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയില്‍ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുണ്‍ ജെ പ്രതാപിന്റെ നിയമന ശുപാര്‍ശ പിഎസ്സി റദ്ദാക്കും.
മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതിക്കായി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മുന്‍ മന്ത്രിയാണെന്നതിനാലാണ് ഗവര്‍ണറുടെ അനുമതി തേടുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കൊല്ലത്ത് പൊലീസില്‍ നിന്ന് പുറത്താക്കിയയാള്‍ എംഡിഎംഎയുമായി എക്സൈസിന്റെ പിടിയില്‍. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കര്‍ ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്‌ക്വാഡ് പിടികൂടി. പൊലീസില്‍ ഡ്രൈവറായിരിക്കേ 26 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായതോടെയാണു പോലീസില്‍നിന്ന് പുറത്താക്കിയത്.
പെരിന്തല്‍മണ്ണയില്‍ 11.63 ഗ്രാം എം.ഡി.എം.എയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ പിടിയിലായി. പെരിന്തല്‍മണ്ണ മണ്ണാര്‍മല പച്ചീരി സ്വദേശി റാവുത്തര്‍ വീട്ടില്‍ ജാസിര്‍ അര്‍ഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ കോളേജിന്റെ ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 15 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരില്‍ ഒരാള്‍ ഐസിയുവിലാണ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍. വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയില്‍ പങ്കെടുക്കാനാണ് ചെന്നൈയില്‍ എത്തിയത്. മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദം.
ജന്തര്‍ മന്തറിലെ സമരത്തില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാനിരിക്കെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ വീട്ടിലെത്തിയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി പൊലീസ് കസ്റ്റഡിയില്‍. രാവിലെ ഏഴരയോടെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകത്തില്‍ മന്ത്രിമാര്‍ക്കും ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള തുകയുടെ പരിധി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ എട്ടിന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, നിലവിലെ പരിധിയായ 26 ലക്ഷം രൂപയില്‍ നിന്ന് 31 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്.
അമേരിക്കയിലെ പ്രമുഖ ടെക്ക് കമ്പനികള്‍ വിദേശ ജീവനക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്നത് തടയാനുള്ള നീക്കം ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ ഉടന്‍ ബാധിക്കില്ലെന്ന് ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പൈ. ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം നിലവിലുള്ളതിനാല്‍ നിയന്ത്രണത്തിന്റെ അടിയന്തര പ്രത്യാഘാതങ്ങള്‍ പരിമിതമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
യുഎഇയിലെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങളില്‍ മാറ്റം. കൊലക്കേസില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം ‘ഖിസാസ്'(പകരം വീട്ടാനുള്ള അവകാശം) വേണ്ടെന്നു തീരുമാനിച്ച് പ്രതിക്ക് മാപ്പുനല്‍കിയാലും പ്രതിക്കുള്ള കുറഞ്ഞ തടവുശിക്ഷ ഏഴു വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി വര്‍ധിപ്പിച്ചു.
പനാമയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിറകേ വീണ്ടും ശക്തമായ ഭൂചലനം. ലാ ട്രോണോസയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ വടക്ക് മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്. 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ധനവില കുതിച്ചുയരുന്നതിനിടെ അമേരിക്ക റഷ്യയില്‍നിന്ന് ഡീസല്‍ വാങ്ങുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയില്‍നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് 100 ശതമാനംവരെ താരിഫ് ചുമത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി നിലനില്‍ക്കെയാണ് യുഎസിന്റെ ഈ നീക്കം.
യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ വന്‍ വ്യോമാക്രമണവുമായി സൗദി നയിക്കുന്ന അറബ് സഖ്യസേന. ഇന്നു പുലര്‍ച്ചെ നടത്തിയ സൈനിക നീക്കത്തില്‍ ഹൂതികളുടെ 136 സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിസിയിലെ മുന്‍ ജഡ്ജിയായ നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡോണാള്‍ഡ് ട്രംപിന്റെ ഉപരോധം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിമൂന്നാം സീസണ് ഇന്നു തുടക്കം. വൈകിട്ട് അഞ്ചിന് ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി, സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയെ നേരിടും. രാത്രി ഏഴരയ്ക്ക് എഫ് സി ഗോവ, ചെന്നൈയിന്‍ എഫ്‌സി സൂപ്പര്‍ പോരാട്ടവും നടക്കും. പതിമൂന്ന് ടീമുകളുമായി ദൈര്‍ഘ്യമേറിയ സീസണായിരിക്കും ഇത്തവണത്തേത്. അടുത്ത വര്‍ഷം മേയ് വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ ആകെ 163 മത്സരങ്ങള്‍. ആദ്യ ഘട്ടത്തില്‍ മത്സരങ്ങള്‍ വാരാന്ത്യങ്ങളില്‍ മാത്രം.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ കൂടി 13,880 രൂപയും പവന് 520 രൂപ കൂടി 1,11,040 രൂപയുമായി. ഇന്നലെ പവന് 840 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 8,885 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ കൂടി 5,730 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് ഏകദേശം 4,193 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,289 രൂപയാകും.
ഗെയിമിങ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വിഐ’ (ജിടിഎ 6) ഗെയിമിന്റെ ക്ലൗഡ് സ്ട്രീമിങ് കരാര്‍ സ്വന്തമാക്കി മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്‌ഫോമായ എക്സ്ബോക്സ്. എക്സ്ബോക്സ് കണ്‍സോളുകളില്‍ മാത്രമായിരിക്കും ജിടിഎ 6 ലഭിക്കുകയെന്നാണ് സൂചന. ജിടിഎ 6 പുറത്തിറങ്ങുന്ന നവംബറില്‍ എക്സ്ബോക്സ് ക്ലൗഡ് ഗെയിമിങ് സേവനത്തില്‍ മൈക്രോസോഫ്റ്റ് പുതിയ സമയപരിധികള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഗെയിം പാസ് അള്‍ട്ടിമേറ്റ് വരിക്കാര്‍ക്ക് പ്രതിമാസം 15 മണിക്കൂറും പ്രീമിയം വരിക്കാര്‍ക്ക് 10 മണിക്കൂറും എസന്‍ഷ്യല്‍ വരിക്കാര്‍ക്ക് അഞ്ച് മണിക്കൂറും മാത്രമായിരിക്കും സ്ട്രീമിങ് സമയം. അതേസമയം, ഗെയിം പാസ് സബ്സ്‌ക്രിപ്ഷനില്ലാതെയും പണം നല്‍കി ക്ലൗഡ് ഗെയിമിങ് ഉപയോഗിക്കാനുള്ള സംവിധാനം മൈക്രോസോഫ്റ്റ് അടുത്ത മാസം മുതല്‍ അവതരിപ്പിക്കും. നിശ്ചിത മണിക്കൂറുകള്‍ അടങ്ങിയ പാക്കേജുകള്‍ വാങ്ങി ഗെയിമുകള്‍ കളിക്കാവുന്ന ഈ രീതിയാണിത്.
