രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഒ.ബേബി’യിലെ ഗാനം പുറത്ത് വിട്ടു. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഹരിനാരായണന് ബി കെയാണ് ഗാനരചന. സംഗീതം നല്‍കിയിരിക്കുന്നത് വരുണ്‍ കൃഷ്ണയും പ്രണവ് ദാസും ചേര്‍ന്നാണ്. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ‘ഒ.ബേബി’യില്‍ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദിലീഷ് പോത്തന് നായകനാകുന്നു എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ‘ഒ ബേബി’. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദിന്റെ ‘ഒ.ബേബി’ ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക. ദിലീഷ് പോത്തന്, അഭിഷേക് ശശിധരന്, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്, ഷിനു ശ്യാമളന്, അതുല്യ ഗോപാലകൃഷ്ണന്, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഒ.ബേബി’യിലെ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം
