തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ. തെരഞ്ഞെടുപ്പ് ഫലം ഇത്തരം സ്ഥാനാർത്ഥികൾ അട്ടിമറിയ്ക്കുന്നുവെന്ന് ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു  ഇന്ന് കോടതിയിൽ ഹർജി പരാമർശിക്കവേ ഉന്നയിച്ചു. തുടർന്നാണ് ഉടനടി ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്നും അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  പ്രതിദിന ഉപഭോഗം  10.1 ദശലക്ഷം യൂണിറ്റ് കടന്നു അതിനാൽ കൂടുതൽ വൈദ്യുതി എത്തിക്കുമെന്നും ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടിയുണ്ടാകുമെന്ന് മുന്നിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ട്. ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്.

ബിജെപിയില്‍ ചേരാൻ ഇപി ജയരാജൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ പറഞ്ഞു.

 

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍. ആരെങ്കിലും ബി.ജെ.പിയില്‍ പോയി ചേരുമോയെന്നും, ശോഭ പറയുന്ന ഹോട്ടലില്‍ ഇതേ വരെ പോയിട്ടില്ല. അവര്‍ പറയുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശീര്‍വാദത്തോടെയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ജാവദേക്കറും ഇപി യും തമ്മിലുള്ള കൂടിക്കാഴ്ച്ച  ബിജെപിയിലേക്ക് ചേരുന്ന കാര്യം ചര്‍ച്ച ചെയ്യാനല്ല എന്നും നന്ദകുമാർ പറഞ്ഞു. കൂടാതെ ശോഭ സുരേന്ദ്രൻ പറയുന്നതെല്ലാം കള്ളമാണെന്നും രണ്ടുമൂന്ന് ദിവസത്തിനകതം ഇതെല്ലാം പൊളിയുമെന്നും നന്ദകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ .  തർക്കമുണ്ടായത്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് ചോദിക്കാന്‍ ഇറങ്ങിയതെന്നും, സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ക്ഷുഭിതനായി, ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും മേയർ ആരോപിച്ചു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങളെ എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍ യദു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയത് മേയറാണെന്നും കെഎസ്ആർടിസി ഡ്രൈവര്‍ യദു പ്രതികരിച്ചു. വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ യദു, മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും, അന്ന് തന്നെ മേയര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യദു കുറ്റപ്പെടുത്തി.

 

മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് മേയർ കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 

സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എല്‍ഡിഎഫ് പരസ്യത്തില്‍ വിശദീകരണവുമായി പത്രം എംഡി ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുത്. പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് പരസ്യം തന്നില്ല. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

 

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത്  നിയമം വിധേയമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസ്. സ്വത്ത് അവകാശം സംബന്ധിച്ച് ശരിയത്ത് നിയമത്തിന് പകരം ഇന്ത്യൻ പിന്തുടർച്ച അവകാശ നിയമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ സഫിയ പിഎം ആണ് ഹർജി നൽകിയത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നീരീക്ഷിച്ചതിനെ തുടർന്ന് കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിൽ കോടതി വിശദമായ വാദം ജൂലൈയിൽ കേൾക്കും.

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരായിരുന്നു അരവിന്ദാക്ഷനും ആന്‍റണിയും. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ഇതുവരെയും മരിച്ച നിലയില്‍ അദ്യം കണ്ടത്.  ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്നാണ് കണ്ടെത്തിയത്. അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

 

കെഎസ്ഇബിയിലേക്കുള്ള തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന വ്യാജ സംഘങ്ങൾ  സജീവമാണെന്ന് കെഎസ്ഇബി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും അധികൃതർ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും. അതിനാൽ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

തടിയന്‍റവിടെ നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കേസിൻമേൽ പ്രതികൾ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്.  10 പേരുടെ ശിക്ഷ  ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് തടിയന്‍റവിടെ നസീറിന്‍റെ  അപ്പീൽ മറ്റു അപ്പീലുകൾക്കൊപ്പം വാദം കേൾക്കാൻ മാറ്റി. കേസിൽ നേരത്തെ രണ്ടാം പ്രതി എംഎച്ച് ഫൈസല്‍,  14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെ ഹൈക്കോടതി  വെറുതെവിട്ടിരുന്നു.

 

ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ജീവനക്കാർ കൂട്ടഅവധി എടുത്തതിനാൽ പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം ഡിപ്പോയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാര്‍ അവധിയെടുത്തത്. അകാരണമായാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

കോഴിക്കോട് കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് മുതൽ 12 ദിവസത്തേക്ക് അടച്ചിടും. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.

 

മലയാളി ദമ്പതികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായര്‍ , കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി എന്നിവരെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാൾ പിടിയിലായി. ഇയാളുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പൊലീസിന്‍റെ കയ്യില്‍ കിട്ടിയതോടെയാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്. മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.

 

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ച 3:30 മണിയോടെ ഉണ്ടായ അപകടത്തിൽ ജോണിനെ  കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2021 ൽ പത്മാലയത്തിൽ കേശവൻ  ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്.

കണ്ണൂരിൽ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ , ദീപ എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

 

കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിനെ വീണ്ടും തള്ളിപ്പറഞ്ഞും അച്ഛൻ ദേവഗൗഡയെ കുറ്റപ്പെടുത്തിയും എച്ച്ഡി കുമാരസ്വാമി.  ബിജെപി പ്രജ്വലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ പ്രജ്വലിന് ഹാസൻ സീറ്റ് നൽകണമെന്ന് നിർബന്ധം പിടിച്ചത് തന്‍റെ അച്ഛൻ തന്നെയാണെന്നും കുമാരസ്വാമി പറഞ്ഞു.

 

പശ്ചിമ ബംഗാളിലെ മതിഗാരയില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു.  ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ബന്ദ്. തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റുവെന്നും, ഇവര്‍ ആശുപത്രിയിലാണെന്നും ബിജെപി അറിയിച്ചു.

ദില്ലിയിലെ സിഖ് ​ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളുൾപ്പടെ ആയിരത്തിലധികം പേർ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് അംഗത്വമെടുത്തെന്ന് ബിജെപി അവകാശപ്പെട്ടു. പലരും വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവരാണ്. കർഷക സമരവും ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സിഖ് വിഭാ​ഗത്തിൽ ഉണ്ടാക്കിയ അതൃപ്തി മറികടക്കാനാണ് ബിജെപിയുടെ ശ്രമം.

 

ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോർട്ട്. യുകെയുടെ എണ്ണക്കപ്പൽ ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണത്തിൽ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആൻഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി ഏറ്റെടുത്തു. കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും തടസ്സമില്ലാതെ യാത്ര തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *