Untitled design 20250112 193040 0000 2

 

 

ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷൻ ഗവർണർക്ക് അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചു. പതിനാറാം കേന്ദ്ര ധനക്കമ്മീഷന്റെ ശുപാർശകൾ പ്രകാരം കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്കുള്ള ഫണ്ട് ഗണ്യമായി കുറയുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബദൽ മാർഗ്ഗങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൂർണ്ണമായും തള്ളി താമസക്കാർ രംഗത്ത്. പുനരധിവാസത്തിന് ഉറപ്പ് നൽകിയിട്ടില്ലെന്നും നിലവിലെ സ്ഥലത്തുനിന്ന് ഒരിഞ്ചുപോലും മാറില്ലെന്നും അവർ വ്യക്തമാക്കി. ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രദേശവാസികൾ അറിയിച്ചു.

 

ശക്തമായ അവകാശവാദമുന്നയിച്ചിട്ടും പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം. ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വെക്കുന്നത് സിപിഎമ്മാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം നിലപാടെടുക്കുമ്പോഴാണ് സിപിഎം കടുപ്പിക്കുന്നത്.

 

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഎം ജൂൺ നാലിന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ നികുതി കൂട്ടിയ കേന്ദ്രസർക്കാരിനെയും, വിലവർദ്ധനവിൽ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

 

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ശക്തമായ നടപടികളുമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്തതിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് വി. മുരളീധരൻ. സിപിഎം സംഭവത്തിന് ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്നും, വസ്തുത തിരക്കാതെ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

 

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട എംഎൽഎ വി മുരളീധരനെതിരെ വിമർശനവുമായി എ എ റഹീം എംപി. നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ എന്ന് റഹീം കുറിച്ചു. മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

 

തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിടുമെന്ന വാർത്തകൾക്കിടെ ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റുമായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യര്‍. ഹൂ ഈ നെകസ്റ്റ് ( ആരാകും അടുത്തത്) എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. അണ്ണാമലൈ, കെ സുരേന്ദ്രൻ എന്നിവര്‍ക്കൊപ്പം നിൽക്കുന്ന ചിത്രവും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്.

 

 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാതെ കോടതി. പ്രതികൾ ഒളിവിൽ അല്ലെന്നും ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

 

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

പ്രായപൂർത്തിയാകുന്നതിന് മുൻപ് കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയിൽ ദമ്പതികളുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനുമാണ് മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

 

 

പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിട്ട കടുത്ത മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

കണ്ണൂരിലെ പിലാത്തറയിൽ രക്തക്കറയുമായി ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ ആരുടേതെന്ന് വ്യക്തമായി. കാർ തന്‍റേതാണെന്ന് പറഞ്ഞ് ഇതര സംസ്ഥാനക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്ദർ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്. മോഷ്ടാക്കൾ കാർ തട്ടിയെടുത്തെന്നാണ് മൊഴി. കുടുംബത്തിന്‍റെ പരാതിയിൽ പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.

 

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. മെയ് 15ാം തിയ്യതി രാത്രി 10.30ഓടെയാണ് സംഭവം നടന്നത്.

 

മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരിയെ കയറ്റാതെ പോയതിന് കെഎസ്ആർടിസിക്ക് ഉപഭോക്തൃ കോടതി പിഴ ചുമത്തി. തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുക, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവയുൾപ്പെടെ 35,146 രൂപ നൽകാനാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചത്..

 

നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കറിനെതിരെ എസ്.സി/എസ്.ടി അക്രമ നിരോധന നിയമം ചുമത്തും.

 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രുദ്രം 2 എന്ന ആകാശത്തുനിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഡിആർഡിഒയും ഇന്ത്യൻ വ്യോമസേനയും സംയുക്തമായി നടത്തിയ ഈ പരീക്ഷണത്തിലൂടെ 300 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ലക്ഷ്യങ്ങൾ കൃത്യതയോടെ ഭേദിച്ചു. ഈ വിജയം രാജ്യത്തിന്റെ പ്രതിരോധ ശേഷിയിലും ആത്മനിർഭരതയിലും ഒരു സുപ്രധാന നാഴികക്കല്ലാണ്.

 

പാർട്ടി വിടാനുള്ള താത്പര്യം ബിജെപി നേതൃത്വത്തെ അറിയിച്ച് കെ അണ്ണാമലൈ. അമിത് ഷാ അടക്കം നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഒരു ദിവസം കൂടി ദില്ലിയിൽ തങ്ങണമെന്ന് അമിത് ഷാ മറുപടി നൽകിയതായി അണ്ണാമലൈയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നാളെ നിലപാട് പരസ്യമാക്കുമെന്നാണ് റിപ്പോർട്ട്.

 

 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിലെ വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

 

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം കെ ജെ ജോർജ്, യു ടി ഖാദർ എന്നീ രണ്ട് മലയാളികൾ ഉൾപ്പെടെ പതിനൊന്ന് മന്ത്രിമാരും ചുമതലയേൽക്കും. സിദ്ധരാമയ്യയുടെയും മല്ലികാർജുൻ ഖർഗെയുടെയും മക്കളും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്.

 

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. അതേസമയം ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത ബാനർജി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മഹാരാഷ്ട്രയിലുണ്ടായ ശിവസേന മോഡൽ പിളർപ്പാണ് ബംഗാളിൽ നടക്കാൻ പോകുന്നതെന്ന് സസ്പെൻഷനിലായ തൃണമൂൽ നേതാവ് റിജു ദത്ത പറഞ്ഞു.

 

സിബിഎസ്ഇയുടെ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായി. ഡിജിറ്റൽ സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ അതിജീവിച്ച് വെബ്സൈറ്റിന്‍റെ പ്രവർത്തനം പുനഃസ്ഥാപിച്ചതായും വിദ്യാർത്ഥികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ബോർഡ് അറിയിച്ചു.

 

മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തിൽ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാൽ പുനഃപരീക്ഷ നിലവിലെ ഒഎംആർ രീതിയിൽ തന്നെ നടക്കും. അതേസമയം, 2027-ഓടെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് തയ്യാറാകുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോടതിയെ അറിയിച്ചു.

 

 

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) ഈ വർഷം എൽ നിനോ പ്രതിഭാസം തിരിച്ചെത്തുമെന്നും ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലും, കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി. ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു എന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്. ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല.

 

മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ റഷ്യയും അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാനും ഔദ്യോഗിക സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. താലിബാൻ സ്ഥാപകന്റെ മകനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് പങ്കെടുത്ത ചടങ്ങോടെ, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ഏക രാജ്യമായ റഷ്യ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി.

 

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വെടിനിർത്താൻ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ലെബനണിൽ ആക്രമണം തുടർന്നു. ഇറാനുമായി ബന്ധമുള്ള ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ എന്നറിയപ്പെടുന്ന സായുധ ഗ്രൂപ്പുകളെ തകർക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേൽ, ഇത് പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാക്കുന്നു.

 

ലെബനനെതിരായ സൈനിക നീക്കങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും യുഎസ് മുൻ പ്രസിഡൻ്റ് ട്രംപും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്ന് റിപ്പോർട്ട്. ട്രംപിന്റെ സമ്മർദ്ദത്തെ തുടർന്ന് ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ നിന്ന് ഇസ്രയേൽ പിന്മാറിയെങ്കിലും തെക്കൻ ലബനനിലെ സൈനിക നീക്കം തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

 

വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ റീലുകളും വ്ലോഗുകളും ചിത്രീകരിക്കുന്നതിന് ഡിജിസിഎ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മേഖലകളിൽ ദൃശ്യങ്ങൾ പകർത്തുന്നത് കനത്ത പിഴയ്ക്കും ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനും കാരണമാകും.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *