രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു.ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു. അഗ്നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ ആശങ്ക പങ്കുവച്ചു. സർക്കാരിന്റെ തെറ്റായ നയങ്ങളിൽ ജനം വീർപ്പു മുട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ സമയത്ത് ഭരണപക്ഷം ബഹളം വെച്ചു. നന്ദിപ്രമേയ ചർച്ചയാണെന്ന് ഭരണപക്ഷ എംപിമാർ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ
