yt cover 4

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയത്തിലെ വിവാദത്തിനിടെ മുഖം രക്ഷിക്കാന്‍ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാന്‍ഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി. പുതിയ ചെയര്‍മാനായി എല്‍ പി സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുണ്‍ ഭരദ്വാജിനെയും നിയമിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനര്‍മൂല്യനിര്‍ണയം വെബ്സൈറ്റിലെ പിഴവുകള്‍മൂലം അവതാളത്തിലായിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണു നടപടി. ഇതിനു പുറമെ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. 80 എംഎല്‍എമാരില്‍ അമ്പതു പേര്‍ മമതയ്ക്കെതിരേ തിരിഞ്ഞെന്നാണു റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചതോപാധ്യായയെ ആണ് മമത ബാനര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ മമത പുറത്താക്കിയ വിമത എംഎല്‍എ റിതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കാനാണു വിമത വിഭാഗത്തിന്റെ നീക്കം. ഇന്നലെ മമത ബാനര്‍ജി നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് എട്ട് എം എല്‍മാര്‍ മാത്രമാണ്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ സിപിഎം നാളെ ജില്ല, ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. മെയ് 15 മുതല്‍ നാലു തവണയായി പെട്രോളിനും ഡീസലിനും ഏഴര രൂപയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനയുടെ ഭാരം കുറയ്ക്കാന്‍ മുഖ്യമന്ത്രി നികുതി കുറയ്ക്കാന്‍ തയാറാകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.

ലഹരി മാഫിയക്കെതിരായ ശക്തമായ നടപടികളുമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതി തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരി മാഫിയയെ തുടച്ചുനീക്കുമെന്നും കേരള പോലീസിന്റെയും എക്സൈസിന്റെയും കയ്യൊപ്പുള്ള മികച്ചൊരു പദ്ധതിയായി ഇത് മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്‍ ഗവര്‍ണര്‍ക്ക് അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ധനക്കമ്മീഷന്റെ ഗ്രാന്റുകള്‍ നഷ്ടമാകാതിരിക്കാന്‍ പദ്ധതികളില്‍ ആവശ്യമായ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് അനുബന്ധ റിപ്പോര്‍ട്ടിലുള്ളത്. പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് 4,32,361 കോടി രൂപയില്‍നിന്ന് പതിനാറാം ധനകാര്യ കമ്മീഷന്‍ 7,91,493 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് സിപിഎം. ഉപനേതൃസ്ഥാനം പണ്ടു മുതലേ സിപിഎമ്മിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പദവി കിട്ടിയില്ലെങ്കില്‍ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം നിലപാടെടുത്തിരുന്നു.

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി. പ്രതികള്‍ ഒളിവിലല്ലെന്നും ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റു തടയണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൂര്‍ണ്ണമായും തള്ളി താമസക്കാര്‍ രംഗത്ത്. പുനരധിവാസത്തിന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും നിലവിലെ സ്ഥലത്തുനിന്ന് ഒരിഞ്ചുപോലും മാറില്ലെന്നും അവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി സതീശന്റെ അര്‍ദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിര്‍മ്മിച്ച് ഈസ്റ്റ് എളേരി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശികളായ ഷാജഹാന്‍, സ്നേഹജന്‍ എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.

പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും നേരിട്ട കടുത്ത മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരത്തെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദീര്‍ഘകാല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

താമരശ്ശേരി ചുരത്തില്‍ പകല്‍ വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു തീരുമാനം.

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന മരട് നഗരസഭ 11,500 രൂപ പിഴ ചുമത്തി. നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയെന്നു സിപിഎം. മലപ്പുറം പുല്‍പറ്റ പഞ്ചായത്തിലെ കാരപറമ്പില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ ചട്ടം ലംഘിച്ച് പെന്‍ഷന്‍ വിതരണം നടത്തിയെന്നാണ് ആരോപണം. പെന്‍ഷന്‍ വിതരണ ചുമതലയുള്ള പുല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ അസൗകര്യം ഉള്ളതിനാലാണ് അവിടെവച്ച് വിതരണം ചെയ്‌തെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

കലാച്ചി നോവല്‍ കോപ്പിയടി ആണെന്ന വിവാദം കെ.ആര്‍. മീര തള്ളി. 2020 മുതല്‍ നോവല്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022 ല്‍ ഇറങ്ങിയ സിന്നിന്റെ കോപ്പിയടി ആകുമെന്ന് കെ ആര്‍ മീര ചോദിച്ചു. സിന്നിന്റെ എഴുത്തുകാരി ഹരിത സാവിത്രി 2026 ല്‍ നോവല്‍ വായിച്ചു ആത്മഹര്‍ഷം പൂണ്ടയാളാണെന്നും മീര പ്രതികരിച്ചു.

വിവാദ ഡിവൈഎസ്പി മധുബാബുവിന് കോട്ടയം അഡീഷണല്‍ എസ്പി ആയി സ്ഥാനക്കയറ്റം നല്‍കി. കസ്റ്റഡി മര്‍ദനങ്ങള്‍ ഉള്‍പ്പടെ നിരവധി പരാതികള്‍ മധുബാബുവിനെതിരെ ഉയര്‍ന്നിരുന്നു. സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതാവാണ് ഡിവൈഎസ്പി മധുബാബു.

ലോകത്തെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ എവറസ്റ്റില്‍ കയറി മഞ്ചേരിക്കാരി സുഹറ ചെരുക്കപ്പള്ളി. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയാണ് രണ്ടു കുട്ടികളുടെ അമ്മയായ ഈ 42-കാരി. ഇതിനു മുമ്പ് സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രന്‍ എന്നിവരാണ് എവറസ്റ്റ് കയറിയ മലയാളി വനിതകള്‍. എവറസ്റ്റില്‍ 8848.86 മീറ്റര്‍ ഉയരമാണ് മലപ്പുറത്തുകാരി കീഴടക്കിയത്.

മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിട്ടും ബസില്‍ കൊണ്ടുപോകാതിരുന്ന യാത്രക്കാരിക്ക് കെഎസ്ആര്‍ടിസി 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. പരാതിക്കാരിയായ തിരുവല്ല സ്വദേശിനി ശ്രുതി സൂസന്‍ ഫിലിപ്പിന് ടിക്കറ്റ് തുകയായ 146 രൂപയും, 25,000 രൂപ നഷ്ടപരിഹാരവും കെഎസ്ആര്‍ടിസി നല്‍കണമെന്നാണ് കമ്മീഷന്റെ വിധി.

പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയില്‍ ദമ്പതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്നു ഹൈക്കോടതി വിധി പറയും. പെണ്‍കുട്ടിയും ഭര്‍ത്താവ് ഫര്‍മാന്‍ ഖാനുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഫര്‍മാന്‍ ഖാന്‍ മാത്രമാണ് കേസില്‍ പ്രതിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

മലപ്പുറം കൊണ്ടോട്ടിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ എത്തിയ സംഘം സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍നിന്നു പണം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി രാമദാസ് നിഗത്തിന്റെ സ്വര്‍ണാഭരണ നിര്‍മാണ ശാലയിലാണു കവര്‍ച്ച നടന്നത്.

കോട്ടയം തുരുത്തിയില്‍ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതിയും ചോദ്യം ചെയ്ത നാട്ടുകാരും തമ്മില്‍ അടിപിടി. ഒടുവില്‍ പോലീസ് എത്തി യുവതി കുറിച്ചി സ്വദേശി ജോമി ജോസഫിനെ കസ്റ്റഡിയിലെടുത്തു. എം സി റോഡില്‍ തുരുത്തിക്കു സമീപമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു.

തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. വാല്‍പ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജന്‍ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ പൊന്നന്‍ ആണ് മരിച്ചത്. ടിക് ടോക്കില്‍ ഉടലെടുത്ത തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കണ്ണൂരിലെ പിലാത്തറയില്‍ രക്തക്കറയുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാര്‍ തന്റേതാണെന്ന് അവകാശപ്പെട്ട് ഇതര സംസ്ഥാനക്കാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലിന്ദര്‍ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്. മോഷ്ടാക്കള്‍ കാര്‍ തട്ടിയെടുത്തെന്നാണ് മൊഴി. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്.

നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.

സിബിഎസ്ഇയുടെ റീ-വാല്യൂവേഷന്‍ പോര്‍ട്ടലിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ഹാക്കര്‍മാരാണ് ആക്രമിച്ചത്. അവതാളത്തിലായ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു.

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡി കെയ്ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയേയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രിമാരാക്കാന്‍ സമ്മര്‍ദമുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു. കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങള്‍.

വിമാനത്താവളങ്ങളില്‍ റീലുകളും ട്രാവല്‍ വ്ലോഗുകളും വീഡിയോകളും ചിത്രീകരിച്ചാല്‍ ശിക്ഷ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയത്. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാനാണിത്. നിയമം ലംഘിക്കുന്നവരില്‍നിന്ന് കനത്ത പിഴ ഈടാക്കും. ഫോണും ക്യാമറയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒഎംആര്‍ ഷീറ്റ് മാതൃകയില്‍ തന്നെ പരീക്ഷ നടക്കുമെന്ന് ഉറപ്പായി. രാജ്യസഭാ എംപി സുധാകര്‍ സിംഗ് ആണ് കോടതിയെ സമീപിച്ചത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശത്തുനിന്ന് കരയിലേക്ക് തൊടുക്കാവുന്ന രുദ്രം 2 എന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒയും ഇന്ത്യന്‍ വ്യോമസേനയും സംയുക്തമായി നടത്തിയ ഈ പരീക്ഷണത്തിലൂടെ 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ലക്ഷ്യങ്ങള്‍ കൃത്യതയോടെ ഭേദിച്ചു.

ഈ വര്‍ഷം എല്‍ നിനോ പ്രതിഭാസം തിരിച്ചെത്തുമെന്നും ആഗോള താപനിലയില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്നും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സിയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലും, കടുത്ത വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോസ്‌കോയില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തില്‍ റഷ്യയും അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാനും ഔദ്യോഗിക സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. താലിബാന്‍ സ്ഥാപകന്റെ മകനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് പങ്കെടുത്ത ചടങ്ങോടെ, താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ഏക രാജ്യമായ റഷ്യ അഫ്ഗാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ ലെബനണില്‍ ആക്രമണം തുടര്‍ന്നു. ഇറാനുമായി ബന്ധമുള്ള ‘ആക്സിസ് ഓഫ് റെസിസ്റ്റന്‍സ്’ എന്നറിയപ്പെടുന്ന സായുധ ഗ്രൂപ്പുകളെ തകര്‍ക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍.

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ 19 റണ്‍സിന്റെ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്ത് നില്‍ക്കെ മഴയെ തുടര്‍ന്ന് കളി തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട വികസ്വര രാജ്യങ്ങളിലെ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ 12 മാസക്കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും ആഭ്യന്തര വിപണിയില്‍ ശക്തമായ ഒരു തിരിച്ചുവരവിനുള്ള അന്തരീക്ഷം ഒരുങ്ങുന്നതായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. കമ്പനികളുടെ വരുമാന വളര്‍ച്ച 2025-26 സാമ്പത്തിക വര്‍ഷത്തിലെ 10 ശതമാനത്തില്‍ നിന്നും 2027-28 സാമ്പത്തിക വര്‍ഷത്തോടെ 22 ശതമാനമായി ഉയരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. മുന്‍നിര കമ്പനികള്‍ സ്വന്തം ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് 1,000 കോടി ഡോളര്‍ മറികടക്കാനൊരുങ്ങുന്നു. ക്രൂഡ് ഓയില്‍ വിലക്കയറ്റം, പണപ്പെരുപ്പ ഭീഷണി, ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ വെല്ലുവിളിയാണെങ്കിലും ഇന്ത്യയുടെ അടിസ്ഥാനപരമായ വളര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു.

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം ഒരു കുടക്കീഴിലേക്ക് എത്തുന്നു. ഡിജിറ്റല്‍ കൊമേഴ്‌സ് സഖ്യം എന്ന പേരിലാണ് ഈ കമ്പനികള്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ആമസോണ്‍, സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍, മീഷോ, സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഈ സംഘടനയുടെ അംഗങ്ങളാണ്. അതേസമയം, ഫ്‌ളിപ്കാര്‍ട്ട് ഈ സഖ്യത്തില്‍ ഇതുവരെ പങ്കാളികളായിട്ടില്ല. ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മയുടെ രീതിയിലാകും ഈ സംഘടനയും പ്രവര്‍ത്തിക്കുക. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘കോവന്‍ അഡൈ്വസറി ഗ്രൂപ്പ്’ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ്-ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.എം.എ.ഐ, എ.ഡി.ഐ.എഫ് എന്നിവയ്ക്ക് പുറമെയാണ് ഡിജിറ്റല്‍ കൊമേഴ്സ് മേഖലയ്ക്ക് മാത്രമായി ഈ പുതിയ സംഘടന നിലവില്‍ വന്നിരിക്കുന്നത്.

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യിലെ ‘മസാ മസാ’ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂര്‍, ആലപിച്ചത് ഭരത് കെ രാജേഷ് എന്നിവരാണ്. 2026 ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്യഭാഷ നടന്‍മാരില്‍ കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി’. എ കരുണാകരന്‍ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150 ദിവസത്തിന് മേല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ജൂണ്‍ 12ന് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആര്‍ട്‌സിന്റെ ബാനറില്‍ ഖാദര്‍ ഹസന്‍ ആണ്. ചിത്രത്തിന്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ അള്‍ട്ര ഇംപാക്റ്റ് ആയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാന്‍ ശങ്കര്‍ രാജയുടെ പാട്ടുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവഞ്ചര്‍ 220 സ്ട്രീറ്റ് വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. അവഞ്ചര്‍ 220 സ്ട്രീറ്റിന്റെ 2026 പതിപ്പിന് 1.30 ലക്ഷം രൂപയാണ് വില. 1.29 ലക്ഷം രൂപ വിലയുള്ള അവഞ്ചര്‍ ക്രൂയിസ് 220നേക്കാള്‍ അല്‍പ്പം കൂടിയ വിലയിലാണ് സ്ട്രീറ്റ് 220 എത്തിയിരിക്കുന്നത്. ഇതോടൊപ്പം ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 ഇന്ത്യയില്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നി രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയിലുള്ളത്. 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് അവഞ്ചര്‍ സ്ട്രീറ്റ് 220-ലും ഉപയോഗിച്ചിരിക്കുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 17.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5-സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക്ഡ്-ഔട്ട് തീമില്‍ വരുന്ന ഈ ബൈക്ക് എബണി ബ്ലാക്ക് , കോക്ക്ടെയില്‍ വൈന്‍ റെഡ് എന്നി രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.

മനുഷ്യമസ്തിഷ്‌കവും ആത്മീയാനുഭവങ്ങളും തമ്മിലുള്ള അതിസൂക്ഷ്മമായ ബന്ധങ്ങളെ അന്വേഷിക്കുന്ന പുത്തന്‍ ശാസ്ത്രമേഖലയായ ന്യൂറോതിയോളജിയെ മലയാളത്തിലേക്ക് ഗൗരവത്തോടെ പരിചയപ്പെടുത്തുന്ന കൃതി. മതം, ദൈവം, ആത്മാവ്, ധ്യാനം, വിശ്വാസം തുടങ്ങിയ ആശയങ്ങള്‍ മനുഷ്യരുടെ മസ്തിഷ്‌കപ്രവര്‍ത്തനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആധുനിക ന്യൂറോസയന്‍സിന്റെയും ദൈവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ഈ പുസ്തകം ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള പരമ്പരാഗതവൈരുദ്ധ്യങ്ങളെ പുതിയ സംവാദങ്ങളിലേക്കു നയിക്കുന്നു. ആന്‍ഡ്രൂ ന്യൂബെര്‍ഗ് അടക്കമുള്ള ഗവേഷകരുടെ പഠനങ്ങളെ ആസ്പദമാക്കി മതാനുഭവങ്ങളുടെ മാനസിക-ശാരീരിക സങ്കീര്‍ണ്ണതകളെ അന്വേഷിക്കുന്ന ഈ കൃതി മലയാളത്തിലെ അറിവുമേഖലയ്ക്ക് പുതിയൊരു ദിശാബോധമാവുന്നു. ‘ന്യൂറോതിയോളജി’. പ്രിന്‍സ് പാങ്ങാടന്‍. മാതൃഭൂമി. വില 221 രൂപ.

രാജ്യത്ത് പോഷകക്കുറവ് നേരിടുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2023-24 പുതിയ റിപ്പോര്‍ട്ട്. 15 മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ ഏകദേശം അഞ്ച് പേരെയെടുത്താല്‍ ഒരാള്‍ വീതം പോഷകക്കുറവ് അല്ലെങ്കില്‍ ശരീരഭാര കുറവ് നേരിടുന്നുണ്ടെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോഴും പോഷകക്കുറവു പരിഹരിക്കാന്‍ കഴിയുന്നില്ല. ഓരേ പ്രദേശത്ത് അമിതവണ്ണം നേരിടുന്നവരും പോഷകക്കുറവ് അനുഭവിക്കുന്നവരും ഉള്ളതായി സര്‍വേ വിലയിരുത്തി. രാജ്യത്ത് സ്ത്രീകളില്‍ പോഷകക്കുറവു നേരിടുന്നവര്‍ 19.7 ശതമാനമാണെന്ന് ഈ വര്‍ഷത്തെ സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 18.7 ശതമാനമായിരുന്നു. പുരുഷന്മാരില്‍ 19.7 ശതമാനം ആളുകളും പോഷകക്കുറവു നേരിടുന്നവരാണ്. 2019-21 സര്‍വേയില്‍ 16.2 ശതമാനമായിരുന്നു ഇത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം മൂന്നിലൊന്ന് കുട്ടികള്‍ക്ക് വളര്‍ച്ചാമുരടിപ്പും ഭാരക്കുറവും ഉള്ളതായി സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 715 ജില്ലകളിലായി 6.79 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ദക്ഷിണേന്ത്യയില്‍ തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്കിടയിലെ വളര്‍ച്ചാ മുരടിപ്പ് (27 ശതമാനം) വിലയിരുത്തിയത്. തൊട്ടുപിന്നാലെ കര്‍ണാടക (26.5 ശതമാനം), ആന്ധ്രാപ്രദേശ് (24.6 ശതമാനം).

ശുഭദിനം
കവിത കണ്ണന്‍
ഒരു ചെറിയ ഗ്രാമത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. വലിയ സമ്പത്തോ ആഡംബരങ്ങളോ അവള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതമായിരുന്നു അവളുടേത്.ഒരു ദിവസം അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടു. വരുമാനം നിലച്ചു. ചെലവുകള്‍ കൂടി. ഭാവിയെക്കുറിച്ചുള്ള ആശങ്ക കുടുംബത്തെ അലട്ടാന്‍ തുടങ്ങി. അയല്‍ക്കാരും ബന്ധുക്കളും പലതും പറഞ്ഞു.”ഇനി എന്ത് ചെയ്യും?” ”ജീവിതം വളരെ പ്രയാസമാകുമല്ലോ!” എന്നാല്‍ അവളുടെ മറുപടി എന്നും ഒന്നായിരുന്നു. ഇന്നത്തെ ദിവസം എനിക്ക് തന്നവന്‍ നാളെയും എന്നെ കൈവിടില്ല.” അവള്‍ പരാതിപ്പെട്ടില്ല. നിരാശയ്ക്ക് കീഴടങ്ങിയില്ല. വീട്ടുമുറ്റത്ത് വളര്‍ന്ന പച്ചക്കറികള്‍ ശേഖരിച്ച് അയല്‍വാസികള്‍ക്ക് പങ്കുവെച്ചു. കിട്ടുന്ന ചെറിയ ജോലികള്‍ ചെയ്തു. കുടുംബത്തിന് ധൈര്യം പകര്‍ന്നു. ഒരു ദിവസം ഒരു അയല്‍വാസി അത്ഭുതത്തോടെ ചോദിച്ചു: നിനക്ക് തന്നെ ആവശ്യങ്ങള്‍ ഏറെയല്ലേ? പിന്നെ എന്തിനാണ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്?” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: നമ്മുടെ കൈയില്‍ ഉള്ളത് പങ്കുവെച്ചാല്‍ അത് കുറയില്ല… മറിച്ച് ഹൃദയം സമ്പന്നമാകും.” അല്‍പ ആഴ്ചകള്‍ക്കുശേഷം ഗ്രാമത്തില്‍ പുതിയൊരു സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. ജോലി അന്വേഷിക്കുന്നവര്‍ക്കായി നടത്തിയ അഭിമുഖത്തില്‍ അവളുടെ ഭര്‍ത്താവിന് നല്ലൊരു ജോലി ലഭിച്ചു. അത് മാത്രമല്ല… മകന്റെ പഠനത്തിനുള്ള സാമ്പത്തിക സഹായവും കുടുംബത്തിന് ലഭിച്ചു. അന്ന് രാത്രി അവര്‍ ഒരുമിച്ച് ഇരുന്നു. സന്തോഷത്തിന്റെ കണ്ണീരോടെ അവള്‍ പറഞ്ഞു: ”ഈ ദിവസങ്ങളില്‍ നമുക്ക് ഇല്ലാത്തത് മാത്രം നോക്കിയിരുന്നെങ്കില്‍ ദുഃഖം മാത്രമേ കാണുമായിരുന്നുള്ളൂ. പക്ഷേ, നമ്മള്‍ക്കുള്ള അനുഗ്രഹങ്ങള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ പ്രത്യാശയും സന്തോഷവും നമ്മുടെ കൂടെയുണ്ടായിരുന്നു.” ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം സമ്പത്തോ സൗകര്യങ്ങളോ അല്ല… പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാനുള്ള മനസ്സാണ്. കാരണം, നന്ദിയുള്ള ഹൃദയത്തിന് കുറവുകളേക്കാള്‍ അനുഗ്രഹങ്ങളാണ് കൂടുതല്‍ കാണാന്‍ കഴിയുക – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *