കറുവപ്പട്ട പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കറുവപ്പട്ടയിലെ പ്രധാന ഘടകങ്ങളായ സിന്നമാല്ഡിഹൈഡും പ്രോസയാനിഡിന്‍ ബി 2 എന്നിവയാണ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത് പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുന്നതായി എന്‍ഐഎന്‍ കണ്ടെത്തി. ‘കറുവപ്പട്ടയുടെ കീമോപ്രിവെന്റീവ് ഇഫക്റ്റും അതിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങളും എന്ന തലക്കെട്ട് നല്കി അന്തര്‍ദേശീയ പിയര്‍ റിവ്യൂഡ് ജേണലായ ‘കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍’ പഠനം പ്രസിദ്ധീകരിച്ചു. കറുവപ്പട്ടയുടെ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെയും കീമോപ്രിവന്റീവ് ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് പഠനം ലക്ഷ്യമിട്ടത്. കറുവപ്പട്ടയ്ക്കും അതിന്റെ സജീവ ഘടകങ്ങള്‍ക്കും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം ലഘൂകരിക്കാനും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം കുറയ്ക്കാനും കഴിയുമെന്ന് പഠനത്തില്‍ നിരീക്ഷിച്ചു. അസ്ഥി ധാതുക്കളുടെ ഉള്ളടക്കത്തിലും ഈ എലികളിലെ അസ്ഥികളുടെ ശോഷണം കുറയുന്നതും നിരീക്ഷിച്ചു. ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണമായ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുമായി കറുവപ്പട്ട ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ആര്‍ത്തവ വേദനയെ നേരിടാന്‍ കറുവപ്പട്ട വെള്ളം സഹായിക്കുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം ആര്‍ത്തവ വേദനയുടെ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കറുവപ്പട്ട!
