ഓപ്പറേഷൻ തൂഫാനിൽ കൊച്ചി നഗരത്തിൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിച്ചു.മേയറും കമ്മീഷണറും സാക്ഷിയായി ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ ആണ്കൂട്ടിയിട്ട് കത്തിച്ചത്. കഞ്ചാവ്, എംഡിഎംഎ, നെട്രാസെപാം ഗുളികൾ അടക്കം, കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരത്ത് ഇൻസിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്.

 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടര്‍ നിർദേശം നല്‍കി.

 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ചെറുകിട-ഇടത്തരം സംരംഭകർക്ക് ആശ്വാസമായി ‘കേരളാ ബ്രാൻഡ്’ പദ്ധതിയുടെ നിബന്ധനകൾ സർക്കാർ ലളിതമാക്കി. ബിഐഎസ് സർട്ടിഫിക്കേഷൻ പോലുള്ള കർശന വ്യവസ്ഥകൾ ഒഴിവാക്കിയത് 11 തരം ഉത്പന്നങ്ങൾക്ക് ആദ്യഘട്ടത്തിൽ ഗുണകരമാകും. ഈ മാറ്റങ്ങൾ നാടൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ ഇടം നേടാൻ സഹായിക്കും.

 

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ.. ഒരുവിധ ഔദ്യോഗിക സ്ഥാനങ്ങളും സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യാജ പ്രചാരണങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

 

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്.

 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹ‍ർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം.

 

ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാൽ ആർക്കും 1064 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളി അണിചേരും.

 

സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ. നിവിൻ പോളി എന്ന പേര് പറയുന്നതിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് മന്ത്രി വേദിയിൽ പറഞ്ഞത്.ഇതിന് പിന്നാലെ താൻ പറഞ്ഞത് തെറ്റിപ്പോയെന്നും, നിങ്ങൾക്ക് തന്നെ ആക്ഷൻ ഹീറോ ആരാണെന്ന് പറയാമെന്നും മന്ത്രി പറയുകയായിരുന്നു.

 

ദില്ലിയിലെ ജന്തര്‍ മന്തറിൽ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സിജെപി പ്രതിഷേധത്തിനെതിരെ നടത്തിയ അശ്ലീല- അധിക്ഷേപ പരാമർശത്തിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹൻദാസിനെതിരെ കേസ് വൈകുന്നത് വിവാദമായിരുന്നു.

 

ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷൻ കാരണം കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം മാത്രമാണുണ്ടായതെന്നും, നിലവിൽ വാലിഡിറ്റിയുള്ള കാർഡുകൾ ഉപയോഗിച്ച് യാത്ര തുടരാമായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

 

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് കത്ത്. തീയിടലിന് പിന്നിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെന്നാണ് പുരുഷോത്തമന്‍റെ ആരോപണം. മധുസൂദനനെതിരെ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് പുരുഷോത്തമൻ കത്തിൽ ആവശ്യപ്പെട്ടു.

 

കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി.

 

കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചത്.വേഗത്തിൽ സഞ്ചരിച്ച ബസ് വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു. അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍.

 

 

മല്ലപ്പള്ളിയിലെ രണ്ട് മാർത്തോമ്മാ പള്ളി സെമിത്തേരികളിൽ നിന്ന്കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയതിനെ തുടർന്നുള്ള കേസന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക് നീങ്ങുന്നു. കല്ലറ നിർമ്മാണം കോൺട്രാക്ട് എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസ് നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാരും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും വിലയിരുത്തൽ.

 

ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ തള്ളി സിപിഎം നേതാവ് പി ജയരാജൻ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും നുണ നിർമ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്‍റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

 

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം എന്ന് കണ്ടെത്തൽ. ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങൾ നിർമ്മിക്കുന്ന ബോട്ടുകൾ ഇവിടെസജീവം ആണ്. സ്ത്രീകളുടെ വികല ചിത്രങ്ങൾ വില്പനക്ക് വച്ച് ഗ്രൂപ്പുകൾ പണം നേടുന്നു . വീടിനുള്ളിലെ സ്വകാര്യതയിൽ നിന്നും ചിത്രങ്ങൾ ടെലഗ്രാമിലെത്തുന്നുണ്ട്. പണം വാങ്ങി ചിത്രങ്ങൾ വിൽക്കുന്നവരിൽ കൗമാരക്കാരുമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. യഥാർത്ഥ കുറ്റവാളികളിലേക്ക് എത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഈ മാസം ഇരുപത്തിരണ്ടാം തീയതി വീയപുരം പൊലീസില്‍ നിന്ന് മര്‍ദനമേറ്റെന്നാണ് മുഹമ്മദ് യാസിന്‍ എന്ന ഇരുപതുകാരന്‍റെ പരാതി. വാഹനപരിശോധനയ്ക്കായി പൊലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് പിടികൂടിയായിരുന്നു തല്ലിയത്.

 

റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ് അശോകന്‍റെ ഭാര്യ സരള (58) ആണ് മരിച്ചത്.

 

കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ മുമ്പും സമാന രീതിയിൽ കുട്ടികളെ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിൽ വാഗമൺ സ്വദേശി അനീനയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

 

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കണ്ണൂർ കതിരൂർ സ്വദേശി സി എച്ച് അഷ്റഫ് 25 വർഷത്തിന് ശേഷം പിടിയിലായി . കതിരൂർ സ്വദേശി രതീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഷ്‌റഫ് 25 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. 10 വർഷത്തോളം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പയ്യന്നൂരിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

 

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ചിറ്റാർ സീതത്തോട് സ്വദേശി ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല് സ്വദേശി റംഷാദ് (28) എന്നിവരാണ് ചിറ്റാർ പോലീസിന്‍റെ പിടിയിലായത്. ജൂലൈ 22 ബുധനാഴ്ച രാതിയിലായിരുന്നു സംഭവം.

 

കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകനും 26-കാരനുമായ അഭിജീത് ദീപ്കെ, പഠനം പൂർത്തിയാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ. കഴിഞ്ഞ രണ്ടു വർഷമായി അഭിജീത്തിന് തുടർച്ചയായി വിവാഹ ആലോചനകൾ വരുന്നുണ്ടെങ്കിലും വിവാഹം ഉടൻ ഉണ്ടാകില്ലെന്നും മാതാവ് അനിത ദിപ്കെ വ്യക്തമാക്കി.

 

ഉത്തർപ്രദേശിലെ വാരണാസിയിൽ വാടകവീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തന്‍റെ ഗേ പാട്നറെ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ദീപാംശു റായ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാരണാസി സോനാർപുര സ്വദേശിയായ കുഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

 

ചണ്ഡീ​ഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാ​ഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

 

രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ വിശദമാക്കി.

 

മുതിർന്ന മാവോയിസ്റ്റ് നേതാവ് മിസിർ ബെസ്ര അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് ബെസ്രയെ പിടികൂടിയത്. ഇയാൾക്കൊപ്പം മാവോയിസ്റ്റുകളായ മൊച്ചു, സൗരഭ് എന്ന ​ഗൗരവ് എന്നിവരും പിടിയിലായിട്ടുണ്ട്.

 

ദില്ലിയിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം തുടരുന്നു. സിപിഎം ഓഫീസിലെ പോലീസ് നടപടിയും ഐഷി ഘോഷിനെതിരായ നീക്കവും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. ഇതേത്തുടർന്ന് ഇരുസഭകളും നിർത്തിവെച്ചു.

 

സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച് ട്രാൻസ്ജെൻഡർ തന്നെ കബളിപ്പിച്ചതായി യുവാവിന്റെ പരാതി. മധ്യപ്രദേശിലെ ഷാജാപുർ സ്വദേശിയായ 32-കാരനാണ് ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഭാര്യയുടെ കുടുംബാം​ഗങ്ങളടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസെടുത്തു.

 

ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവാവിന്‍റെ പരാതിയിൽ ഭാര്യയ്ക്കും മറ്റ് രണ്ടുപേർക്കുമെതിരെ ഉത്തർപ്രദേശിലെ ഹർദോയ് പോലീസ് വധശ്രമത്തിന് കേസെടുത്തു. തന്‍റെ സഹോദരിമാരുടെ ഭർത്താക്കന്മാരുമായി, ഭാര്യയ്ക്കുള്ള അവിഹിതബന്ധമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് 28-കാരനായ യുവാവ് ആരോപിച്ചു.

 

സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്. യാത്ര കൂടുതൽ സുഖകരവും സമാധാനപരവും ആക്കുന്നതിനായാണ് നീക്കം. യാത്രക്കാർ ഫോണുകൾ സ്പീക്കർ മോഡിൽ ഉപയോഗിക്കുന്നതും ഉച്ചത്തിൽ പാട്ടോ വീഡിയോയോ പ്ലേ ചെയ്യുന്നതും ഒഴിവാക്കണമെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

 

ഡിആർഡിഒയിൽനിന്ന് ഡേറ്റ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവന്നത് തെളിവിന്റെ പിൻബലമില്ലാത്ത റിപ്പോർട്ടുകളാണെന്നും ഇപ്പോൾ സൈബർ ആക്രമണം നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

 

ജെൻസിക്ക് പിന്നാലെ ജെൻ ആൽഫയുടെ സമരവിജയം. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി വിദ്യാർഥികൾ പ്രതിഷേധിച്ചത്. സ്കൂൾ വളപ്പിൽ 5 മണിക്കൂർ നീണ്ട സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. സമര ദൃശ്യങ്ങൾ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഇൻസ്പെക്ടർ നേരിട്ടെത്തി വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് രേഖാമൂലം അംഗീകരിച്ചു.

 

എസ്എഫ്​ഐ നേതാവ് ഐഷി ഘോഷിന് എതിരായ ദില്ലി പോലീസ് നടപടി വീണ്ടും. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ വ്യക്തമാക്കി.

 

അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പുമായി ബന്ധമുള്ള ഇറാനിലെ ‘തസ്‌നീം ന്യൂസ്’ ഏജൻസി. മെലാനിയയുടെ ഫാഷൻ ഭ്രമം മുതലെടുത്ത് ആക്രമണം നടത്താമെന്നും വിഷവാതകം കലർത്തണം എന്നും വീഡിയോയിൽ പറയുന്നു. മകൻ ബാരൺ ട്രംപിനും മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ പിന്തുണയുള്ള സായുധ സഖ്യമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ (പിഎംഎഫ്) 10 അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

 

ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ നഗരത്തിലെ ഷോപ്പിംഗ് സെൻ്റർ തകർന്ന് നിരവധി പേർ കുടുങ്ങി. 50 ലധികം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. നിരവധി വീടുകളും പാലങ്ങളും തകർന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൊടും ചൂട് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് ഭീഷണി ഉയർത്തുന്ന ബില്ലിൽ വോട്ട് ചെയ്ത യുഎസ് സെനറ്റർമാർക്ക് നന്ദി അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി. യുഎസിൽ സന്ദർശനം നടത്തുന്ന സെലൻസ്‌കി യുഎസ്. കാപിറ്റോളിലെത്തി, സെനറ്റ് ഗാലറിയിൽ ഇരുന്ന് ബില്ലിന്മേലുള്ള വോട്ടെടുപ്പ് നേരിട്ട് വീക്ഷിക്കുകയും ചെയ്തു.

 

വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കിയും. അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി വാഷിംഗ്ടണിലെത്തിയ ഇരുനേതാക്കളും വെവ്വേറെയാണ് വൈറ്റ് ഹൗസിലെത്തി ട്രംപുമായി ചർച്ചകൾ നടത്തിയത്. ഈ കൂടിക്കാഴ്ചകൾ വളരെ ‘പോസിറ്റീവും ഫലപ്രദവും’ ആയിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് അറിയിച്ചു.

 

പാക് അധീന കശ്മീരിലെ(പിഒകെ) നരനായാട്ടിനെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ശത്രുക്കളാണെന്നായിരുന്നു ഖ്വാജ ആസിഫിന്റെ ന്യായീകരണം. പ്രതിഷേധക്കാരുമായി ഇനിയൊരു ചർച്ചയില്ലെന്നും ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

 

ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ചൊവ്വാഴ്ചയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ച് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്കോം) ആരോപിച്ചു.

 

ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ പ്യോ​ങ്ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ് ഫോസ്ഫറസ് ചോർന്നത്. ഇതോടെ സമീപത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാ​ഗ്രതാ നിർദേശം നൽകി.

 

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് കമ്പനിയുടെ വിമാനം. പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ഏയർബസ് എ 350 ആണ് 24 മണിക്കൂർ തുടർച്ചയായി പറന്ന് ചരിത്രംകുറിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽനിന്ന് ഫ്രാൻസിലെ ടുളൂസിലേക്കായിരുന്നു യാത്ര.

 

ഫിഫ ഫോർവേഡ് എന്‍റർപ്രൈസ് എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിക്കാൻ ഫിഫയുടെ നീക്കം. ലോകകപ്പിന്‍റെ പ്രക്ഷേപണ അവകാശം, സ്‌പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ് തുടങ്ങിയ എല്ലാ വാണിജ്യ കാര്യങ്ങളും ഈ കമ്പനിയാകും നിയന്ത്രിക്കുക.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *