വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ലോക റാങ്കിംഗില്‍ ആദ്യ നൂറില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ പുറത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണിത്. 2025-ന്റെ തുടക്കത്തില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്ക് ആദ്യ നൂറിനുള്ളില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട്, ആഭ്യന്തര വിപണിയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടതോടെ മിക്ക ഓഹരികളും പ്രധാന സൂചികയേക്കാളും നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 6 ഇന്ത്യന്‍ കമ്പനികള്‍ക്ക് 100 ബില്യണ്‍ ഡോളറിന് (10,000 കോടി ഡോളര്‍) മുകളില്‍ വിപണി മൂല്യം ഉണ്ടായിരുന്നു. നിലവിലത് മൂന്ന് കമ്പനികളായി ചുരുങ്ങി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലുള്ളത്.
