രാജ്യത്ത് ജിഎസ്ടി പിരിവില്‍ വന്‍ വര്‍ധന. ദേശീയതലത്തില്‍ സെപ്റ്റംബറില്‍ 14.7% വര്‍ധനയോടെ 2.04 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. 2025 സെപ്റ്റംബറില്‍ 1.77 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര ജിഎസ്ടിയായി 37,762 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 45,363 കോടിയുമാണ് കഴിഞ്ഞമാസം പിരിച്ചത്. സംയോജിത ജിഎസ്ടിയായി 1.20 ലക്ഷം കോടിയും പിരിച്ചു. ആഭ്യന്തര ഇടപാടുകളില്‍ നിന്ന് 10.1% വര്‍ധനയോടെ 1.37 ലക്ഷം കോടി രൂപയും ഇറക്കുമതി ഉല്‍പന്നങ്ങളുടെ ജിഎസ്ടിയായി 25.9% കുതിപ്പോടെ 65,525 കോടിയും കഴിഞ്ഞമാസം പിരിച്ചെടുത്തു. ഏപ്രില്‍-സെപ്റ്റംബറിലെ ആകെ സമാഹരണം 12.46 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ 11.17 ലക്ഷം കോടിയേക്കാള്‍ 11.6% അധികമാണിത്. മഹാരാഷ്ട്രയാണ് മുന്നില്‍; 15% വളര്‍ച്ചയോടെ 29,986 കോടി രൂപ. കര്‍ണാടക 16% വളര്‍ച്ചയോടെ 13,884 കോടി സമാഹരിച്ചു. 17% വളര്‍ച്ചയോടെ 12,222 കോടി പിരിച്ചെടുത്ത ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശ് 18% വര്‍ധനയോടെ 8,882 കോടിയും പിരിച്ചു. കേരളത്തില്‍ 11% വര്‍ധനയുമായി 3328 കോടി രൂപയാണ് പിരിച്ചത്. 2025 സെപ്റ്റംബറില്‍ ഇത് 3010 കോടിയായിരുന്നു.
