എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോർട് നൽകാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമർശിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്. നിലവിലെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് അത് നൽകാൻ പോലും എറണാകുളം ജില്ലാ കലക്ടർ തയാറായിട്ടില്ല. ജനങ്ങളുടെ പണം വാങ്ങിയിട്ട് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നത്. ഏതൊരു വികസിത സമൂഹത്തിലും ജനങ്ങളുടെ ജീവന് വിലയുണ്ട്. ഇവിടെയങ്ങനെയൊന്നില്ല. പത്രവാർത്തകൾ മാത്രമായി ഇത്തരം റോഡപകടമരണങ്ങൾ ചുരുങ്ങിപ്പോകുന്നു. കൊച്ചി എംജി റോഡിൽ പലയിടത്തും അപകടക്കെണികളുണ്ട്. ഇവയൊക്കെ റിബൺ കെട്ടി മറക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
