കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. ഈ സ്ഥലത്ത് നിന്ന് കുട്ടിയുടെ വസ്ത്രവും ചെരിപ്പും പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. സംഭവത്തിൽ അസഫാക് മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി
