ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്. ‘ശ്രീ ശ്രീ’ എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീല്‍ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാന്‍ – പൂജ ഹെഗ്‌ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഹെഗ്ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ വമ്പന്‍ റിലീസ് ആയി ചിത്രം 2026 ല്‍ തന്നെ തിയറ്ററുകളിലെത്തും.
