തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ കേരള സംസ്ഥാന കമ്മിറ്റി. കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശിയാണ് അഭിഭാഷക സ്ഥാപനമായ സുഭാഷ് ചന്ദ്രൻ ആൻഡ് കവിത ലോ അസോസിയേറ്റ്സ് മുഖേന അപേക്ഷ നൽകിയത്.
വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അർഹരായ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകാനുള്ള സാധ്യത, യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഇതര സംസ്ഥാന തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയാണ് അപേക്ഷയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. തെറ്റായി ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകൾ തിരികെ ഉൾപ്പെടുത്തുന്നതിനും പിഴവുകൾ തിരുത്തുന്നതിനും സുതാര്യവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെടുന്നു.
