yt cover 1

 

സംസ്ഥാനത്ത് അതിതീവ്ര മഴ. മഴക്കെടുതിയില്‍ അഞ്ചു മരണം. തിരുവനന്തപുരത്ത് മല്‍സ്യബന്ധനത്തിനു പോയ അഞ്ചു പേരെ കാണാതായി. കോട്ടയത്തും ഇടുക്കിയിലും മലയോരങ്ങളില്‍ ഉരുള്‍പൊട്ടി. പലയിടങ്ങളിലും വെള്ളപ്പൊക്കം. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്ക് ഉരുള്‍പൊട്ടിയ മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണി മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പതൊടി ഹമീദിന്റേയും നദീറയുടേയും മകന്‍ നാലു വയസുള്ള ആദം അയ്മന്‍ തോട്ടില്‍ വീണു മരിച്ചു. വയനാട് പടിഞ്ഞാറെത്തറയില്‍ മഞ്ഞൂറ സ്വദേശി ബെന്നി മീന്‍ വളര്‍ത്തുന്ന കുളത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്യവേ ഷോക്കേറ്റു മരിച്ചു.

തിരുവനന്തപുരത്ത് മുതലപ്പൊഴി, വിഴിഞ്ഞം ഭാഗങ്ങളില്‍നിന്ന് മല്‍സ്യബന്ധനത്തിനു കടലില്‍ പോയി കാണാതായ അഞ്ചു മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മഴയും കാറ്റും കൂസാതെ മുതലപ്പൊഴിയിലെ ബീച്ച് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിട്ട് ഉപരോധിച്ചു. തീരദേശ പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണയും നടത്തി.

സംസ്ഥാനത്തുടനീളം വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഡിങ്കി ബോട്ടുകളെത്തിച്ചു. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. വലിയ വാഹനങ്ങള്‍ക്കു വിലക്ക്. ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം. മലമ്പുഴ, നെല്ലിയാമ്പതി ഉള്‍പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടി. അരയാഞ്ഞിലിമണ്ണ് ക്രോസ് വേ പൂര്‍ണമായും മുങ്ങി. ഇവിടെ 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടര്‍മാരുമായും മുഖ്യമന്ത്രി വിഡി സതീശന്‍ സംസാരിച്ചു. എന്‍ഡിആര്‍എഫ്, പൊലീസ് സേനകള്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഒമ്പതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കുറച്ചത്.

റോഡുകളെല്ലാം മുങ്ങിയതോടെ പത്തനംതിട്ട ജില്ലിലെ റാന്നി ഒറ്റപ്പെട്ട നിലയിലായി. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ ഒപ്പിട്ടത് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തിനായി തടഞ്ഞുവച്ചിരുന്ന പല ഫണ്ടുകളും ലഭിക്കാന്‍ വേണ്ടിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പദ്ധതി നടപ്പാക്കനല്ല കരാറില്‍ ഒപ്പിട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കാവി വത്കരണത്തിന് തയ്യാറായിരുന്നില്ല. ഭരണം കിട്ടിയതോടെ യുഡിഎഫ് മലക്കം മറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന് മുന്‍ മന്ത്രി എം എം മണി. കനത്ത മഴയെ തുടര്‍ന്ന് പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏവരും ഒറ്റക്കെട്ടായി ഇറങ്ങണമെന്നും എം എം മണി ആവശ്യപ്പെട്ടു.

മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിക്കാതെ സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ എംഎല്‍എ കോടികള്‍ വിദേശത്തുനിന്നു കൊണ്ടുവന്നെന്നും പിണറായി വിജയന്‍ ആരോപിച്ചു.

തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടതിനെതിരേ ഹൈക്കോടതി. കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.

കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ തദ്ദേശ വകുപ്പ് ഒത്താശചെയ്തു കൊടുത്തതു നിയമലംഘനമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെഎസ് ശബരിനാഥന്‍. ഭരണം മാറിയിട്ടും ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ഫയലില്‍ എഴുതുകയാണ്. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നും ശബരിനാഥന്‍ വിമര്‍ശിച്ചു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മാര്‍ത്താണ്ഡത്തിനു സമീപം കൊലപ്പെട്ട നിലയില്‍. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തില്‍ അതുല്‍ (29) ആണു മരിച്ചത്.

സമുദ്ര മന്ഥന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഓഫ്‌ഷോര്‍ പര്യവേക്ഷണ പദ്ധതിക്കായി 84,084 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ക്കു മാപ്പ് റീലില്‍ മാത്രമാണോ, പോലീസെടുത്ത കേസുകള്‍ പിന്‍വലിക്കുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യവുമായി കോക്ക്റോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്കെ. മാപ്പ് നല്‍കുന്നതായി മേനി പറയുന്ന മോദി കേസുകള്‍കൂടി പിന്‍വലിക്കണമെന്ന് ദിപ്കെ പറഞ്ഞു.

കര്‍ണാടകത്തില്‍ ഓഗസ്റ്റ് 13 നു ബന്ത്. കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളാണു ബന്ത് പ്രഖ്യാപിച്ചത്. ബന്തിന് വിവിധ സംഘടനകളും. ഓട്ടോ ടാക്സി, സ്‌കൂള്‍ ജീവനക്കാര്‍, സിനിമ മേഖലയിലെ ഫിലിം ചേംബര്‍ തുടങ്ങിയവ പിന്തുണ അറിയിച്ചു.

ഇന്ത്യന്‍ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫായി മലയാളിയായ വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ് ചുമതലയേറ്റു. 36 വര്‍ഷത്തിലേറെ നീണ്ട സേവനകാലത്ത് കപ്പലുകളിലും കരയിലുമായി കമാന്‍ഡ്, ഓപ്പറേഷന്‍സ്, പരിശീലനം, സ്റ്റാഫ് ചുമതലകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളോട് ക്ഷമിച്ചെന്നു റീലിറക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. മോദി ഇരവാദം ഇറക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണമെന്നാണ് യുവാക്കള്‍ ആവശ്യപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

വിദ്യാര്‍ത്ഥികളെ ക്രിമിനലുകളെപ്പോലെ കാണുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചരക്കു കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിക്കുകയും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

കുവൈറ്റിനുനേരെ ഇറാന്റെ ആക്രമണം. ഡ്രോണുകളെ കുവൈറ്റ് വ്യോമപ്രതിരോധ സേന തകര്‍ത്തു. അതോടൊപ്പം രാജ്യത്തെ സുപ്രധാന സൈനിക, സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ കുവൈത്ത് ശക്തമായ ഭാഷയില്‍ അപലപിച്ചു.

ഒമാന്‍ തീരത്തിനു സമീപം സഞ്ചരിക്കുകയായിരുന്ന ചരക്കു കപ്പലിനു നേരെ ആക്രമണം. തിരിച്ചറിയാത്ത വസ്തു വന്ന് പതിച്ച് കപ്പലിനു കേടുപാടുകള്‍ സംഭവിച്ചു.

കറാച്ചിയിലെ ലിയാരി പ്രദേശത്ത് ഗുണ്ടാത്തലവന്‍ ഉസൈര്‍ ബലൂച്ചിന്റെ സഹോദരന്‍ സുബൈര്‍ ബലൂച്ചിന് നേരെ വെടിവയ്പ്. സുബൈറിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ലക്ഷ്യംതെറ്റി സഞ്ചരിക്കുന്ന സ്‌പേസ്എക്‌സ് റോക്കറ്റ് ബുധനാഴ്ച ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്ന് ശാസ്ത്രജ്ഞര്‍. ഒരു ഗര്‍ത്തം രൂപപ്പെടുകയും പൊടിയും അവശിഷ്ടങ്ങളും ഉയരുകയും ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ അയയ്ക്കാന്‍ ഉപയോഗിച്ച റോക്കറ്റാണ് ലക്ഷ്യംതെറ്റി ചന്ദ്രനില്‍ പതിക്കുന്നത്.

പേസര്‍ ജസ്പ്രീത ബുംറ കായികക്ഷമതാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ 15 അംഗ ഇന്ത്യന്‍ ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ഫിറ്റ്‌നസ് ക്ലിയറന്‍സ് ഇപ്പോഴാണു ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറയ്ക്ക് ലോര്‍ഡ്‌സില്‍ നടന്ന അവസാന മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടില്‍ നടക്കുന്ന ‘ദി ഹണ്ട്രഡ്’ ലീഗ് മത്സരത്തിന് ശേഷം ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗ്സും പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഫത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സതേണ്‍ ബ്രേവ്-ബര്‍മിംഗ്ഹാം ഫീനിക്സ് മത്സര ശേഷമായിരുന്നു ജെമീമയും ഫത്തിമ സനയും പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.

ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ പദ്ധതി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഉപേക്ഷിച്ചു. എല്ലാ മേഖലകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണു നിലപാടു മാറ്റിയത്.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 104 ശതമാനം ഉയര്‍ന്ന് 24.91 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 12.18 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 33.28 കോടി രൂപയില്‍ നിന്ന് 51.45 കോടി രൂപയായും ഉയര്‍ന്നു. മൊത്തം വരുമാനം 484.25 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 407.06 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 35,190 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം 29,051 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 19,404 കോടി രൂപയിലെത്തി. റീറ്റെയ്ല്‍ നിക്ഷേപങ്ങളില്‍ 18.62 ശതമാനം വളര്‍ച്ച നേടി. കറന്റ് ആന്റ് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 28.81 ശതമാനമാണ്. വായ്പകള്‍ 15,786 കോടി രൂപയായി ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 75.91 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. മൊത്ത നിഷ്‌ക്രിയ ആസ്തി 3.22 ശതമാനത്തില്‍ നിന്ന് 1.82 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.13 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനായി.

ഡീപ്ഫേക്കുകള്‍, എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങള്‍, ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുന്ന എ.ഐ. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമപ്രകാരം ചാറ്റ്‌ബോട്ടുകളോ മറ്റ് എ.ഐ. സങ്കേതങ്ങളോ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാന്‍ ലേബലോ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കോ നിര്‍ബന്ധമാകും. ഓപ്പണ്‍ എ.ഐ., ഡീപ് സീക്ക് ഉള്‍പ്പെടെയുള്ള എ.ഐ. കമ്പനികളുടെ പ്രവര്‍ത്തനങ്ങളും ഇവര്‍ നിരീക്ഷിക്കും. നിയമലംഘനങ്ങള്‍ രഹസ്യമായി അറിയിക്കാന്‍ ടെക് ജീവനക്കാര്‍ക്കായി ‘വിസില്‍ബൗളര്‍ ടൂളും’ ജനങ്ങള്‍ക്കായി മറ്റൊരു സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് വന്‍ പിഴ ചുമത്തുകയോ യൂറോപ്യന്‍ വിപണിയില്‍നിന്ന് വിലക്കുകയോ ചെയ്‌തേക്കാം. ഓപ്പണ്‍ എ.ഐ.യുടെയും ആന്ത്രോപിക്കിന്റെയും സുരക്ഷാവീഴ്ചകളാണ് യൂറോപ്യന്‍ യൂണിയന്റെ നടപടികള്‍ക്ക് വേഗംപകര്‍ന്നത്.

ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഒറിജിനല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈം ട്രാവല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ഹര്‍ഷാദ് നിര്‍വഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഫഹദ് ഫത്‌ലിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്നു. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ‘മാളികപ്പുറ’ത്തിനു ശേഷം രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ വാഹന നിരയിലേക്ക് പുതിയൊരു എസ്യുവി കൂടി എത്തിയിരിക്കുകയാണ്. ഔഡിയുടെ വാഹന നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍ എന്ന് വിശേഷിപ്പിക്കുന്ന ക്യു9 എസ്യുവിയാണ് ഔഡിയുടെ ഫ്‌ള്ഗ്ഷിപ്പ് എസ്യുവി പട്ടം സ്വന്തമാക്കി എത്തിയിരിക്കുന്നത്. ഔഡി വാഹനങ്ങളില്‍ ആദ്യമായാണ് 9 എന്ന അക്കം ചേര്‍ത്തുള്ള ഒരു മോഡല്‍ എത്തുന്നത്. സ്ലോവാക്യയിലെ ഔഡിയുടെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ വാഹനം 2027-ന്റെ പകുതിയോടെ മാത്രമേ ഇന്ത്യയില്‍ എത്തൂ. ഈ വാഹനത്തിന്റെ വില 1,08,400 യൂറോയാണ് (1.18 കോടി രൂപ). മെക്കാനിക്കലി കരുത്തനായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ക്യു9 ജര്‍മന്‍ പതിപ്പില്‍ 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 300 എച്ച്പി പവറും 630 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടിപ്പ്‌ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്നാല്‍, യുഎസില്‍ എത്തുന്ന ഝ9ല്‍ 2.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 പെട്രോള്‍ എന്‍ജിനാണുള്ളത് ഇത് 429 എച്ച്പി പവറും 599 എന്‍എം ടോര്‍ക്കുമേകും.

മൂന്നു പതിറ്റാണ്ടുകളിലൂടെ രചിച്ച പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതാനും പുതിയവയുമുണ്ട്. ഇതിലെ പല കഥകളും പ്രതീകാത്മകങ്ങളാണ്. ഉപരിപ്ലവമായ അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളത്. കൂടാതെ ചിലവ ശാസ്ത്ര മനഃശാസ്ത്ര തലങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. ‘യുദാസിന്റെ വാല്‍’. ജോണ്‍സണ്‍ പി ജെ. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 180 രൂപ.

എരിവ് കൂടിയ ഭക്ഷണം ധാരാളം കഴിക്കുന്നവര്‍ക്ക് ദഹനവ്യവസ്ഥയെ ബാധിക്കുന്ന അന്നനാള കാന്‍സര്‍ ഉള്‍പ്പെടെയുള്ളവ വരാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. കുറച്ചു മാത്രം മുളക് കഴിക്കുന്നവരെ അപേക്ഷിച്ച് വളരെയധികം മുളക് കഴിക്കുന്നവര്‍ക്ക് 64 ശതമാനം കൂടുതലാണ് കാന്‍സര്‍ സാധ്യത. എരിവുള്ള ഭക്ഷണം കുറച്ചുമാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെയധികം എരിവ് കഴിക്കുന്നവര്‍ക്ക് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്. ഉദരത്തിലെ അര്‍ബുദം അഥവാ മലാശയ അര്‍ബുദം ഇവയും വരാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. മുളകിലടങ്ങിയ ക്യാപ്സെസിന്‍ ആണ് അവയ്ക്ക് എരിവ് നല്‍കുന്നത്. ചില പഠനങ്ങള്‍ പറയുന്നത് ക്യാപ്സെയ്സിന് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി കാന്‍സര്‍ ഗുണങ്ങള്‍ ഉണ്ടെന്നാണ്. എന്നാല്‍ മറ്റ് ചില പഠനങ്ങള്‍ പറയുന്നത് അത് ട്യൂമറിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ്. കൂടാതെ കലകളില്‍ അസ്വസ്ഥതയുണ്ടാക്കാനും ഇവ കാരണമാകും. എരിവു കൂടിയ ഭക്ഷണം അമിതമായി കഴിക്കുന്നത് അന്നനാളത്തിന്റെ ആവരണത്തിന് ക്ഷതമേല്‍പ്പിക്കുകയും ക്രമേണ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഭക്ഷണത്തില്‍ നിന്ന് മുളക് ഒഴിവാക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മിതമായ അളവില്‍ മുളക് കഴിക്കുന്നതു കൊണ്ട് പ്രശ്നമില്ല എന്നും സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നത് നല്ലതാണെന്നും ‘ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.39, പൗണ്ട് – 128.65, യൂറോ – 110.00, സ്വിസ് ഫ്രാങ്ക് – 118.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.02, ബഹറിന്‍ ദിനാര്‍ – 254.18, കുവൈത്ത് ദിനാര്‍ -308.79, ഒമാനി റിയാല്‍ – 248.27, സൗദി റിയാല്‍ – 25.58, യു.എ.ഇ ദിര്‍ഹം – 25.98, ഖത്തര്‍ റിയാല്‍ – 26.20, കനേഡിയന്‍ ഡോളര്‍ – 68.05.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *