ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഏഴാം തവണയും നേടി അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസി . ഖത്തര്‍ ലോകകപ്പിലും ക്ലബ് തലത്തിലുമുള്ള മികച്ച പ്രകടനമാണ് മെസിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ കൂടിയായ മെസിയുടെ പ്രകടനമായിരുന്നു. ഫ്രഞ്ച് താരങ്ങളായ കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പെ എന്നിവരെ മെസി പിന്തള്ളി. പാരീസില്‍ നടന്ന ചടങ്ങില്‍ മെസി, ഭാര്യ അന്റോനെല്ലയ്ക്കൊപ്പമാണെത്തിയത്. മെസിയുടെ മക്കള്‍ ചടങ്ങിലുണ്ടായിരുന്നില്ല.ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിട്ടുള്ള താരവും മെസി തന്നെയാണ്. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്കലോണിയാണ് മികച്ച പരിശീലകന്. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.സ്പെയിനിന്റെ ബാഴ്സലോണ താരം അലക്സിയ പുറ്റിയാസ് മികച്ച വനിതാ താരമായി. ഇംഗ്ലണ്ടിന്റെ സറീന വീഗ്മാന്‍ മികച്ച പരിശീലകയായപ്പോള്‍ മേരി ഏര്‍പ്സ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഇത്തവണ ഭിന്നശേഷിക്കാരുടെ ഫുട്ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്ചിന് ഒലെക്സി നേടി.
ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഏഴാം തവണയും നേടി ലിയോണല്‍ മെസി
