അമേരിക്കന്‍ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ പിടിവിട്ട് സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 80,000 കടന്നു. ഗ്രാമിന് 125 രൂപ വര്‍ദ്ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ദ്ധിച്ച് 80,880 രൂപയുമായി. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെ സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 50 രൂപ വര്‍ധിച്ചിരുന്നു. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8,300 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,465 രൂപയിലും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,165 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. ഡോളര്‍ സൂചിക 0.10 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങല്‍ എളുപ്പമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,652 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 88.03 രൂപയിലുമെത്തി. ഇന്ന് ഒരു പവന് സ്വര്‍ണാഭരണത്തിന് കുറഞ്ഞത് 87,500 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
80,000 കടന്ന് സ്വര്‍ണവില, ഗ്രാമിന് 10,110 രൂപ!
