തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്കി. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മേയറുടെ വാദങ്ങളെ എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍ യദു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയത് മേയറാണെന്നും കെഎസ്ആർടിസി ഡ്രൈവര്‍ യദു പ്രതികരിച്ചു. അതോടൊപ്പം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് മേയർ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.