കനത്ത മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും നിറഞ്ഞ കര്‍ക്കടക മാസം പ്രകൃതിയില്‍ മാത്രമല്ല, മനുഷ്യശരീരത്തിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി ദുര്‍ബലമാകുകയും ചെയ്യുന്ന സമയമാണിത്. കര്‍ക്കടകത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. ശരീരത്തില്‍ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കാം. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ കര്‍ക്കടകത്തില്‍ പ്രധാനം കര്‍ക്കടക കഞ്ഞിയാണ്. കര്‍ക്കടകമാസത്തില്‍ കൂടുതലായി കഴിക്കേണ്ടത് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ചേര്‍ക്കാം. ഇവ ദഹനത്തിന് സഹായിക്കും. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവര്‍പ്പ്, കയ്പ്പ്, എരിവ് എന്നീ രസങ്ങള്‍ കര്‍ക്കടത്തില്‍ കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ കഴിവതും പുറത്തുനിന്നുള്ള ഒഴിവാക്കാം. കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തില്‍ വെച്ച് പുളിക്കുകയും ദഹനക്കേടും അനുബന്ധപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കടകത്തില്‍ കഴിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. കൊതുക് പെരുകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മഴയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ദീര്‍ഘനേരം ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. ചെറുവ്യായാമമോ യോഗയോ ചെയ്യുക. ആവശ്യത്തിന് ഉറങ്ങുക. വ്യക്തിശുചിത്വം പാലിക്കുക എന്നിവയും ഇക്കാലത്ത് പ്രധാനമാണ്.
