ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാര്‍ശയിന്മേൽ സര്‍ക്കാരിൽ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്കിയതായി റിപ്പോർട്ട്. നടന്നത് വൻഗൂഢാലോചനയാണെന്നും അതിന്റെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി.
ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്.
ശബരിമലയിലെ വസ്തുക്കൾ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഒരു ഉന്നത ഉദ്യോഗസ്ഥൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിരുന്നുവെന്ന് ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സിആർ രാധാകൃഷ്ണൻ. 2019ലാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വസ്തുവകകൾ പരിശോധിക്കുന്നതിന് അധികമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു, എന്നാൽ അന്നത്തെ പ്രസിഡന്റ് ഇക്കാര്യം ഗൗരവമായി എടുത്തില്ലെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി.
എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്നും ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു.
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് ആവര്‍ത്തിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.
പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സിസ്റ്റർ പറഞ്ഞു.
കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഇത് മാറാൻ പാടില്ല. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു
ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂൾ വാഹനത്തിൽ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസിൽ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നൽകി.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. യോഗനാദം പുതിയ ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ് ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ നടപടി.
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി. കെ മുരളീധരന്‍ പിന്തുണച്ചവരെ തഴഞ്ഞതിലാണ് അതൃപ്തി. കെ എം ഹാരിസിനെ ഒഴിവാക്കിയതിലാണ് കെ മുരളീധരന്‍ അമർഷം രേഖപ്പെടുത്തിയത്. അതേസമയം കെപിസിസി ഭാരവാഹിയാക്കാത്തതിൽ ചാണ്ടി ഉമ്മൻ അനുകൂലികളും അതൃപ്തരാണ്. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പ്രതികരിച്ചിരുന്നു.
കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി മുൻ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തിൽനിന്നുള്ള ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച, പിന്നോക്ക സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിക്ക് കെപിസിസി വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് നിയോഗിച്ച പാർട്ടി നേതൃത്വത്തോടും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോടും കെപിസിസി നേതൃത്വത്തോടും രമ്യ നന്ദിയും കടപ്പാടും അറിയിച്ചു.
ഗ്രനേഡ് ഉപയോഗിക്കാനുള്ള പരിശീലനത്തിന് എത്താൻ പൊലീസുകാർക്ക് വടകര റൂറൽ എസ്പിയുടെ ഉത്തരവ്. എസ്എച്ച്ഒ, എസ്ഐ തുടങ്ങി പരമാവധിഉദ്യോഗസ്ഥർ എത്തിച്ചേരാനാണ് നിർദ്ദേശം. ഇന്ന് ജില്ലാ ഹെഡ് ക്വാട്ടേഴ്സിൽ എത്തി പരിശീലനം നേടാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിർദ്ദേശം. പിന്നാലെ എസ്പിയുടെ ഉത്തരവിനെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഡിവൈഎസ്പി മാർക്കും പരിശീലനം നൽകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പേരാമ്പ്ര സംഘർഷത്തിനിടെ ഗ്രനേഡ് പൊട്ടി ഡിവൈഎസ്പിക്ക് പരിക്കേറ്റിരുന്നു.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് എന്നിവ വഴി അപേക്ഷ നല്‍കാം.
വയനാട് തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതികളിൽ 2.09 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന 1063 ഫയലുകൾ പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. 7 കോൺട്രാക്ടർമാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും പറയുന്നു. ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ അന്വേഷണം റിപ്പോർട്ട് 21ന് സമർപ്പിക്കും. കേസിൽ 8 എഫ്ഐആർ രജിസ്റ്റർ ചെയ്തു.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിനു തുറക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. ഹൈക്കോടതി അനുമതിയോടെയാണ് നടപടി. അതേസമയം ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേൽശാന്തിയുടെ സാധ്യത പട്ടികയിൽ ഉള്ളത്.
ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവലായ ‘യാനം’ ഇന്ന് വർക്കലയിൽ ആരംഭിക്കും. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമാകും. വൈകിട്ട് 3.30 ന് വർക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19 വരെയാണ് മേള.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ 16 വരെയുള്ള ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,92,22,035 രൂപ. 2 കിലോയിലേറെ സ്വർണവും 9 കിലോഗ്രാമിലേറെ വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെയും 1000 രൂപയുടെയും 5 വീതവും അഞ്ഞൂറിന്‍റെ 21ഉം കറൻസി ലഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. തൃശൂരിൽ ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു.
കൊങ്കൺ റെയിൽവേ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. സാധാരണയിലും 10 ദിവസം നേരത്തെയാണ് ഇത്തവണ സമയക്രമത്തിലെ മാറ്റം വരുന്നത്. പുതിയ സമയക്രമം ഒക്ടോബർ 21, ചൊവ്വാഴ്ച മുതൽ മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണ് ഈ മാറ്റം.
അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ കാരപ്പറമ്പ് ശാഖയില്‍ അക്കൗണ്ടുളള കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും നാലേകാല്‍ ലക്ഷം രൂപ നഷ്ടമായത്. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഹാക്ക് ചെയ്താകാം തട്ടിപ്പെന്ന സംശയത്തിലാണ് പോലീസ്.
കണ്ണൂർ തളിപ്പറമ്പിലെ മുളങ്ങേശ്വരം ശിവക്ഷേത്രത്തിലെ അധികാര തർക്കത്തില്‍ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന് കോടതിയുടെ നിർദ്ദേശിച്ചു. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് നടപടിക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തൽസ്ഥിതി തുടരാനാണ് കോടതിയുടെ നിർദ്ദേശം.
പാലക്കാട് പല്ലൻചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം പൊലീസ് കണ്ണാടി സ്കൂളിലെത്തി അധ്യാപകരിൽ നിന്ന് മൊഴി എടുത്തുപാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ അർജുൻ ആത്മഹത്യ ചെയ്തതിൽ അധ്യാപകർക്ക് പങ്കില്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയത്.
ചേർത്തലയിലെ വിവാദമായ ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ സെബാസ്റ്റ്യൻ മൂന്ന് കൊലപാതകക്കേസിൽ പ്രതിയായി. ഐഷ കേസിൽ ചേർത്തല പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഐഷയെയും കൊലപ്പെടുത്തിയെന്നാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെയും ചേർത്തല സ്വദേശി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസിൽ സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂർ കുന്നംകുളത്ത് ഹെർണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുന്നംകുളം പൊലീസാണ് കേസെടുത്തത്. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് മരിച്ചത്. മരിച്ച ഇല്ല്യാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. സതീഷിനെതിരെ ചുമത്തിയ കൊലപാതക കുറ്റത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സതീഷ് നിലവിൽ റിമാൻഡിലാണ്.
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയെയാണ് രണ്ട് മാസം മുൻപ് കാണാതായത്. 45 വയസായിരുന്നു. സംഭവത്തില്‍ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പൊലിസ് പിടികൂടി. വള്ളിയെ ഉൾവനത്തിൽ കുഴിച്ചിട്ടതായാണ് പഴനി പൊലിസിനോട് പറഞ്ഞത്.
തമിഴ്നാട് ദിണ്ടിഗൽ ജയിലിൽ പാർപ്പിച്ചിരുന്ന മലയാളി തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശി വർഗീസ് (42) ആണ് മരിച്ചത്. മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂർ സെൽവത്തിന്റെ സഹായി ആയിരുന്നു വർഗീസ്. കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത വർഗീസിനെ ഇന്നലെ ആണ് ദിണ്ടിഗൽ ജില്ലാ ജയിലിൽ അടച്ചത്. ജയിലിൽ കുഴഞ്ഞുവീണ വർഗീസിനെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു.
തമിഴ്നാട് കോയമ്പത്തൂരിൽ ഭീതി പരത്തിയ ആളെക്കൊല്ലി കൊമ്പൻ റോളക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒറ്റയാനെ പ്രത്യേക ദൗത്യസംഘം മയക്കുവെടി വച്ച് തളച്ചു. 4 കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. കഴിഞ്ഞ മാസം ആനമല കടുവ സങ്കേതത്തിലെ വെറ്ററിനറി ഓഫീസർ വിജയരാഘവനെ ആക്രമിച്ചതിനെ തുടർന്ന് ദൗത്യം നിർത്തിവച്ചിരുന്നു. എന്നാൽ, വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തിയതോടെ ആനയെ പിടികൂടാൻ ശ്രമം തുടങ്ങുകയായിരുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇടപെടലുമായി സുപ്രീം കോടതി. അതീവഗുരുതരമായ പ്രശ്നമാണ് ഡിജിറ്റൽ അറസ്റ്റെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും നോട്ടീസ് അയച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹരിയാനയിൽ നിന്നുള്ള മുതിർന്ന പൗരന്‍റെ പരാതിയിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
സംസ്ഥാനത്തിനുള്ളിൽ കന്നുകാലികളെ കൊണ്ടുപോകുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പറഞ്ഞു. ഗോവധ നിയമപ്രകാരം ആളുകളെ കെണിയിലാക്കുന്ന നിരവധി കേസുകൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. ഗോവധ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടും പൊലീസ് ഡയറക്ടറോടും കോടതി നിർദ്ദേശിച്ചു.
കേസ് ഒത്തുതീർപ്പാക്കാൻ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചാപ് റോപ്പർ റേഞ്ച് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറെയും ഇടനിലക്കാരനെയും സിബിഐ മൊഹാലിയിലെ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഇരുമ്പ് വ്യാപാരി പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം ഒക്ടോബർ 28 വരെ തുടരും.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരിച്ച സർക്കാർ വൃത്തങ്ങൾ. എണ്ണ ഇറക്കുമതിയിൽ ഒരു മാറ്റവും തല്‍ക്കാലം ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബറിൽ ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെക്കാൾ കൂടുലാണ് എന്നാണ് കണക്കുകൾ. അതേസമയം, വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ യുഎസിലെത്തി.
