yt cover 33

 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറില്‍ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. അട്ടിമറിയില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നല്‍കിയിരുന്നു.

എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആ പദവിയില്‍ ഇരിക്കാന്‍ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഊഴംവച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. തൃശൂര്‍ പൂരം കലക്കലില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേതീരൂവെന്ന് സിപിഐക്ക് ഒരു വാശിയുമില്ലെന്നും ഇടതുപക്ഷ ഐക്യമാണ് സിപിഐ രാഷ്ട്രീയത്തിന്റെ കാതലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ജനപ്രതിനിധികള്‍ക്ക് ഫോണ്‍ ചെയ്ത് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തട്ടിപ്പിന് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഡല്‍ഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താനായി കേരള പൊലീസിന്റെ പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു.

കേരളത്തില്‍ കപ്പല്‍ നിര്‍മാണ പദ്ധതിക്കു ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശ വാദം ടാറ്റ ഗ്രൂപ്പ് തള്ളിയെന്ന് ഇക്കണോമിക് ടൈംസ്. കേരളത്തിലെന്നല്ല ടാറ്റയ്ക്ക് ഒരിടത്തും കപ്പല്‍ നിര്‍മാണശാല ഇല്ലെന്ന് കമ്പനി വിശദീകരിച്ചെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

വഖഫ് ബോര്‍ഡിനെതിരെ ഹര്‍ജിക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയിലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ വഖഫ് ബോര്‍ഡംഗം ഉമര്‍ ഫൈസി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ കാണാന്‍ തടസ്സമില്ലെന്നും മന്ത്രി കെ. മുരളീധരന്‍. നമ്മുടെ കുട്ടികളല്ലേ കെ എസ് യുകാരെന്നും മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും തടസ്സമില്ലെന്നും വൈകിട്ട് നാലു മുതല്‍ എല്ലാവരെയും മുഖ്യമന്ത്രി കാണുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രി അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിക്കുന്ന വി ആര്‍ അനൂപിനെയും, ജിന്റോ ജോണിനെയും പാര്‍ട്ടി മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍ കെപിസിസി പ്രസിഡന്റിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനും പരാതി നല്‍കി.

ഇടതുമുന്നണിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ രാജിവച്ച് പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അടക്കമുള്ള ഇരുന്നൂറോളം നേതാക്കളാണ് കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് ജോസഫ് വിഭാഗത്തിലേക്കു മാറുന്നത്.

പൂഴിമണ്ണ് ശേഖരിച്ച് വില്‍ക്കാനുള്ള അനുമതിക്ക് 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂര്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരന്‍ വിജിലന്‍സിന്റെ പിടിയിലായി. ചെറുകുന്ന് സ്വദേശിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്.

ജോയ് ആലുക്കാസ് വാര്‍ത്തകള്‍
പ്രശസ്ത രാജ്യാന്തര ജ്വല്ലേഴ്സായ ജോയ് ആലുക്കാസ് തൃശൂര്‍ നഗരത്തില്‍ അമ്പതു നിലയില്‍ നിര്‍മിക്കുന്ന ജോയ് ആലുക്കാസ് ഗോള്‍ഡ് ടവര്‍ ആഡംബര അപാര്‍ട്ട്മെന്റ് സമുച്ചയ പദ്ധതി ജോയ് ആലുക്ക ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ വാണിജ്യ വ്യവസായ പൗരപ്രമുഖര്‍ പങ്കെടുത്തു.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി.ബിജുവിനെ സ്ഥലംമാറ്റി പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി. ദേവസ്വം ബോര്‍ഡിന്റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ആലപ്പുഴയിലെ ഡിവൈഎഫ്ഐ. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണു പ്രതിനിധികള്‍ ശക്തമായി ഈ വിഷയം ഉന്നയിച്ചത്.

വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ രണ്ടു ദിവസത്തേക്കു മഞ്ചേരി പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചു. ഒളിവില്‍ കഴിയുന്ന തൊപ്പിയെകുറിച്ചടക്കം വിശദമായ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസിന്റെ നീക്കം.

മന്ത്രിമാര്‍ക്കെതിരെ പരാതിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പോഷക സംഘടനകളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

എസ്എന്‍ ട്രസ്റ്റ് കോളജുകളില്‍ സര്‍ക്കാര്‍ അധ്യാപക നിയമന നോമിനിയെ നല്‍കിയില്ല എന്ന് പരാതി. നിയമന ബോര്‍ഡിലേക്ക് നോമിനിയെ നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടും അത് പരിഗണിക്കാന്‍ വൈകുന്നുവെന്നാണ് ആരോപണം. അധ്യാപക നിയമനത്തില്‍ എസ് എന്‍ ട്രസ്റ്റിനോട് സര്‍ക്കാര്‍ വിശദീകരണം തേടി.

താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകള്‍ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താന്‍ ഉള്ള നടപടികള്‍ തുടങ്ങിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകുമെന്നും കത്തില്‍ പറയുന്നു.

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മില്‍ അടിപിടി. ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുല്‍ റഹ്‌മാന് (28) ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് 10 തുന്നലുകളുണ്ട്. സംഭവത്തില്‍ സഹ തടവുകാരനായ രഞ്ജിത്ത്(25)നെതിരെ പൊലീസ് കേസെടുത്തു.

കണ്ണൂര്‍ പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ മാതാപിതാക്കളുടെ മൊഴിയെടുത്തു. ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നല്‍കി. 12 മണിക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും രണ്ടു മണിക്ക് ശേഷമാണ് ചികിത്സ നല്‍കിയത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം കിളിമാനൂരില്‍ അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ പൊലീസ് തിരയുന്നു. അനില്‍ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണം.

മലപ്പുറം ചങ്ങരംകുളത്ത് സ്വകാര്യ ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. ചങ്ങരംകുളം സ്വദേശി മുര്‍ഷിദ് (25) ആണ് അറസ്റ്റിലായത്.

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. അതേസമയം ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനുള്ള മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലോക് സഭയില്‍ ഉറപ്പാക്കാനുള്ള തീവ്ര നീക്കത്തിലാണ് ബിജെപി.

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സോണിപത് വരെയുള്ള 89 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍കൊണ്ട് ഓടിയെത്തും. അഞ്ചു മുതല്‍ 25 വരെ രൂപയാണു ടിക്കറ്റ് നിരക്ക്. നമോ ഗ്രീന്‍ റെയില്‍ എന്ന ട്രെയിന്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്.

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് സ്‌കൂള്‍ കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് അപകടമുണ്ടായത്.

ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന പരിസ്ഥിതി-വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് പവന്‍ ഖേര സിജെപി സമരവേദിയില്‍ എത്തി സോനം വാങ്ചുകിനെ സന്ദര്‍ശിച്ചു.

സ്റ്റാര്‍ഷിപ്പ് 13 ാം പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റി. റോക്കറ്റിന്റെ ഒന്നാം ഘട്ടത്തിലെ 33 എഞ്ചിനുകളില്‍ ചിലത് ജ്വലിക്കാത്തതിനാലാണ് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. നിലവിലെ അവസ്ഥയില്‍ ബൂസ്റ്ററിലെ രണ്ട് എഞ്ചിനുകള്‍ എങ്കിലും മാറ്റി വയ്‌ക്കേണ്ടി വരും.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശുചിമുറിയില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ഭീഷണികുറിപ്പ് ലഭിച്ചത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാവിനെ, ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഹാസിനിയും (19) സുഹൃത്തായ യുഗന്ധറും (20) ആണ് കൊലപാതകം നടത്തിയത്.

2020-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ കവര്‍ച്ചയിലൂടെ ചൈന നിയമവിരുദ്ധമായി 22 കോടി അമേരിക്കന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈക്കലാക്കിയെന്നാണ് ട്രംപിന്റെ ആരോപണം.

ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകളാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്.

ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും.

കാനഡക്കും മെക്സിക്കോക്കുമൊപ്പം അമേരിക്ക സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ കിരീട പോരാട്ടം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന – സ്പെയിന്‍ ഫൈനല്‍ മത്സരത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ഇന്ത്യന്‍ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തേക്ക് സ്മൃതി മന്ദാനയെ കൊണ്ടുവരാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഹര്‍മന്‍പ്രീത് കൗറിന് ശേഷം സ്മൃതിക്ക് ഈ ചുമതല നല്‍കണമെന്നും, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അവര്‍ക്ക് ഈ പദവി ലഭിക്കേണ്ടതായിരുന്നുവെന്നും മിതാലി അഭിപ്രായപ്പെട്ടു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ആദ്യ പാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനം ഉയര്‍ന്ന് 377.63 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളര്‍ച്ചയോടെ അറ്റ പലിശ വരുമാനം 1,025 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 3.15 ശതമാനത്തില്‍ നിന്നും 177 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 0.68 ശതമാനത്തില്‍ നിന്ന് 42 പോയിന്റുകള്‍ മെച്ചപ്പെട്ട് 0.26 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകള്‍ മെച്ചപ്പെട്ട് 81.40 ശതമാനമായി. റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 13.66 ശതമാനം ഉയര്‍ന്ന് 1,24,306 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 32,293 കോടി രൂപയില്‍ നിന്നും 36,432 കോടി രൂപയായി. കാസ നിക്ഷേപത്തില്‍ 14.61 ശതമാനം വളര്‍ച്ച. സേവിങ്സ് ബാങ്ക് നിക്ഷേപത്തില്‍ 16.51 ശതമാനവും കറന്റ് അക്കൗണ്ടില്‍ 6.95 ശതമാനവും വളര്‍ച്ചയുണ്ടായി. വായ്പകള്‍ 1,04,368 കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15,170 കോടി രൂപയുടെ വര്‍ധനയുണ്ടായി.

കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ളവ തടയാനുള്ള സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചാറ്റ്‌ബോട്ടായ മെറ്റ എഐയുമായി കൗമാരക്കാര്‍ ആത്മഹത്യയെക്കുറിച്ചോ സ്വയം പരിക്കേല്‍പ്പിക്കുന്നതിനെപ്പറ്റിയോ സംസാരിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ സംവിധാനം. എഐയുമായുള്ള കൗമാരക്കാരുടെ ഇടപെടലുകള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കുന്ന രീതിയില്‍തന്നെ ഈ സംവിധാനം മാറ്റം വരുത്തിയേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളോടും കുട്ടികളോടും എഐ ചാറ്റ്‌ബോട്ടുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റഗ്രാമിന്റെ പേരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ ഇത് ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ ലോകമെമ്പാടും ഈ സംവിധാനം വിപുലീകരിക്കാന്‍ മെറ്റ പദ്ധതിയിടുന്നു.

എ.ആര്‍ റഹ്‌മാന്റെ ആദ്യ അറബിക് സിനിമയ്ക്കായി ഗാനമാലപിച്ചു മകള്‍ ഖദീജ റഹ്‌മാന്‍. യുഎഇയിലെ ആദ്യ വനിത സംവിധായികയായ നൈല അല്‍ ഖാജ സംവിധാനം ചെയ്ത ‘ബാബ്’ എന്ന അറബിക് സിനിമയ്ക്കായാണ് എ.ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ മകള്‍ ഗാനം ആലപിച്ചിരിക്കുന്നത്. റഹ്‌മാന്‍ സംഗീതം നല്‍കുന്ന ആദ്യ അറബിക് ചിത്രം കൂടിയാണ് ‘ബാബ്’. ‘ബാബി’ലെ ‘അണ്‍ടില്‍ വി മീറ്റ് എഗെയ്ന്‍’ എന്ന ഗാനത്തിന്റെ വിഡിയോ എ.ആര്‍ റഹ്‌മാന്‍ തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. കെ.എം മ്യൂസിക്കിന്റെ ബാനറില്‍ ഒരുക്കിയ ഗാനം എ.ആര്‍ റഹ്‌മാന്റെ മനോഹര കോംപോസിഷനില്‍ ഒരുക്കിയതാണ്. പത്തുഗാനങ്ങളാണ് ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയിട്ടുള്ളത്. ഇരട്ട സഹോദരിയുടെ മരണത്തെ തുടര്‍ന്ന് വഹീദ എന്ന സ്ത്രീയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ചിത്രത്തിന്റെ ക്ലൈമാക്സിലുള്ള ഗാനമാണ് ‘അണ്‍ടില്‍ വി മീറ്റ് എഗെയ്ന്‍’

അനന്തു എന്റര്‍ടെയ്ന്‍മെന്റ്സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ’40 ഡെയ്സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കും. ഒരു പാര്‍ട്ടി വൈബ് ചിത്രമായിരിക്കും എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ സാങ്കേതിക നിരയില്‍ മലയാളത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്.

‘ഗാട്ട ഗുസ്തി 2’ ചിത്രത്തിന്റെ സംവിധായകന്‍ ചെല്ല അയ്യാവുവിന് ഇന്നോവ ഹൈക്രോസ് സമ്മാനിച്ച് നടനും നിര്‍മാതാവുമായ വിഷ്ണു വിശാല്‍. ആഗോള ബോക്സ് ഓഫീസില്‍ 46 കോടി രൂപയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ചിത്രം. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമാണ് ഹൈക്രോസ്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് മോഡലുകളില്‍ വാഹനം ലഭിക്കും. ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184 ബിഎച്ച്പി കരുത്താണ് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇന്നോവ ഹൈക്രോസിന് 18.70 ലക്ഷം മുതല്‍ 32.958 ലക്ഷം രൂപ വരെയാണ് വില.

നിത്യജീവിത വ്യവഹാരങ്ങളില്‍പ്പെട്ട മനുഷ്യരുടെ ചെറിയ ആനന്ദമാണ് യാത്ര. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വന്തമായി കുറച്ച് നിമിഷങ്ങള്‍! അത് കഴിഞ്ഞുവരുമ്പോള്‍ അവര്‍ മറ്റൊരാളായി മാറിയിരിക്കും. ഈ പുസ്തകത്തിലെ പന്ത്രണ്ട് യാത്രക്കാരും എന്നെന്നേക്കുമായി ഒരുപടി വളര്‍ന്നിരിക്കും. ഇത് വായിക്കുന്ന നമ്മളും യാത്ര കൊണ്ട് ശുദ്ധി നേടിയിരിക്കും. ‘മഞ്ഞുനാട്ടിലെ ഒറ്റനൂല്‍പ്പട്ടങ്ങള്‍’. അജയദാസ് ചന്തവിള. ഓറ ടെയ്ല്‍സ് പബ്ളിക്ക്േഷന്‍സ്. വില 209 രൂപ.

കനത്ത മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും നിറഞ്ഞ കര്‍ക്കടക മാസം പ്രകൃതിയില്‍ മാത്രമല്ല, മനുഷ്യശരീരത്തിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി ദുര്‍ബലമാകുകയും ചെയ്യുന്ന സമയമാണിത്. കര്‍ക്കടകത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. ശരീരത്തില്‍ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കാം. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ കര്‍ക്കടകത്തില്‍ പ്രധാനം കര്‍ക്കടക കഞ്ഞിയാണ്. കര്‍ക്കടകമാസത്തില്‍ കൂടുതലായി കഴിക്കേണ്ടത് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ചേര്‍ക്കാം. ഇവ ദഹനത്തിന് സഹായിക്കും. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവര്‍പ്പ്, കയ്പ്പ്, എരിവ് എന്നീ രസങ്ങള്‍ കര്‍ക്കടത്തില്‍ കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ കഴിവതും പുറത്തുനിന്നുള്ള ഒഴിവാക്കാം. കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തില്‍ വെച്ച് പുളിക്കുകയും ദഹനക്കേടും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കടകത്തില്‍ കഴിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. കൊതുക് പെരുകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മഴയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ദീര്‍ഘനേരം ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. ചെറുവ്യായാമമോ യോഗയോ ചെയ്യുക. ആവശ്യത്തിന് ഉറങ്ങുക. വ്യക്തിശുചിത്വം പാലിക്കുക എന്നിവയും ഇക്കാലത്ത് പ്രധാനമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 96.34, പൗണ്ട് – 129.57, യൂറോ – 110.23, സ്വിസ് ഫ്രാങ്ക് – 119.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.23, ബഹറിന്‍ ദിനാര്‍ – 255.41, കുവൈത്ത് ദിനാര്‍ -311.69, ഒമാനി റിയാല്‍ – 250.53, സൗദി റിയാല്‍ – 25.74, യു.എ.ഇ ദിര്‍ഹം – 26.25, ഖത്തര്‍ റിയാല്‍ – 26.47, കനേഡിയന്‍ ഡോളര്‍ – 68.67.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *