Untitled design 20250112 193040 0000

 

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടി ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തായിരുന്നു എസ്ഐടി ഹർജി.

 

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്.

 

 

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിനെ തിരിച്ചടിയായി കാണുന്നില്ലെന്നും ആവശ്യമെങ്കിൽ അപ്പീൽ പോകുന്നത് പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

 

കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ. പുതിയ നീക്കം വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ പ്രതികരിച്ചു.

 

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളും സി പി എമ്മിന് പറ്റിയ ദൗർബല്യങ്ങളും എണ്ണിയെണ്ണി പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യവും യുഡിഎഫ്-ബിജെപി ഡീലുമാണെന്ന് സിപിഎം. വെള്ളാപ്പള്ളിയുടെ പരാമർശം, യോഗിയുടെ സന്ദേശം തുടങ്ങിയ വിഷയങ്ങളിലെ പിഴവുകൾ പാർട്ടി ഏറ്റുപറഞ്ഞു. തോൽവിയിൽ പിണറായിയെ സംരക്ഷിക്കുന്നതാണ് സിപിഎം നിലപാട്

 

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎൽഎ തുടരാൻ ധാരണയായി. പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്ത സംസ്ഥാന സെന്റർ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

 

ഇടുക്കിയിൽ എച്ച്1എൻ1പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ ആണ് മരിച്ചത്. 82 വയസ്സായിരുന്നു.പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

 

തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമെന്ന് സമ്മതിച്ച സിപിഎം, പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു. ഇതിനായി ഒരു വാട്സാപ്പ് നമ്പറും ഇമെയിൽ ഐഡിയും പാർട്ടി പുറത്തുവിട്ടതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.എല്ലാവരുടേയും പൂർണ്ണ പിന്തുണ തേടും. ജനാധിപത്യ ശൈലിയിൽ അഭിപ്രായം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വിദേശ പ്രഭാഷകക്ക് ഇരുപതിനായിരം രൂപക്ക് പകരം 20000 ഡോളർ നൽകിയ സംഭവത്തിൽ നഷ്ടപ്പെട്ട 17 ലക്ഷം രൂപ അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള വിസിയുടെ ഉത്തരവ്. ലാറ്റിനമേരിക്കൻ പഠനകേന്ദ്രം ഡയറക്ടറിൽ നിന്ന് ഈടാക്കാനാണ് നിർദേശം. ഓൺലൈൻ പ്രഭാഷണം നടത്തിയതിനാണ് പണം നൽകിയത്.

 

കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിനുത്തരവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തയെന്നും ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തയും മാധ്യമപ്രവർത്തകർ എഴുതുന്നതും നോക്കിയിട്ടല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് നാളെ വൈകിട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

 

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്താക്കി.

 

കർണാടകയിലെ ദാവൺഗരെയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത.പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പ് നൽകി.

 

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ സിഐഡി സംഘം പരിശോധന നടത്തി. ഇതേ കേസിൽ മമതയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ വസതിയിലും ഒരേസമയം പരിശോധന നടന്നു.

 

 

മധ്യപ്രദേശിൽ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി. കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ബിജെപി പരാതിയിലാണ് നടപടി. ഏകപക്ഷീയ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയെ സമീപിച്ചേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

മധ്യപ്രദേശിൽ രാജ്യസഭാ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതിഷേധിച്ച് ദില്ലിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് തടയുകയും മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

 

തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക സിങ്കപ്പെൺ ദൗത്യസേന നിലവിൽ വന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം നിർവഹിച്ചു. സിങ്കപ്പെൺ ലോഗോ പ്രകാശനം ചെയ്ത വിജയ്, സേനയ്ക്കായി പ്രത്യേകം തയാറാക്കിയ വാഹനങ്ങൾ ഓടിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്

 

ചന്ദ്രയാൻ മൂന്ന് അടക്കം ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങൾ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റിനെ സ്വകാര്യമേഖലക്ക് കൈമാറുന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നടപടിക്രമങ്ങൾ തുടങ്ങി. ആദ്യ പടിയായി ഇൻസ്പേസ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.

 

സ്വന്തം മണ്ഡലത്തിലെ വമ്പൻ സ്വീകരണത്തിനിടെ കടിച്ച ശേഷം ആപ്പിളുകൾ വലിച്ചെറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വീഡിയോയ്ക്ക് വലിയ വിമർശനം. ഡി കെ ശിവകുമാർ ആപ്പിളുകൾ കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം.

 

ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 13,000 കോടി രൂപയുടെ പുതിയ സൈനിക-സിവിലിയൻ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഞ്ചു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കൽ ലക്ഷ്യം.

 

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ സർക്കാർ അധികാരമേറ്റതോടെ അഴിമതി കുറഞ്ഞെന്ന് എൻഡിഎ നേതാവും പിഎംകെ അധ്യക്ഷനുമായ അൻപുമണി രാമദാസ്. ഒരു മാസം കൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം വിവരിച്ചു

 

 

നടിയും എംപിയുമായ കങ്കണ റണാവത്ത് നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ (ഗവേഷക വിഭാഗം) ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് അയച്ചത്

 

ഇന്ത്യ സഖ്യ യോഗത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് ഡിഎംകെ സ്ഥിരീകരിച്ചു. പാർട്ടി മുഖപത്രമായ മുരശൊലിയിലൂടെയാണ് ഈ വെളിപ്പെടുത്തൽ. പ്രവർത്തകരുടെ വികാരം അറിയിച്ചതാണെന്നും ഡിഎംകെ വ്യക്തമാക്കി

 

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണമുള്ള ഊര്‍ജ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി വീണ്ടും സജീവമാകുന്നു. ഒമാനില്‍ നിന്ന് അറബിക്കടലിനടിയിലൂടെ ഗുജറാത്തിലേക്ക് ഏകദേശം 2,000 കിലോമീറ്റര്‍ നീളമുള്ള വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനാണ് നീക്കം.

 

പാക് അധീന കശ്മീരിൽ നിരോധിച്ച ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പാകിസ്താൻ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ മരണം 30 കടന്നു. ആക്രമണത്തിൽ 200ൽ അധികം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലകോട്ട് നഗരത്തിൽ ജൂൺ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ഹർത്താലിന് മുന്നോടിയായാണ് പ്രദേശത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *