അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കാഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ ബിഎ.3.2 അമേരിക്കയില്‍ മാത്രം 29 സ്റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന ബിഎ.3 വംശത്തില്‍ നിന്നാണ് ഉത്ഭവം. ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു. നിലവില്‍ രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
അമേരിക്കയില്‍ പടര്‍ന്ന് കോവിഡ് വകഭേദം സിക്കാഡ
