ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധന ഉണ്ടായേക്കും. സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ ശരാശരി ചാക്ക് ഒന്നിന് ഏഴ് രൂപ വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതും പാക്കേജിംഗ് ചാര്‍ജ് വര്‍ധിച്ചതുമാണ് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികളെ നിര്‍ബന്ധിതരാകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വിലയാണ് സെപ്റ്റംബറില്‍ കൂടിയത്. ട്രേഡ്, നോണ്‍-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില വര്‍ധിച്ചത്. മിക്ക വിപണികളിലും നോണ്‍-ട്രേഡ് വിലകളിലാണ് കൂടുതല്‍ വര്‍ധന ഉണ്ടായത്. സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വില വര്‍ധന ദക്ഷിണേന്ത്യയിലാണ്. ചാക്ക് ഒന്നിന് 11 രൂപയാണ് വര്‍ധിച്ചത്. പശ്ചിമ ഇന്ത്യ ഒന്‍പത് രൂപ വര്‍ധന രേഖപ്പെടുത്തി. മധ്യ, കിഴക്കന്‍, ഉത്തരേന്ത്യ മേഖലകളില്‍ ചാക്ക് ഒന്നിന് അഞ്ചു രൂപ വീതമാണ് വില കൂടിയത്.