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ- വിനായകന്‍ ചിത്രം ‘ടൈറ്റന്‍സി’ലെ ആദ്യഗാനം പുറത്ത്. ‘ആഗോള ശൃംഖല’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. ചിത്രം ഒക്ടോബര്‍ 22-ന് തിയേറ്ററുകളിലെത്തും. ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കോമഡി- ത്രില്‍- ഫാന്റസി എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ‘ടൈറ്റന്‍സ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
സുധി മാഡിസണ്‍ സംവിധാനം ചെയ്ത് ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ ചിത്രമായ ‘ധൂമകേതു’വിലെ ‘പച്ചക്കുരുതി’ പാട്ട് പുറത്ത്. മുത്തുവിന്റെ വരികള്‍ക്ക് അങ്കിത് മേനോന്‍ ഈണം നല്‍കി ജോര്‍ജ്ജ് പീറ്ററാണ് ആലപിച്ചിരിക്കുന്നത്. ടൈം ട്രാവല്‍ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തില്‍ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ 2026 ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.51 ലക്ഷം രൂപയാണ് (എക്‌സ്- ഷോറൂം) പ്രാംരംഭ വില. ലീഡര്‍ എഡിഷന്റെ 4ഃ2 മാനുവല്‍ പതിപ്പിനാണ് 36.51 ലക്ഷം രൂപ. ഓട്ടോമാറ്റിക് പതിപ്പിന് 38.72 ലക്ഷം രൂപ വരും. വാഹനത്തിന്റെ ബുക്കിങ് 12ന് ആരംഭിക്കും. 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഇതിന് കരുത്തുപകരുന്നത്. 201 ബിഎച്ച്പി കരുത്തും സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം 500 എന്‍എം ടോര്‍ക്കും സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 420 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. ആംബിയന്റ് ലൈറ്റിങ് ആണ് മറ്റൊരു പ്രത്യേകത. ഓട്ടോ ഫോള്‍ഡിങ് ഒആര്‍വിഎമ്മുകളും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റവുമാണ് മറ്റു ഫീച്ചറുകള്‍. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂട്ട് ബ്ലാക്ക് എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്.
ഈ കവിതാ സമാഹാരം, ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രപരമായ പ്രസക്തി തന്നെയാണ് ആത്യന്തികമായി തെളിയിക്കുന്നത്. പാരമ്പര്യങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമിടയില്‍, വ്യക്തിത്വത്തിന്റെയും സര്‍ഗാത്മകതയുടെയും സവിശേഷതകളെ അടയാളപ്പെടുത്താന്‍ തന്നെയാണ് ഏതൊരു കവിയുമെന്നതുപോലെ സാവിത്രിയും സ്വയം ആവിഷ്‌കരിക്കുന്നത്. ആ ആവിഷ്‌കാരം കാലത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ഭാവനയുടെയും ആകാശങ്ങളെ അഭിമുഖീകരിക്കുന്നു എന്നതിനാലായിരിക്കും വായനക്കാരുടെ ലോകത്തും അത് സ്വീകരിക്കപ്പെടുക. ‘സ്നേഹത്തിന്റെ ഇലഞരമ്പുകള്‍’. പി.പി സാവിത്രി. ചിന്ത പബ്ളിക്കേഷന്‍സ്. വില 152 രൂപ.
ഒരു ദിവസം മുഴുവന്‍ നില്‍ക്കാനുള്ള ഊര്‍ജം ഒരു ഏത്തപ്പഴത്തില്‍ നിന്ന് കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ കൂടാതെ, വിവിധതരം രോഗങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വിവിധ എന്‍സൈമുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമാണ്. ഏത്തപ്പഴത്തില്‍ മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തീരെ വ്യായാമമില്ലാത്തവര്‍ ഏത്തപ്പഴം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ കൊളസ്‌ട്രോള്‍ ഇല്ലെങ്കിലും ഇതിലെ അന്നജം ശരീരത്തില്‍ കൊഴുപ്പായി മാറ്റപ്പെടാം. രണ്ടു പഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു. അപ്പോള്‍ സ്വാഭാവികമായും ധാരാളം ഊര്‍ജം ഇത് പ്രദാനം ചെയ്യുന്നുമുണ്ട്. അതേസമയം ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 96.78, പൗണ്ട് – 127.57, യൂറോ – 108.53, സ്വിസ് ഫ്രാങ്ക് – 116.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.54, ബഹറിന്‍ ദിനാര്‍ – 256.24, കുവൈത്ത് ദിനാര്‍ -311.00, ഒമാനി റിയാല്‍ – 251.52, സൗദി റിയാല്‍ – 25.78, യു.എ.ഇ ദിര്‍ഹം – 26.31, ഖത്തര്‍ റിയാല്‍ – 26.59, കനേഡിയന്‍ ഡോളര്‍ – 67.97.
