എൽപിഎസ് ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും അംഗീകരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ല. ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‎
‎കാലടി സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി വിഡി സതീശൻ.  അതേസമയം കോണ്‍ഗ്രസിലെ വിവാദങ്ങളിൽ മറുപടിക്കില്ലെന്നും താനും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. വ്യാജവാര്‍ത്തകളെല്ലാം ഒരു കേന്ദ്രത്തിൽ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‎
‎പഴയ യുഡിഎഫ് ആയി മാറരുതെന്നും അതിനല്ല ജനം വോട്ട് കൊടുത്തതെന്നും ജി സുധാകരൻ എംഎൽഎ. വലിയ അവസരമാണ് യുഡിഎഫിന് മുന്നിൽ ഉള്ളതെന്നും, കെസിയും ചെന്നിത്തലയുമൊക്കെ കഴിവുള്ളവരാണ്. നന്നായി ഭരിച്ചാൽ യുഡിഎഫിന് വീണ്ടും അധികാരത്തിൽ വരാമെന്നും ജി സുധാകരൻ പറഞ്ഞു.
‎
‎കോൺഗ്രസിൽ സൈബർ പോര് രൂക്ഷമായതിനിടെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. 80 വ്യാജ അക്കൗണ്ടുകൾ വഴിയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് വീണ്ടും പരാതി നൽകിയത്.
‎
‎യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍. അഖിലിനെ ഒരു സമരത്തിലും താൻ കണ്ടിട്ടില്ലെന്നും, ജലപീരങ്കിയില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നും നേമം ഷജീർ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ കറങ്ങിനടന്നത് മാത്രമാണ് അഖിലിന്‍റെ യോഗ്യതയെന്നും ഷജീർ പരിഹസിച്ചു.
‎
‎സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.
‎
‎കൊച്ചി നഗരത്തിൽ നടത്തിയ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ടി’ൽ നിയമലംഘനം കണ്ടെത്തിയ 146 വാഹനങ്ങൾക്ക് പിഴ ചുമത്തി. 6,10,250 രൂപയാണ് പിഴയായി ഈടാക്കുക. ഹൈക്കോടതിയുടെ കർശന നിർദേശത്തിന്റെയും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി.
‎
‎18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മദ്യപിച്ച് 19കാരൻ ഓടിച്ച കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
‎
‎ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ അറിയിച്ചു. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക്‌ ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആസൂത്രിത ശ്രമമുണ്ടെങ്കിൽ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം പറഞ്ഞു.
‎
‎ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്‍റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തിയിരുന്നു.
‎
‎എൽപിഎസ്‍ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം തുടരുന്നു. 143-ാം ദിവസത്തിലേക്ക് കടന്ന സമരത്തിൽ ഉദ്യോഗാർത്ഥികളുമായി ഇതുവരെ സർക്കാർ തുടർ ചർച്ചയ്ക്ക് ബന്ധപ്പെട്ടിട്ടില്ല. അധ്യാപക – വിദ്യാർത്ഥി അനുപാതം കുറച്ചില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
‎
‎സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ.
‎
‎ധനരാജ് വധക്കേസിൽ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉൾക്കൊണ്ടിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‎
‎ഇവിഎം അട്ടിമറി ആരോപണത്തില്‍ കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടിങ് മെഷീൻ തിരിമറി നടത്താമെന്ന് അവകാശപ്പെട്ടു ആളെത്തി എന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
‎
‎ചൈനീസ് സൗന്ദര്യവർധക ഉത്പന്നങ്ങളുടെ വിൽപ്പന വ്യാപകമാണെന്ന് ഡ്രഗ്സ് കൺട്രോൾ യൂണിറ്റിന്റെ കണ്ടെത്തൽ. മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപ്പനക്കെത്തിച്ച ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 ഇനം ഉത്പന്നങ്ങൾ കണ്ടെത്തി.
‎
‎ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം വൈകും. ആനയിറങ്കൽ ഡാമിന്റെ മറുകരയിലേക്ക് ആന നീന്തിക്കയറി. അവിടെ വച്ച് മയക്കുവെടി വക്കാൻ അനുയോജ്യം അല്ല. രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവും സജ്ജമാണ്.
‎
‎തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പിൽ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. കുട്ടിയുടെ കയ്യിലുള്ളത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തി. തോക്ക് കൈവശം വച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
‎
‎വെഞ്ഞാറമ്മൂടിന് സമീപം പൊലീസുകാരന്‍റെ വീട്ടിൽ വൻ കവർച്ച. വെമ്പായം കന്യാകുളങ്ങരയിലെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്.
‎
‎തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ ആണ് മരിച്ചത്.  രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.
‎
‎ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട് സ്വദേശിയും ട്രാൻസ്ജെൻഡറുമായ അനുശ്രീ ആണ് പൊതുതാൽപര്യ ഹർജി നൽകിയത്.
‎
‎ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട അലാഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസ് പുതുതായി പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശവും നൽകി.
‎
‎ദില്ലി കേരള ഹൗസിൽ ഇനി മുതല്‍ ‘ഫ്രീ ഫുഡ്’ ഇല്ല. വിവിഐപി ഡ്യൂട്ടിക്കാർക്കും ബിൽ നിർബന്ധമാക്കി. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ചെലവിലാണ് സൗജന്യഭക്ഷണം നൽകിയിരുന്നത്. എന്നാൽ ഇതിന് പ്രത്യേക ഉത്തരവില്ലാത്ത സാഹചര്യത്തിൽ ഇനി ബില്ലിംഗ് നടപടി അനുവദിക്കില്ലെന്നാണ് റസിഡന്റെ കമ്മീഷണർ പൂനീത് കുമാറിന്റെ നിർദ്ദേശം.
‎
‎ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചയിൽ തർക്കം തുടരുന്നതിനിടെ കോൺഗ്രസിന് ശക്തമായ താക്കീതും മുന്നറിയിപ്പുമായി അഖിലേഷ് യാദവ്. ‘വിവേകത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങും’ എന്ന് അഖിലേഷ് വ്യക്തമാക്കി.
‎
‎പാകിസ്ഥാനിലെ പ്രധാനപ്പെട്ട നാല് ഭരണ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവ വിഭജിച്ച് ഭൂപടം മാറ്റിവരയ്ക്കാനുള്ള ശക്തനായ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ നീക്കത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ എതിർപ്പ് ശക്തമാകുന്നു. ഇതിനെതിരെ കറാച്ചിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
‎
‎75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ 19-കാരിയായ കെസിയ ലിസ് മെജോയ്ക്ക് ഇടംപിടിക്കാനായില്ല. ആദ്യ 12-ൽ ഇടംപിടിക്കാനാകാതെ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു. 116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ കിരീടം സ്വന്തമാക്കി. ഡൊമിനിക്ക റിപ്പബ്ലിക്കിന് രണ്ടാം സ്ഥാനവും വെനസ്വേലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
‎
‎ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നൽകേണ്ട സമയം അവസാനിച്ചെങ്കിലും നിലവിലെ അധ്യക്ഷ പിടി ഉഷ നാമനിർദ്ദേശ പത്രിക നൽകിയില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ദില്ലിയിലെ ബിജെപി നേതാവായ വീരേന്ദ്ര സച്ദേവ, മുൻ ഷൂട്ടിംഗ് താരം ഗഗൻ നരംഗ്, മുൻ ഐഒഎ സെക്രട്ടറി ജനറൽ സഞ്ജീവ് മേത്ത എന്നിവരാണ് പത്രിക നൽകിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അഞ്ജു ബോബി ജോർജ് മത്സരിക്കുന്നത്.
‎
‎ഐപിഎല്‍ 2027 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 1,220 താരങ്ങള്‍. 939 പേര്‍ ഇന്ത്യന്‍ താരങ്ങളും 281 പേര്‍ വിദേശ താരങ്ങളുമാണ് പട്ടികയിലുള്ളത്.  ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സും ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
‎
‎ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സെന്റിനും ശക്തമായ വെല്ലുവിളി ഉയർത്താൻ പുതിയ മൈക്രോ എസ്‌യുവിയുമായി രംഗത്തെത്താനൊരുങ്ങി മാരുതി സുസുക്കി. നിലവിൽ വൈ43 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യൻ നിരത്തുകളിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിർത്തലാക്കിയ മാരുതി ഇഗ്നിസിന് പകരക്കാരനായാണ് പുതിയ എസ്‌യുവി എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാരുതിയുടെ വാഹനനിരയിൽ ബ്രെസ്സയ്ക്കും ഫ്രോങ്ക്സിനും താഴെയായിരിക്കും ഇതിന്റെ സ്ഥാനം. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സെന്റ് തുടങ്ങിയ മോഡലുകളുമായാകും പ്രധാന മത്സരം.വാഹനത്തിന്റെ കൃത്യമായ അളവുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. നെക്സ ഡീലർഷിപ്പുകൾ വഴിയായിരിക്കും പുതിയ എസ്‌യുവിയുടെ വിൽപ്പനയെന്നും സൂചനയുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് മാരുതി സുസുക്കി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
‎
‎നവാഗതനായ ഗിരീഷ് വി സി സംവിധാനം ചെയ്യുന്ന വനിത മെസ്സ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത് അഷ്ഫാക്ക് അസ്‌ലം ആണ്. സംവിധായകനും നിർമാതാവുമായ താമറിന്റെ 1001 സ്റ്റോറീസും ഹേസൽ ഐസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹീൻ എം ശരീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു കുടുംബശ്രീ യൂണിറ്റിൽ നടക്കുന്ന സംഭവങ്ങളെ നർമ്മത്തിന്റെയും ഉദ്വേഗത്തിന്റെയും ചരടിൽ കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബീന ആർ ചന്ദ്രൻ, ഇർഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജൻ, അനുഷ ശ്യാം, സുപർണ എൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‎ജസ്റ്റിൻ ഡി ജോസാണ് ഛായാഗ്രഹണം. നിതീഷ് രാമചന്ദ്രൻ സംഗീത സംവിധാനം. പ്രേംശങ്കർ സേതുമാധവൻ ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു. വിപിൻ വിജയലക്ഷ്മി രാജനാണ് കലാസംവിധാനം. ആന്റോ വർഗീസ് വസ്ത്രാലങ്കാരവും അർഷാദ് വർക്കല ചമയവും നിർവ്വഹിക്കുന്നു.
‎
‎ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകും. ഓട്‌സ് ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, വിശപ്പ് തുടങ്ങി പല കാര്യങ്ങളെയും സ്വാധീനിച്ചേക്കാമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി വ്യ‍ക്തമാക്കുന്നു. ഓട്സ് ഒരു സാധാരണ ഭക്ഷണമായി തോന്നാമെങ്കിലും അതിലെ നാരുകളുടെ സാന്നിധ്യം കാരണം സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണിത്. ഓട്‌സിൽ ‘ബീറ്റ-ഗ്ലൂക്കാൻ’ എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് അടങ്ങിയിട്ടുണ്ട്.മോശം കൊളസ്‌ട്രോൾ എന്ന് പൊതുവെ അറിയപ്പെടുന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ നാര് സഹായിക്കും. എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ലയിക്കുന്ന നാരുകൾ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ്.
‎
‎
‎
‎
‎ഇന്നത്തെ സ്വർണ വില
‎
‎ഗ്രാമിന് 11420 രൂപ നിരക്കിലും
‎പവന് 91360 രൂപ നിരക്കിലുമാണ് ഇന്നത്തെ സ്വർണവില
‎
‎
‎ഇന്നത്തെ വിനിമയ നിരക്ക്
‎
‎ഡോളര്‍ – 92.93, പൗണ്ട് – 121.75, യൂറോ – 101.84, സ്വിസ് ഫ്രാങ്ക് – 110.64, ഓസ്ട്രേലിയന്‍ ഡോളര്‍ – 61.65, ബഹ്‌റൈന്‍ ദിനാര്‍ – 247.14, കുവൈത്ത് ദിനാര്‍ – 298.36, ഒമാനി റിയാല്‍ – 241.68, സൗദി റിയാല്‍ – 24.78, യു.എ.ഇ ദിര്‍ഹം – 25.30, ഖത്തര്‍ റിയാല്‍ – 25.53.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *