മദ്ധ്യാഹ്ന വാർത്തകൾ 20261114 204915 0000

 

 

കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കാലാനുസിതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നും കോടതി വ്യക്തമാക്കി.

 

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആവശ്യങ്ങൾ നടപ്പാക്കാതെ ഐസിയുവിൽ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവർ. അതേസമയം, പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് സമരസമിതിക്കും ഡിവൈഎഫ്ഐക്കും എതിരെ പൊലീസ് കേസെടുത്തു.

 

സ്കൂളുകളിൽ ബാല​ഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിൻവലിച്ചത്. സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നേരത്തേ റിപ്പോർട്ട് തേടിയിരുന്നു.

 

സഭ ഐക്യത്തിനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ ആഹ്വാനത്തിൽ ഉപാധികൾവെച്ച് ഓർത്തഡോക്സ് സഭ. പാത്രിയാർക്കീസ് ബാവ ഓർത്തഡോകസ് സഭ ആസ്ഥാനത്ത് വന്ന് അധ്യക്ഷനുമായി ചർച്ചകൾക്ക് തയ്യാറാകുകയാണ് ആദ്യം വേണ്ടതെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. എല്ലാ മറന്നേക്ക് എന്ന് പറഞ്ഞ് ശൂന്യതയിൽ നിന്ന് ചർച്ചയ്ക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.

 

ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം നേതാവ് പി. രാജീവ് ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തുടർപ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

തിരുവനന്തപുരം ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്ന് വയനാട്ടിൽ വെച്ചാണ് അതിവിദഗ്ദ്ധമായി പിടികൂടിയത്.കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘമാണ് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവര്‍ന്നത്.

 

കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതികാര നടപടിയെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. പരീക്ഷയ്ക്ക് മുൻപുള്ള ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.

 

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റാ ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നിശാന്തിനായി തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

വ്യാജ കോടതി ഉത്തരവുകളുടെ പേരിൽ വെബ്സൈറ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. ടെലികോം സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടി. ജൂലൈ 21, സെപ്തംബർ 2 തീയതികളിലായാണ് വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ 129 വാതുവെപ്പ് സൈറ്റുകൾ തടഞ്ഞ് കേന്ദ്ര ടെലികോം വകുപ്പിന് അബദ്ധം പറ്റിയത്.

 

2024-ൽ ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ നിശ്ശബ്ദ അനുമതിയോടെയാണ് ഹസീന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് ബി.ബി.സി ബംഗ്ലാ റിപ്പോർട്ട് ചെയ്തു.

 

ഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. പോളണ്ട് സ്വദേശിയായ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗാണ് ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതി.

 

കാവേരി നദിക്ക് കുറുകെ മേകദാതു അണക്കെട്ട് നിർമിക്കുന്നതിനെച്ചൊല്ലി കർണാടകയിലെയും തമിഴ്‌നാട്ടിലെയും കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മേകദാതു പദ്ധതിക്ക് ആവശ്യമായ നിയമപരമായ അനുമതികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

 

ഇന്ത്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാകിസ്താൻ മന്ത്രിയെത്തും. പാകിസ്താനെ പ്രതിനിധീകരിച്ച് കേന്ദ്ര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഏകോപന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക് പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

 

2002ലെ സബർമതി ട്രെയിൻ തീവെപ്പിനെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശങ്ങളെ പൂർണ്ണമായും തള്ളി മുൻ എസ്ഐടി തലവൻ രാകേഷ് അസ്താന. കൂടാതെ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ ഓർമ്മക്കുറിപ്പിൽ അവഗണിച്ചതിൽ കോൺഗ്രസിനുള്ളിലും വലിയ അതൃപ്തി പുകയുകയാണ്.

 

മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ തടസ്സം മുതലെടുത്ത് ഉപയോക്താക്കളെ കബളിപ്പിക്കാൻ ഹാക്കർമാർ ഫിഷിങ് ആക്രമണം നടത്തുന്നതായി കമ്പനി മുന്നറിയിപ്പ് നൽകി. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ തട്ടിയെടുക്കുകയാണ് ആക്രമണകാരികളുടെ ലക്ഷ്യം.

 

ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കാനുള്ള സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ധാരണയായെന്നും ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. താരിഫ് നിരക്കുകൾ ഉൾപ്പെടെയുള്ള പ്രധാന തർക്കവിഷയങ്ങൾ പരിഹരിച്ചതായും കരാർ ഉടൻ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

 

സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ഇന്ത്യക്കായി മലയാളി താരം വിഷ്ണു പി.വിയും ക്യാപ്റ്റൻ ചിൻഗ്ലെൻസെന കോൻഷമും ഗോൾ നേടി. കിങ്‌സാങ് താഷിയാണ് ഭൂട്ടാന്റെ ഗോൾ സ്‌കോറർ.

 

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് കിരീടം.പാകിസ്ഥാന്‍ ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് ലക്ഷ്യത്തിലെത്തിയത്.

 

ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി സൂര്യകുമാര്‍ യാദവ്. സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 15 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി മുംബൈയെ വിജയത്തിലേക്ക് നയിച്ചു.

 

നിക്ഷേപതന്ത്രത്തിൽ കാര്യമായ മാറ്റം വരുത്തി ചെറുകിട നിക്ഷേപകർ. മധ്യനിര, ചെറുകിട ഓഹരികളിലെ നിക്ഷേപവിഹിതം കുറച്ച് വൻകിട ഓഹരികളിലേക്ക് കൂടുമാറുകയാണ് റീട്ടെയിൽ നിക്ഷേപകർ. ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത 4,729 കമ്പനികളിലെ ഓഹരി ഉടമസ്ഥതാവിവരങ്ങൾ വിശകലനം ചെയ്താൽ രണ്ടാംപാദത്തിൽ പകുതിയോളം ചെറുകിട കമ്പനികളിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞതായി കാണാം.

 

സാമ്പത്തിക അനിശ്ചിതത്വവും പ്രവർത്തനച്ചെലവുകളും കൂടുന്ന സാഹചര്യത്തിൽ കമ്പനികൾ സ്ഥിരനിയമനങ്ങൾ ഒഴിവാക്കി താത്കാലിക നിയമനത്തിലേക്ക് മാറുന്നു. ബി.എസ്.ഇ.യിൽലിസ്റ്റ് ചെയ്ത 353 കമ്പനികളുടെ വാർഷികറിപ്പോർട്ടിലെ കണക്കുകൾ വിലയിരുത്തിയാണ് ഈ കണ്ടെത്തൽ. ഈ കമ്പനികളിലെ ആകെ ജീവനക്കാരിൽ താത്കാലിക ജീവനക്കാരുടെ വിഹിതം 17 ശതമാനമായി. 2023 സാമ്പത്തികവർഷത്തിൽ ഇത് 10.5 ശതമാനം മാത്രമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ 14.8 ശതമാനം (2024), 16.5 ശതമാനം (2025) എന്നിങ്ങനെ കൂടിയശേഷമാണ് 17 ശതമാനത്തിലെത്തിയത്.

 

വാട്സാപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങളും ഇനി വായിച്ചുകഴിഞ്ഞാൽ അപ്രത്യക്ഷമാവും. ടെക്സ്റ്റ് സന്ദേശങ്ങൾക്കുവേണ്ടി വാട്സാപ്പ് പുതിയ ‘വ്യൂ വൺസ്’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് മെസേജുകൾ എന്നിവയ്ക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഒരിക്കൽ മാത്രം വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാൻ സാധിക്കും.

 

ആപ്പിളിന്റെ ഫോൺനിരയിലേക്ക് ആദ്യമായി അവതരിപ്പിച്ച മടക്കാൻ സാധിക്കുന്ന ഫോണായ ഐഫോൺ ഡ്യൂവോ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഇണങ്ങുന്ന ഒരുലക്ഷത്തിലധികം ആപ്പുകൾ ആപ്പ് സ്റ്റോറിൽ ലഭ്യമായതായി ആപ്പിൾ അറിയിച്ചു. പുതിയ ഫോൺ ഫോർമാറ്റിലേക്ക് ഡെവലപ്പർമാർ വളരെ വേഗത്തിൽ മാറുന്നുണ്ടെന്നുംപ്രതിദിനം ആയിരക്കണക്കിന് ആപ്പുകളിൽ മാറ്റം വരുത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

 

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫിറ്റ്നസ് ട്രെയിനറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവിനെയാണ് വിവാഹം ചെയ്തത്. ഡോംബിവലിയിലെ മാർ തോമ പളളിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

 

 

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഓമി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലർ ചിത്രം ഒരു പക്കാ എന്റർടെയ്നറായിരിക്കുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. വനമേഖലയുടെ പശ്ചാത്തലത്തിൽ അധികാരവും സംഘർഷവും കുറ്റകൃത്യങ്ങളും പ്രതികാരവും ചേർന്ന തീവ്രമായ ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്നും ട്രെയിലർ ഉറപ്പു നൽകുന്നു. രാജ് കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും.

 

പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ ഊർജ്ജത്തിന്റെ നിയന്ത്രണം അത്യാവശ്യമാണ്. കൂടുതൽ അളവിൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ ചെറിയ അളവിൽ അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കാതെയും തീരെ താഴ്ന്ന് പോകാതെ ഇരിക്കാനും സഹായിക്കും. ഭക്ഷണത്തിന്റെ അളവ്, കഴിക്കുന്ന സമയം, ആഹാരം പാചകം ചെയ്യുന്ന രീതി തുടങ്ങിയ പല ഘടകങ്ങളും പഞ്ചസാരയുടെ നിലയെ ബാധിക്കും.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *