പുതുവര്‍ഷത്തിലും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്നേറ്റം തുടര്‍ന്ന് കേരളം. പരിവാഹന്‍ രജിസ്ട്രേഷന് കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ മാത്രം 5,207 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തില്‍ എത്തിയത്. മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് ജനുവരിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഫെബ്രുവരി മാസത്തില്‍ ആദ്യത്തെ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 2,297 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളില്‍ എത്തിയത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഫെബ്രുവരിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ജനുവരിയിലെ കണക്കുകളെ മറികടക്കാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 2021- നേക്കാള്‍ 454 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച 2022- ല്‍ ഉണ്ടായിട്ടുണ്ട്. 2021- ല്‍ 8,706 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചതെങ്കില്‍, 2022- ല്‍ ഇത് 39,525 യൂണിറ്റായാണ് കുതിച്ചുയര്‍ന്നത്. 2022- ല്‍ ദേശീയ തലത്തിലും ഇലക്ട്രിക് വാഹന വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.
ഇലക്ട്രിക് വാഹന വിപണിയില്‍ കേരളത്തിന്റെ കുതിപ്പ്
