2024ല്‍ ലോകത്തുണ്ടായ ആകെ കാന്‍സര്‍ കേസുകളില്‍ 12 ശതമാനത്തിനും പിന്നില്‍ അണുബാധയാവാണെന്ന് ലോകാരോഗ്യ സംഘടന. ‘ദി ലാന്‍സെറ്റ് ഓങ്കോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വിവിധതരം അണുബാധകളും കാന്‍സറും തമ്മിലുള്ള ബന്ധം വിലയിരുത്തിയാണ് പഠനം നടത്തിയത്. 23 ലക്ഷം പുതിയ കാന്‍സര്‍ കേസുകളും അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂരിഭാഗവും വെറും അഞ്ച് രോഗാണുക്കള്‍ കാരണം ഉണ്ടായവയാണ്. ഹെലിക്കോബാക്ടര്‍ പൈലോറി (4%), ഹ്യൂമന്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്.പി.വി (4%), ഹെപ്പറ്റൈറ്റിസ് ബി (2%), എപ്സ്റ്റീന്‍-ബാര്‍ വൈറസ് (1%), ഹെപ്പറ്റൈറ്റിസ് സി (1%ല്‍ താഴെ) എന്നിവയാണവ. ഈ അണുബാധകള്‍ ആമാശയം, കരള്‍, രക്തം, ഗര്‍ഭാശയമുഖം തുടങ്ങിയ ഇരുപതിലധികം കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്ടീരിയകള്‍ അല്ലെങ്കില്‍ പാരസൈറ്റുകള്‍ മൂലമുണ്ടാകുന്ന അണുബാധകളും കാന്‍സറിലേക്ക് നയിക്കാം. എന്നാല്‍ ഇവ വൈറസിനെപ്പോലെ നേരിട്ട് കാന്‍സറിനു കാരണമാവുകയല്ല മറിച്ച് വിട്ടുമാറാത്ത അണുബാധയിലേക്കും അതുവഴി വീക്കത്തിനും ടിഷ്യൂകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവാനും കാരണമാവുകയാണ് ചെയ്യുന്നത്. രണ്ടു സാഹചര്യങ്ങളിലും കോശങ്ങള്‍ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ക്രമേണ കാന്‍സര്‍ സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്. അണുബാധ മൂലമുണ്ടാകുന്ന പല കാന്‍സറുകളും പ്രതിരോധിക്കാവുന്നവ ആണെന്നും ഗവേഷകര്‍ എടുത്തുപറയുന്നുണ്ട്. അതില്‍ പ്രധാനിയാണ് എച്ച്.പി.വി. വാക്‌സിന്‍. വാക്‌സിന്‍ സ്വീകരിച്ചവരില്‍ എച്ച്.പി.വി അണുബാധ 90% കുറഞ്ഞെന്നും ഗവേഷകര്‍ പറയുന്നു.
കാന്‍സര്‍ കേസുകളില്‍ 12 ശതമാനത്തിനും പിന്നില്‍ അണുബാധ
