നോർവേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റൻപോസ്റ്റൻ വിവാദത്തിൽ. നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. മോദിയെ ഒരു ‘പാമ്പാട്ടി’യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്. ‘കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്. ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു ‘പാമ്പാട്ടികളുടെ നാടായി’ മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്നാണ് ആരോപണം.
നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം
