മദ്ധ്യാഹ്ന വാർത്തകൾ 20261001 203511 0000

 

 

 

സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ചികിത്സചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയിൽ ബിൽ കൊണ്ടുവരും. മുറിവാടകയ്ക്കും മരുന്ന് വിലയ്ക്കും ഡോക്ടറെ കാണാനുള്ള ഫീസിനും പിടിവീഴും. ചർച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനികില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം.

 

സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം.അമ്പലപ്പുഴയിൽ നടന്ന പൊതു പരിപാടിയിലാണ് സുധാകരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

 

തന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്.ഡിവൈഎഫ്ഐയെ തനിക്ക് പേടിയില്ല, ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും ഒ.ജെ ജനീഷ് പറഞ്ഞു.

 

മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.നാടിന്‍റെ സമാധാനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സര്‍ക്കാര്‍ കർശനമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

ചെക്ക് കേസിൽ മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉടൻ നിയമപരമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം. കേസിലെ പരാതിക്കാരൻ ദിനേശ് മേനോൻ നൽകിയ ഹ‍ർജി തീ‍ർപ്പാക്കിയാണ് ഉത്തരവ്. സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

 

മന്ത്രി ഒജെ ജനീഷിന്റെ ഓദ്യോ​ഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

 

 

യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് മുഹമ്മദ് റിയാസ്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് പറയണമെന്നും മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ചയ്ക്കെതിരെ ചെറുവിരൽ അനക്കിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായി. കാലാവസ്ഥാ വിഭാഗത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

 

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്. നടക്കാവിൽ യൂത്ത് കോൺ​ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്.

 

മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. നാടകം ഉണ്ടാക്കുകയാണെന്നും മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോയപ്പോൾ ഫ്ലാഗ് പോസ്റ്റ്‌ ഉണ്ടെന്നും പിന്നെങ്ങനെ ഡിവൈഎഫ്ഐ ഒടിച്ചു എന്ന് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. കല്ല് ഉപയോഗിച്ച് ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നു. പ്രതിഷേധം ഇനിയും തുടരും.

 

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്നും കാബിനറ്റ് ബ്രീഫിങ് വന്നിട്ടില്ലെന്നും എം കെ മുനീർ. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാൽ മാത്രമേ തനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീർ വിശദമാക്കി.

 

യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിഡി സതീശനെതിരെയും അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്.യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നണിയിലെ കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് വ്യക്തമാക്കി അടൂർ പ്രകാശ് എംപി. മുന്നണിയിലെ കൂടിയാലോചനകൾ ഇല്ലാത്തതിലുള്ള കടുത്ത അതൃപ്തി അദ്ദേഹം പരസ്യമാക്കി. കൂടാതെ എസ്എഫ്ഐ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

മുഖ്യമന്ത്രി വി ഡി സതീശനെ വ്യാജ രേഖ ചമച്ച് അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. കളമശേരി പൊലീസിന് മുന്നിലാണ് ആന്‍റോ ചോദ്യം ചെയ്യലിന് ഹാജരായത്. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട് എന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ആന്‍റോ പ്രതികരിച്ചു.

 

മമത ബാനർജിയെ ഒഴിവാക്കിയാൽ ‘ഇന്ത്യ’ മുന്നണിയിൽ ചേരാമെന്ന് റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. മമത ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഈ ഉപാധി വെച്ചത്

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. ദില്ലി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് നാളെ സമരം. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറുകണക്കിന് യുവാക്കൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

 

ഉത്സവ സീസൺ പ്രമാണിച്ച് പഞ്ചസാരയുടെ പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാൻ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാപാരികൾക്ക് പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാനുള്ള സമയപരിധി 15 ദിവസമായും അളവ് 1000 ക്വിന്റലായും കുറച്ചു. വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കളിൽ എത്തിക്കാനാണ് ഈ നടപടികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

 

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദില്ലിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി.

 

കർണാടകയിൽ ചീഫ് ഇലക്ട്രൽ ഓഫീസിൽ കുത്തിയിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബികെ ഹരിപ്രസാദും മന്ത്രിമാരും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ ന്യൂനപക്ഷ വോട്ടുകൾ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

 

അവിഭക്ത തൃണമൂൽ കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ടിഎംസി മമത ബാനർജി വിഭാഗം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാൾ പോലീസിന്റെ സൈബർ സെൽ ഇന്ത്യൻ ബാങ്കിലെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല.

 

ധർമ്മസ്ഥലയിൽ നിരവധി ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് സ്റ്റേഷൻ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള അസ്വാഭാവിക മരണങ്ങളുടെ എണ്ണവും മറ്റ് ഔദ്യോഗിക രേഖകളിൽ കാണിച്ചിട്ടുള്ള എണ്ണവും തമ്മിൽ വൈരുദ്ധ്യങ്ങളുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

 

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദ്ദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാൻ, ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *