ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് ഉത്തരവ് ഉടൻ പുറത്തിറക്കും. പ്രാഥമിക അന്വേഷണമാണ് നടക്കുക. ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് വിജിലൻസ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്.

 

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു.

 

വടകര കണ്ണൂക്കര പാതിയാക്കര ജുമാ മസ്ജിദിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കിരെ നടപടി എടുത്തതിലും യുഡിഎഫിൽ ഒരു വിഭാഗത്തിന് എതിർപ്പ്. പള്ളിക്കുള്ളിൽ സംഘർഷം ഉണ്ടാക്കിയവർക്കെതിരേയും നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി, പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിൽ രംഗത്തെത്തി. “പള്ളിക്കകത്ത് കയ്യാങ്കളിയും തെറിവിളിയും നടത്തിവർക്കെതിരെ നടപടി വേണം’. “അവരാണ് പൊലീസിനെ പള്ളിക്കകത്ത് കയറ്റിയതെന്ന് ദുൽഖിഫിൽ ചൂണ്ടിക്കാട്ടി.

 

സിപിഎം വഖഫ് വേദിയിൽ നടത്തിയ പ്രസംഗത്തിൽ വഖഫ് ബോർഡ് അംഗം മുക്കം ഉമർ ഫൈസിക്കെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. വഖഫ് വിഷയത്തിൽ ഉമർ ഫൈസി കള്ളം പറയുന്നുവെന്നും ബോർഡിൽ ആർഎസ്എസുകാരെ നിയമിക്കാൻ ശ്രമം എന്ന് പ്രചരിപ്പിക്കുന്നുവെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

 

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

 

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് പറഞ്ഞ് നിലപാട് ശക്തമാക്കുകയാണ് അദ്ദേഹം. മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

മോട്ടോർ വാഹനവകുപ്പ് വാഹനത്തിന് ഫിറ്റ്നസ് നൽകാത്തതിൽ മനംനൊന്ത് ഓട്ടോഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ​ഗതാ​ഗത സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ ​ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ​ഗതാ​ഗത സെക്രട്ടറി അന്വേഷണം നടത്തിയത്.

 

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ പ്രതികരണവുമായി എൻ പ്രശാന്ത് ഐഎഎസ്. അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവന്നെന്ന് എൻ പ്രശാന്ത് ഐഎഎസ് പറഞ്ഞു. ഞാനും നിങ്ങളും ഉൾപ്പെടുന്ന സിസ്റ്റം നന്നാക്കേണ്ടത് നമ്മൾ തന്നെയാണെന്നും എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന് ആരോപിച്ചു മുൻ ഉടമ അധീഷ് ദാമോദരനാണ് പരാതി നൽകിയത്. ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനും ഓഹരി കൈക്കലാക്കിയതിനും പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

 

ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കലാണ് ലോക്കൽ പോലീസിനെതിരെ പരാതി നൽകിയത്.

 

പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് എന്ന്ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. നിജസ്ഥിതി അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാൻ നിർദേശം നൽകിയെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ടു നിജസ്ഥിതി അറിയാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്.

 

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജോൺ മേനോൻ എന്ന പേരിൽ വിദേശത്ത് ജീവിക്കുന്നതായി പുതിയ സൂചനകൾ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. നാല് പതിറ്റാണ്ടായി നീതിക്കായി കാത്തിരിക്കുന്ന കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്.

 

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 2017ൽ തന്നെ താൻ നൽകിയിരുന്നു എന്ന് ആലപ്പുഴ പല്ലന സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ. എന്നാൽ തൻറെ റിപ്പോർട്ടിന്മേൽ തുടരന്വേഷണം ഉണ്ടായില്ലെന്നനും അദ്ദേഹം.

 

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം.

 

56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന. പ്രതി ജയിൽ ചാടുമ്പോൾ 56 പേര് ഉൾക്കൊള്ളാവുന്ന ജയിലിൽ ഉണ്ടായിരുന്നത് 117 തടവുകാരായിരുന്നു. പ്രതി ചാടിയത് ജയിൽ മതിലിനോട് ചേർന്നുള്ള അശാസ്ത്രീയ അടുക്കള നിർമ്മാണം മൂലമെന്നാണ് കണ്ടെത്തൽ.

 

പിണറായിയുടെ വസതിയിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാൻ പോലീസ് ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. വീഡിയോ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന വാദം തടയാനും, മുഖവും ശരീരഘടനയും താരതമ്യം ചെയ്ത് പ്രതികളെ ഉറപ്പിക്കാനുമാണ് ഈ നീക്കം.

 

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്.

 

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ചത്.

 

മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ(എം.പി.എസ്.സി) ഡ്ര​ഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം പുറത്തറിഞ്ഞത് യുവതിയും കാമുകനും തമ്മിൽ തെറ്റിപ്പിരിഞ്ഞതോടെ. ചോദ്യചേപ്പർ ചോർത്തി ജോലിക്ക് കയറിയ യുവതിയും കാമുകനും തമ്മിൽ ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് കാമുകൻ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അധികൃതർക്ക് വിവരം കൈമാറിയത്. ഇതോടെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

 

നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈൻ ആയേക്കുമെന്ന് സൂചന. 2027ൽ പരീക്ഷ ഓൺലൈൻ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ചത്. ജെഇഇ മാതൃകയിൽ സിബിറ്റി പരീക്ഷ രീതിയിൽ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്.

 

ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകർക്ക് സസ്പെൻഷൻ. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ഇത്തരം പരിപാടികളിലെ പങ്കാളിത്തത്തിൽ സർക്കാർ ചട്ടങ്ങൾ മറികടന്നതിനാണ് നടപടി.

 

പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്ന യുവദമ്പതികൾ ദില്ലിയിൽ അറസ്റ്റിൽ. സഹീൽ, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. ഐഎസ്ഐ പിന്തുണയോടെ ഇന്ത്യയിൽ പ്രവർത്തിച്ച് വരികയായിരുന്ന പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ അവകാശപ്പെട്ടു.

 

മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി ഡൽഹി പൊലീസ്. ഡൽഹിയിലെ ജിംനേഷ്യം പരിശീലകനായ ഇമ്രാനെയാണ് വ്യാഴാഴ്ച രാത്രി രജൗരി ​ഗാർഡൻ മേഖലയിൽവെച്ച് പൊലീസ് പിടികൂടിയത്. പൊലീസിന് നേരേ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചതോടെ പ്രതിക്ക് നേരേ വെടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. ഓർമ്മക്കുറിപ്പിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. മറ്റ് പ്രസാധകരുമായി ചർച്ചകൾ നടക്കുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

 

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം.

 

യുഎസിൽ ഇന്ത്യൻ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഇന്ത്യയിൽ അറസ്റ്റിൽ. തെലങ്കാന സ്വദേശിനിയായ നികിത ​ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ ശർമ(26)യെയാണ് ആ​ഗ്രയിൽനിന്ന് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. അർജുൻ ശ‍ർമയ്ക്കെതിരേ നികിതയുടെ മാതാപിതാക്കൾ നൽകിയ വഞ്ചനാക്കേസിലാണ് അറസ്റ്റെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.

 

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ. സഹീൽ ഭാര്യ സമീറാ എന്നിവരാണ് അറസ്റിലായത്.ഐഎസ്ഐ പിന്തുണയുള്ള പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ വിശദമാക്കി.

 

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസിൽ ഇഡി കുറ്റപത്രം സമ‍ർപ്പിച്ചതിന് ശേഷമാണ് നാ​ഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്.

 

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു.

 

മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 500നോട് അടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ ഭരണകൂടം. സാഹചര്യം നേരിടാനായി രാജ്യത്തിൻ്റെ സുരക്ഷാ ഏജൻസികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ഭരണകൂടത്തിൻ്റെ തീരുമാനം.

 

കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ പ്രശസ്തമായ തടാകത്തിന്റെ പേരു മാറ്റി ട്രംപ്. ലേക്ക് ഒന്റാരിയോയുടെ പേരാണ് ട്രംപ് ലേക്ക് അമേരിക്ക എന്നാക്കി മാറ്റിയത്. പുനർനാമകരണം ചെയ്യാനുള്ള ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവച്ചു.

 

 

നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മ​ദൻ ​ഗുരും​ഗ്(25) ഉമേഷ് ചൗധരി(38) എന്നിവരെയാണ് പൊഖാര ബസ് പാർക്കിന് സമീപത്തുനിന്ന് ചിത്വാൻ പൊലീസ് പിടികൂടിയത്.

 

ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ ആർ. പ്ര​ഗ്നാനന്ദ. സെയിന്റ് ലൂയിസിൽ നടന്ന ​ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്ര​ഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്ര​ഗ്നാനന്ദ സ്വന്തമാക്കി.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *