സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ച നടത്താനായി മുഖ്യമന്ത്രി വി ഡ‍ി സതീശൻ ഇടപെട്ടു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണ്ണായക നീക്കം.വളർമതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാൽ നിർമ്മാണത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എൽ.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ പാലത്തിന്റെ പിതൃത്വത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്.

 

പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യുഹാനോൻ മർ ദീയസ്കോറസ്. തർക്കം നിലനിൽക്കുന്നതിനാലാണ് മണർകാട് പ്രവേശിക്കരുതെന്ന് പറഞ്ഞത്.സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

 

‎റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. വാഹനത്തിന്റെ കളറിൽ അല്ല കാര്യം അപകടകരമായ ഡെക്കറേഷൻസ് ആണ് പ്രശ്നമെന്നും വിഡി സതീശൻ പറഞ്ഞു.

‎റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്നും റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെയാണ്. നമ്മുടെ സുരക്ഷ മറ്റൊരാളുടെ കയ്യിൽ അല്ലെന്നും പരിപാടിയിൽ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു.

 

‎തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് തള്ളിയ സംഭവത്തിൽ പുനരന്വേഷണം ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ദേവസ്വം പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നുവെന്നും തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാർ. പൂരത്തിന് എന്ത് സംഭവിച്ചു എന്ന് മാധ്യമങ്ങൾക്കടകം അറിയാം. അക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രി പരിശോധിച്ചതിൽ സന്തോഷമെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു.‎

 

 

‎സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചിലകാര്യങ്ങളിൽ മാത്രമാണെന്ന് മുതിർന്ന ആർഎസ്‍പി നേതാവ് എ എ അസീസ്. സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷനുകളുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ല. ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എ എ അസീസ് പറഞ്ഞു.

 

‎കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് കെപിസിസി സെക്രട്ടറിയും മുൻ എം പി രാമറായിയുടെ മകനുമായ സുബ്ബയ്യ റായി പരാതി നൽകി. ഫൈസൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നു. ഡിസിസി ഓഫീസിന്‍റെ മൂന്നാം നിലയ്ക്ക് വേണ്ടി അന്തരിച്ച രാമറായിയുടെ പേരിടാൻ 20 ലക്ഷം നൽകാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.

‎

‎പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസൽ എന്നും സുബയ്യ റായ്‍യുടെ പരാതി ഗൗരവമുള്ളതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. പരാതിയിൽ അന്വേഷണം നടക്കണം, കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം പണിയുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ഒന്നും കൂടിയിട്ടില്ലെന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

‎

‎തനിക്കെതിരേ ഉയർന്ന സാമ്പത്തിക ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാസർകോട് ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസൽ. താൻ ഡിസിസി അധ്യക്ഷനായ ശേഷം സുബ്ബയ്യ റായി ഒരൊറ്റ ഡിസിസി യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല, ഒരു ഘട്ടത്തിലും സുബ്ബയ്യറായിയുമായി ആശയവിനിമയം നടത്തിയിട്ടില്ല അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവ് കൊണ്ടുവരണമെന്നും സുബ്ബറായിക്കെതിരേ എഐസിസിക്കും കെപിസിസിക്കു പരാതി നൽകുമെന്നും ഫെെസൽ പറഞ്ഞു.

 

‎പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതായി പരാതി. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബിജെപി നേതാവും മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യക്കാണ് താൽക്കാലിക നിയമനം നൽകിയത്.

‎

‎കോഴിക്കോട് ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. പത്തുവയസ്സുകാരിയെ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി.

 

‎കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്.‎

 

തിരൂരങ്ങാടി ചെറുമുക്കിൽ 13-കാരൻ ജുനൈദ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു

 

‎വയോധികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു. കാറിടിച്ചതിന് ശേഷം വാഹനം നിർത്താതിരുന്ന പ്രതി, കാറിനടിയിൽ കുരുങ്ങിയ വയോധികനെ രണ്ട് കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്.

 

ശബരിമലയിൽ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. പോലീസ് മെസ്സിലേക്ക് ഉൾപ്പെടെയുള്ള ജലവിതരണമാണ് ഇതോടെ തടസ്സപ്പെട്ടത്. സംഭവത്തിന് പിന്നിൽ സംഘടിതമായ അട്ടിമറി ശ്രമമുണ്ടെന്നാണ് സംശയം.

 

പേരൂർക്കട ആശുപത്രിയിലെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വിശദീകരണം തേടി. വാർഡ് അണുവിമുക്തമാക്കാനും അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. രോഗികളുടെ സുരക്ഷയിലും ശുചിത്വത്തിലും വീഴ്ച അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

‎കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബര്‍ 12 ന് നടന്ന അപകടത്തില്‍ മരിച്ചത്.

‎

‎മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ കവർച്ച നടത്തിയത് കാമുകിക്ക് വീട് പണിയാനെന്ന് പൊലീസ്. നിഷാന്ത് മോഷണം നടത്തിയത് സുഹൃത്ത് മീനാക്ഷിക്ക് വേണ്ടിയെന്നും കണ്ടെത്തൽ. ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചിൽ തുടരുകയാണ്.

‎

‎രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ, ദാവീന്ദർ സിങ് എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും(എടിഎസ്) ശ്രീ ഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടിയത്.‎

 

‎ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിന് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സഖ്യകക്ഷികളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

 

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അമിത്ഷായും കിരൺ റിജിജുവും.രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചു. ഇന്ത്യ വിരുദ്ധ നീക്കങ്ങളാണ് ഭാരത് സമ്മിറ്റ് ചർച്ച ചെയ്തതത്. എത്ര ശ്രമിച്ചാലും 30 വർഷത്തേക്ക് നിങ്ങൾ അധികാരത്തിലെത്തില്ലെന്നും അമിത് ഷാ. ഇസ്രയേൽ രാഷ്ട്രീയ നേതാവിൻ്റെ ഇന്ത്യ വിരുദ്ധമുദ്രാവാക്യത്തിലാണ് വിമർശനം.

 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമാകുന്നതോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രത്യേക മുൻഗണന ലഭിക്കുമെന്നതാണ് ഇതിലെ പ്രധാന വാഗ്ദാനം. ഈജിപ്ത് സന്ദർശനത്തിനിടെ കെയ്റോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിനുനേരെ അക്രമികൾ വെടിവെച്ച സംഭവത്തെത്തുടർന്ന്, ബോളിവുഡിലെ നിരവധി പ്രമുഖർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മുംബൈ പോലീസ്. രണ്ട് ബോളിവുഡ് നടന്മാർക്ക് വൈ-പ്ലസ് സുരക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

സർക്കാർ പരിപാടിയിൽ സംസാരിക്കാൻ അവസരം കിട്ടാത്തതിൽ പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനം. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ തുടങ്ങിയ എംഎൽഎ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം.

 

വീടിന് മുന്നിൽ നിർത്തിയ ഡി.ജെ വാഹനത്തിലെ കാതടപ്പിക്കുന്ന സംഗീതത്തിന്റെ തീവ്രതമൂലം നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം…കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

 

ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ പ്രതിരോധ സേന വിജയകരമായി തകർത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഈ നീക്കങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് പ്രതിരോധം ശക്തമാക്കുമെന്നും ഇറാനാണ് ഇതിന്റെ ഉത്തരവാദിയെന്നും മുന്നറിയിപ്പ് നൽകി.

‎

‎സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി സഖ്യസേന പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ മൂന്ന് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.

 

ചൈനീസ് ചാരവൃത്തി ആരോപിക്കപ്പെട്ട എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന ആലിസ് ഹുവാങുമായി സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡിന് യാതൊരുബന്ധവുമില്ലെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ആലീസ് ഹുവാങ് 2025 ഓഗസ്റ്റ് 30-ന് മെഗാസ്പീഡ് വിട്ടതായും നിലവിൽ കമ്പനിയിൽ അവർക്ക് യാതൊരു പങ്കുമില്ലെന്നും കമ്പനി വ്യക്തമാക്കി.

 

‎ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകി. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി വരണാധികാരി തള്ളി.

 

ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 22 റൺസിന്‍റെ ആവേശജയവുമായി അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറിൽ 209 റൺസിന് ഓൾ ഔട്ടായപ്പോൾ, 210 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 48.1 ഓവറിൽ 187 റൺസിന് പുറത്തായി.

 

സ്‌പെയ്‌നില്‍ വംശീയതയില്ലെന്ന്‌ ഇംഗ്ലണ്ട്‌ പരിശീലകനോട്‌ ആരെങ്കിലും പറഞ്ഞു കൊടുക്കൂ എന്ന്‌ സ്‌പെയിന്‍ മാനേജര്‍ ലൂയിസ്‌ ഡി ലാ ഫ്യുന്റെ പറഞ്ഞതാണ്‌ വലിയ ചര്‍ച്ചയായത്‌. മാഡ്രിഡില്‍ വെച്ച്‌ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്‌ മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ ഫ്യുന്റെ ഇംഗ്ലണ്ട്‌ മാനേജര്‍ തോമസ്‌ ടുഹേലിന്‌ മറുപടി നല്‍കിയത്‌.

 

നിക്ഷേപതന്ത്രത്തിൽ കാര്യമായ മാറ്റം വരുത്തി ചെറുകിട നിക്ഷേപകർ. മധ്യനിര, ചെറുകിട ഓഹരികളിലെ നിക്ഷേപവിഹിതം കുറച്ച് വൻകിട ഓഹരികളിലേക്ക് കൂടുമാറുകയാണ് റീട്ടെയിൽ നിക്ഷേപകർ. ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത 4,729 കമ്പനികളിലെ ഓഹരി ഉടമസ്ഥതാവിവരങ്ങൾ വിശകലനം ചെയ്താൽ രണ്ടാംപാദത്തിൽ പകുതിയോളം ചെറുകിട കമ്പനികളിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞതായി കാണാം.

 

നിസ്സാൻ ഇന്ത്യയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നു. രണ്ട് എസ്‌യുവികളും ഒരു എംപിവിയും ഉൾപ്പെടുന്ന പരിമിതമായ വാഹനനിരയാണ് കമ്പനിക്കുള്ളത്. ഇതിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും പഴക്കമേറിയതും ദീർഘകാലമായി വിൽപ്പനയിലുള്ളതുമായ മാഗ്നൈറ്റ് തന്നെയാണ് വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയത്. 5.69 ലക്ഷം രൂപയാണ് മാഗ്നൈറ്റിന്റെ പ്രാരംഭ വില.

 

ഇന്ത്യൻ കമ്പനികൾക്ക് ആശ്വാസമായി നിർണായക പ്രഖ്യാപനവുമായി ഓപ്പൺഎഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കമ്പനികളുടെ വിവരങ്ങൾ ഇനി ഇന്ത്യയിൽത്തന്നെ പ്രോസസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതോടെ ബിസിനസ് സ്ഥാപനങ്ങളുടെ സുപ്രധാന വിവരങ്ങളും എഐ പ്രവർത്തനങ്ങൾക്കായുള്ള കമ്പ്യൂട്ടിങ് പ്രക്രിയയും വിദേശ സെർവറുകളിലേക്ക് അയക്കാതെ രാജ്യത്തിനുള്ളിൽത്തന്നെ കൈകാര്യം ചെയ്യാൻ സാധിക്കും. ഇൻഫറൻസ് എന്നറിയപ്പെടുന്ന എഐ മോഡലിന്റെ കംപ്യൂട്ടിങ് പ്രവർത്തനങ്ങളും ഇനി ഇന്ത്യയിൽത്തന്നെ നടക്കും.

 

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ വിജയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.

 

ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ധിഖ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മുഴുനീള കോമഡി ഫാമിലി എന്റർടെയ്നർ ഡിസംബറിൽ തിയേറ്ററുകളിലേക്ക്. പൊള്ളാച്ചിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഹൊറൈസൺ എന്റർടെയ്ൻമെൻസിന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ് ‘തേവർ’.

 

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ധാതുക്കൾക്ക് പ്രധാന പങ്കുണ്ട്. എന്നാൽ, തങ്ങൾക്ക് ആവശ്യമായ അളവിൽ ധാതുക്കൾ ലഭിക്കുന്നില്ലെന്ന് പലരും തിരിച്ചറിയാറില്ല. ചില ധാതുക്കളുടെ കുറവ് ആരോഗ്യത്തെ ബാധിക്കുകയും വിവിധ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. ക്ഷീണം, പേശിവലിവ് (muscle cramps) എന്നിവ മുതൽ രോഗപ്രതിരോധ ശേഷി, തൈറോയ്ഡ് പ്രവർത്തനം, എല്ലുകളുടെ ആരോഗ്യം, ഊർജ്ജ നില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

 

ദിവസവും നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും സഹായിച്ചേക്കാമെന്ന് പഠനം. ഒരു പിടി നിലക്കടല എന്നത് വെറുമൊരു ലഘുഭക്ഷണം മാത്രമല്ല. ഉപ്പ് ചേർക്കാത്തതും തൊലിയോടെ വറുത്തതുമായ നിലക്കടല ദിവസവും കഴിക്കുന്നത്, പ്രായമായവരിൽ, പ്രത്യേകിച്ച് ഓർമ്മശക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണത്തെ ഗുണപരമായി സ്വാധീനിച്ചേക്കാമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.

 

 

‎

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *