കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ മാര്‍ച്ചില്‍ പിരിച്ചെടുത്തത് 9.9 ശതമാനം വര്‍ധനവോടെ 1.96 ലക്ഷം കോടി രൂപയിലധികം. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമാഹരണമാണ് ഇത്. നികുതി റീഫണ്ടുകള്‍ ക്രമീകരിച്ചതിനുശേഷം 2025 മാര്‍ച്ചില്‍ അറ്റ ജിഎസ്ടി വരുമാനം 1.77 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രിലില്‍ ജിഎസ്ടി പിരിവ് 2.10 ലക്ഷം കോടി രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ നികുതി റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷമുളള ജിഎസ്ടി കളക്ഷന്‍ 8.6 ശതമാനം ഉയര്‍ന്ന് 19.56 ലക്ഷം കോടിയായി വര്‍ധിച്ചു. മാര്‍ച്ചില്‍ ജിഎസ്ടി വരുമാനത്തില്‍ ഉത്തര്‍പ്രദേശ് 10 ശതമാനം വാര്‍ഷിക വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, മഹാരാഷ്ട്ര 14 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് 6 ശതമാനം വളര്‍ച്ചയും തമിഴ്നാട് 7 ശതമാനം വളര്‍ച്ചയും കാണിച്ചു. മാര്‍ച്ചില്‍ ഡല്‍ഹി 5 ശതമാനം ജിഎസ്ടി വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലെ ജിഎസ്ടി വരുമാനം 10,000 കോടി രൂപയിലെത്തിക്കാന്‍ ഉത്തര്‍പ്രദേശിനെ സഹായിച്ചത് മഹാ കുംഭമേളയാണ്. മാര്‍ച്ചില്‍ പിരിച്ചെടുത്ത ജിഎസ്ടി 9 ശതമാനം വളര്‍ച്ചയോടെ 2,829 കോടി രൂപയാണ്. 2024 മാര്‍ച്ചില്‍ ഇത് 2,598 കോടി രൂപയായിരുന്നു.
ജിഎസ്ടി മാര്‍ച്ചില്‍ പിരിച്ചെടുത്തത് 1.96 ലക്ഷം കോടി
