ആഗോള കടപ്പത്ര വിപണിയില്‍ വില്‍പ്പനസമ്മര്‍ദം തുടരുന്നതിനിടെ യു.എസ്. ട്രഷറി ആദായം റെക്കോഡ് ഉയരത്തിലെത്തി. 30 വര്‍ഷ കാലാവധിയുള്ള കടപ്പത്ര ആദായം 5.61 ശതമാനമെന്ന നിര്‍ണായകപരിധി പിന്നിട്ടു. 2002-നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2008-ലെ ആഗോള സാസാമ്പത്തിക പ്രതിസന്ധിക്കും കോവിഡ് മഹാമാരിക്കും ശേഷമുണ്ടായ ‘കുറഞ്ഞ പലിശനിരക്കിന്റെ കാലഘട്ടം’ അവസാനിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം. 32 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ട്രഷറി വിപണിയില്‍ മാസങ്ങളായി തുടരുന്ന തകര്‍ച്ച, ആഗോള ധനകാര്യക്രമത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കുകയാണ്. വരും മാസങ്ങളിലും പലിശനിരക്ക് ഉയര്‍ന്നനിലവാരത്തില്‍ തുടരുമെന്ന നിഗമനമാണ് വിപണിയെ അസ്ഥിരതയിലേക്ക് നയിക്കുന്നത്. ആഗോള സാമ്പത്തിക സാഹചര്യമാണ് കടപ്പത്രങ്ങളുടെ വിലവര്‍ധനയ്ക്കും ഇടിവിനും കാരണമാകുന്നത്. ഇന്ധനവിലവര്‍ധന ആഗോളതലത്തില്‍ വിലക്കയറ്റഭീഷണി രൂക്ഷമാക്കുന്നു.
