Screenshot 20260613 141344

‎കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

‎തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് പ്രിയ ദർശിനി പദ്ധതി ബസില്‍ യാത്ര തുടങ്ങുന്നതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്ര യെന്നും അദ്ദേഹത്തിൻ്റെ പോസ്റ്റിലുണ്ട്.

‎പ്രിയ ദർശിനി പദ്ധതി പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

‎പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗമാണെന്നും, സ്വകാര്യ ബസുടമകൾക്കും പ്രയോജനകരമാകുന്ന രീതിയിലുള്ള അന്തരീക്ഷം കൂടി ഈ സർക്കാർ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‎സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതായി ആക്ഷേപം.

‎കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളമോർച്ച പ്രവർത്തകർ. ഓര്‍ഡിനറി ബസിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബസ് സ്റ്റാൻഡിൽ പ്രതിഷേധിച്ച ശേഷം ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിക്കുകയായിരുന്നു.

‎ഓപറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്നും പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസിൽപ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.

‎ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്നു അദ്ദേഹം പറഞ്ഞു.

‎ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ടെന്ന് കെ മുരളീധരൻ പറ‍ഞ്ഞു.

‎സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാൻ ഇ ഡി. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ബുധനാഴ്ചയാണ് ഹാജരാവേണ്ടത്.

‎സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം നാലാമത്തെ ഷിഗെല്ല മരണമാണിത്.

‎ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നമ്മുടെ ഇന്നത്തെ യുവാക്കളിൽ ചിലരെ പിടികൂടിയിരിക്കുന്ന അങ്ങേയറ്റത്തെ വിവരക്കേടിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്‍റെ വീ‍ഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.

‎ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എ പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആത്മക്കഥയിൽ എഴുതുന്ന കാര്യങ്ങൾ അന്വേഷിക്കുമെന്നും പുതിയ അന്വേഷണത്തിന്റെ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

‎ആർ.എസ്.എസ് പരിപാടിയിൽ കേരളത്തിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വിമർശിച്ച് കെ സി വേണുഗോപാൽ എംപി. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ലെന്ന് അദ്ദേഹം പറഞ്ഞു.

‎വി സിമാർ ആർ എസ് എസ് വേദിയിൽ പങ്കെടുത്ത സംഭവത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന് മന്ത്രി കെ എം ഷാജി. കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുണ്ട്. മൈക്ക് കാണുമ്പോൾ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‎ബി ജെ പി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ചപ്പോൾ ഇങ്ങനെയുള്ള ഒരാളായിരുന്നല്ലോ മുൻപ് സംസ്ഥാനത്തെ ഡി ജി പി എന്ന് ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു.

 

‎മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിൽ വീണത്.

‎മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു

‎നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

‎ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത പരമാധികാരത്തിന്മേൽ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‎ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് ചേക്കേറാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ 1.07 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സംസ്ഥാന ഉപഭോക്തൃ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

‎മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം.3 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്.

‎ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പോലീസ് സ്റ്റേഷൻ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് അധികൃതർ രംഗത്തെത്തി. മീററ്റ്-ബുലന്ദ്ഷഹർ റോഡിലുള്ള പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് സംഭവം.

‎അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക സമാധാനക്കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്. നെതന്യാഹു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണെന്നും, ഇറാൻ്റെ പക്കൽ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നുവെന്നും, അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *