Untitled design 20250112 193040 0000 1

 

കനത്ത മഴയെത്തുടർന്ന് നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

 

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന ചോദ്യവുമായി മുൻ റവന്യൂ മന്ത്രി കെ രാജൻ എം എൽ എ. പി എം ശ്രീ നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നാരാണ് പറഞ്ഞത്. ഒപ്പിടാൻ പറഞ്ഞത് ആരാണെന്ന് സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്നും രാജൻ ആവശ്യപ്പെട്ടു.

 

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിന്റെ നിലപാടിനെതിരെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ആദർശ് എം സജി ചൂണ്ടിക്കാട്ടി.

 

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രിസഭ വിശദമായി ചർച്ച ചെയ്തതായും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ നേരത്തെ തീരുമാനിച്ച മൂന്ന് മന്ത്രിമാർ അടങ്ങുന്ന ഉപസമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അനിൽ കുമാർ വ്യക്തമാക്കി.

 

പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്‍റിൽ വ്യക്തമാക്കിയതോടെ കേരളത്തിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ കോൺഗ്രസും യുഡിഎഫും വാദങ്ങൾ പൊളിഞ്ഞെന്ന് മുൻ മന്ത്രി എംബി രാജേഷ്. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങൾക്ക് പാർലമെന്‍റിൽ മറുപടി നൽകിയിരുന്നു.

 

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പി എം ശ്രീ വിലയിരുത്താൻ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രം വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയുന്നതിലാണ് അർത്ഥമുള്ളതെന്ന് ഷാജി വ്യക്തമാക്കി.

 

സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഡിജറ്റിൽ സര്‍വേ നിലയ്ക്കുന്നു. കരാറുകാരെ നാളെ മുതൽ വെട്ടിക്കുറയ്ക്കാനും വകുപ്പിലെ ജീവനക്കാരെ വെച്ച് സര്‍വേ തുടരാനും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഡിജിറ്റൽ സര്‍വേ നിര്‍ത്തില്ലെന്നും ഫണ്ട് പ്രശ്നം പരിഹരിക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാര്‍ പറഞ്ഞു.

 

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം. അപേക്ഷയിൽ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് വിലയിരുത്തൽ.

 

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആര്‍ സുഗതന്‍റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പിന്‍റെ കത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് അതൃപ്‌തി. അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നൽകിയ സാഹചര്യം അന്വേഷിക്കും.

 

പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം പുകയുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കി.

 

കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്.

 

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ കൊച്ചി മെട്രോ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിക്കുകയും ചെയ്തു.

 

ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷം, മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂജാരിയായ മുതുവണ്ണാച്ച സ്വദേശി സി കെ വിനോദനെയാണ് കോടതി ശിക്ഷിച്ചത്.2024 സെപ്റ്റംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

 

സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് ഹർ‍ജിയിൽ ആവശ്യപ്പെടുന്നു.

 

പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയുമാണ് അനുവദിച്ചത്.

 

കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ 34 വർഷങ്ങൾക്ക് ശേഷം വിധി. കേസിലെ മൂന്ന് പ്രതികളെയും തിരുവനന്തപുരം സി ബി ഐ കോടതി വെറുതെ വിട്ടുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. അബ്കാരി കരാറുകാരൻ വിജയൻ, മുൻ എം എൽ എ പി കുമാരന്റെ മകൻ സുധീർ, ഇവരുടെ മാനേജർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

 

സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രിയോടെയാണ് അവസാനിക്കുന്നത്.

 

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വീണ്ടും കെഎസ്‌യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10ന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടതിന് പിന്നാലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ടിരുന്നു. പുറത്തുനിന്നെത്തിയ കെഎസ്‌യു പ്രവർത്തകരാണ് കോളേജ് കോമ്പൗണ്ടിൽ കൊടിമരം സ്ഥാപിച്ചത്.

 

അപകടത്തിൽ പെട്ട് മേഘാലയയിൽ ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദിൽഷാദ് ഇക്കാര്യം പറഞ്ഞത്.

 

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എ ബി വി പി രംഗത്ത്. ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്നത് വ്യാജ പ്രചരണമെന്നും എ ബി വി പി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിംഗ്സോളങ്കി പറഞ്ഞു.

 

മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ കുപ്തി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച അഹില്യാനഗർ ജില്ലയിലെ ലോണി പ്രദേശത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

 

തമിഴിനാട്ടിൽ സർക്കാരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല. തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.

 

രാജ്യത്തെ കർഷകർക്ക് വമ്പൻ ആശ്വാസ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയത്.

 

എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപത്തിനിടെയാണ് സംഭവം. അങ്കിത് ശർമ്മ കൊല്ലപ്പെ‌ടുകയായിരുന്നു. കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കിടെയാണ് വിധി പുറപ്പെടുവിച്ചത്.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം സംബന്ധിച്ച് പാലിച്ച നീണ്ട മൗനത്തിന് ശേഷം പ്രതികരണവുമായി ബിജെപി എംപി രാഘവ് ഛദ്ദ. മുൻ ആം ആദ്മി പാർട്ടി നേതാവും നിലവിൽ ബിജെപി എംപിയുമായ രാഘവ് ഛദ്ദ, പരീക്ഷാ ചോർച്ച തടയുന്നതിനുള്ള പുതിയ നിയമത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയിലാണ് തനിക്ക് വന്ന നിലപാടിലെ മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്.

 

ബിജെപി ദേശീയ വക്താവായ ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലെ’ തന്റെ ബയോയിൽ നിന്ന് ബിജെപി ദേശീയ വക്താവ് എന്ന ടാഗ് അദ്ദേഹം നീക്കം ചെയ്തു. തന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

 

കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്ന് ഉറപ്പായി. തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

 

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്‍യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി.

 

പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്നും ഇന്ത്യയിലെ ‘കോക്രോച്ച് പാർട്ടിയുടെ’ മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനിൽ ഉണ്ടായാൽ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി. ഇന്ത്യയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്ഥാനിലും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്.

 

അമേരിക്കൻ എഐ മോഡലുകളുടെ ഔട്ട്പുട്ടുകൾ ഉപയോഗിച്ച് ചൈന സൈനിക എ.ഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതായി റിപ്പോർട്ട്. ‘മോഡൽ ഡിസ്റ്റിലേഷൻ’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എസ് മോഡലുകളുടെ കഴിവുകൾ സ്വന്തമാക്കുന്നുവെന്നാണ് ആരോപണം. ഇത് യു.എസ്-ചൈന എ.ഐ സുരക്ഷാ ചർച്ചകളിൽ പുതിയ തർക്കവിഷയമായി മാറിയിരിക്കുകയാണ്.

 

തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്കക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. ബൾഗേറിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശ സൈനിക താവളങ്ങൾ ദുരുപയോഗം ചെയ്താൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

 

സൗദി അറേബ്യയിൽ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. ജിദ്ദ, മക്ക തുടങ്ങിയ പ്രധാന നഗരങ്ങളിൽ 6 മിനിറ്റോളം പൂർണ്ണമായി ഇരുട്ട് അനുഭവപ്പെടും, ഈ സമയം ആകാശത്ത് നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടും. റിയാദ്, യുഎഇ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാൻ സാധിക്കുക.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *