യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ് മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും.
അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ. അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും, പ്രസിഡന്റ് എന്ന നിലയിൽ എല്ലാവരുമായി കൂടി ആലോചിച്ചാണ് താൻ തീരുമാനം എടുക്കുന്നതെന്നും കെ പി സി സി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു.
അടൂർ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. എന്നാൽ അടൂർ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ തള്ളി മന്ത്രി എ.പി. അനിൽകുമാർ. ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത് അവിടെയാണ് ചർച്ചകൾ നടത്തേണ്ടത്. ചർച്ചകളിൽ അഭാവമുണ്ടെങ്കിൽ അത് പൊതുവായിട്ടല്ല പറയേണ്ടത്. അനിൽകുമാർ പറഞ്ഞു.
ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റുമെന്ന് നിയുക്ത ചെയർമാൻ എംകെ മുനീർ. കമ്മീഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തും. മുൻപ് വേണ്ട ഇടപെടലുകൾ നടക്കാത്തത് കൊണ്ടാണ് ആലങ്കാരിക പദവി എന്ന വിമർശനം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എടുക്കുന്നതെന്നും മന്ത്രി കെ പികുഞ്ഞാലിക്കുട്ടിയും ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. എംകെ മുനീറിന്റെ നിയമനം അടക്കം ചർച്ചകളിലൂടെ സ്വീകരിച്ചതെന്നും നേതാക്കൾ പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷരീഫ്. അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം എന്നാണ് ബിആർഎം ഷരീഫിന്‍റെ കുറിപ്പ്.
അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും ഞാൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഡെ. സ്പീക്കർ പറഞ്ഞു. അതേസമയം പാർട്ടിയുടെ മുഖം വികൃതമാക്കുന്ന പ്രതികരണം ആരും നടത്താൻ പാടില്ലെന്നും കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും വനിതാ നേതാവ് ദീപ്തി മേരി വർഗീസും പറഞ്ഞു.
തന്റെ എഐ ഡാൻസ് വീഡിയോ മെറ്റ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കംചെയ്യാൻ നിർദേശിച്ചത് ശരിയായില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ. വെള്ളിയാഴ്ച ഒരു പ്രസംഗത്തിനിടെയാണ് തന്റെ എഐ ഡാൻസ് വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ടെങ്കിലും ജോസഫിന്‍റെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല, തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടിഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണം ഇല്ലാതെ നൽകിയതെന്നാണ് വിവരം.
കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ലെന്നാണ് വിവരം.
മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. മരുന്നുകളുടെ റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്.
വാഹനം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്. പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കട്ടെയെന്നും തന്നെ തടഞ്ഞതിന് കേസെടുക്കാൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറായിരുന്ന എ ജയതിലകിന്റെ വിവാദ ഉത്തരവിന്റെ പേരിൽ , സംസ്ഥാനത്ത് നടന്ന മരംമുറിയിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ഉന്നതരിലേക്കെത്താതെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം.
സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയ്. വ്യാഴാഴ്ച വൈകിട്ട് സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരേ ജോയ് ഭീഷണി മുഴക്കിയത്.
പരപ്പനങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.പ്രവാസി യുവതിയിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് ശ്രീജിയാണ് അറസ്റ്റിലായത്.
തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്ന് കളഞ്ഞതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യയുടെ (78) രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്.
അടൂർ പന്നിവിഴയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സെപ്റ്റംബർ 30 ന് വൈകീട്ടാണ് സംഭവം. പൊലീസ് കേസ് എടുത്തു. കുട്ടി ബഹളം വെച്ചപ്പോൾ ഇറക്കിവിട്ടു. കാറിൽ എത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നാണ് പരാതി.
വിമാന ഇന്ധന വില കുത്തനെ കൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഉയരും. ലിറ്ററിന് 16 രൂപയുടെ വർധനവാണ് ഉണ്ടായതോടെ വിമാന ഇന്ധനവില ലിറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. ഭാവിയിൽ സുപ്രിംകോടതിയിൽ ഹർജി വരാനുള്ള സാധ്യതയുള്ളതിനാൽ കൂടിക്കാഴ്ച ഉചിതമല്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തിരുന്നു. തീരുമാനം സുപ്രീം കോടതി സെക്രട്ടറി ജനറൽ ജെപിസിയെ രേഖാമൂലം അറിയിച്ചു.
സൗദി അറേബ്യയിലെ മദീനയിലുള്ള തൈബ സിവിലിയൻ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണം നടന്നതായി സഖ്യസേന അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 5:11 നാണ് ആക്രമണമുണ്ടായത്.
സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസിയിൽ പുതിയ ഉപസ്ഥാനപതിയായി മുതിർന്ന നയതന്ത്രജ്ഞൻ ബഷീർ അഹമ്മദ് ചുമതലയേറ്റു. 2009 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്നു.
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് ബന്ധമുണ്ടെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ക്രിക്കറ്റ് കളിനിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മെർലിബോൺ ക്രിക്കറ്റ് ക്ലബ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങളില്‍ 73 പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.ആധുനിക ക്രിക്കറ്റിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും ബാറ്റിംഗും ബൗളിഗും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ഡെൻമാർക്കിനെതിരെ മിന്നും ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ഡെൻമാര്‍ക്കിനെ തകർത്തത്. പുതിയ പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടതിനു ശേഷമുള്ള പോർച്ചുഗലിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്.
