സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തുന്ന ബാക്ടീരിയ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ദഹനവ്യവസ്ഥിതിയെ തകരാറിലാക്കുകയും രോഗമായി മാറുകയും ചെയ്യും. ഷിഗെല്ലയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. പലപ്പോഴും ഇതില്‍ രക്തത്തിന്റെ സാന്നിധ്യം കാണപ്പെടാന്‍ സാധ്യതയുണ്ട്. പനി, വയറു വേദന, വയറു ശൂന്യമായിരിക്കുമ്പോള്‍ പോലും ഇടയ്ക്കിടെ ശോധന അനുഭവപ്പെടുക. ബാക്ടീരിയ ശരീരത്തിലെത്തി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ദിവസം മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ത്തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. പൊതുവേ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സാധാരണ ജീവത്തിലേക്ക് തിരികെയെത്താറുണ്ട്. ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. അസുഖ ബാധിതനായ വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക.ഷിഗെല്ല ബാധിതരായ വ്യക്തികളെ ഒരു കാരണവശാലും ഭക്ഷണം പാകം ചെയ്യാനും മറ്റും അനുവദിക്കരുത്.
ഷിഗെല്ലയുടെ പ്രധാന ലക്ഷണം വയറിളക്കം
