പതിവായി മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം ഉറങ്ങിയ ശേഷമുള്ള വ്യായാമം ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്ന് പഠനം. രാത്രി ആറ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരില്‍ പേശികള്‍ക്ക് 60 ശതമാനം വരെ ബലക്കുറവുണ്ടാക്കുമെന്ന് ചിക്കാഗോ സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തി. ഉറക്കമില്ലായ്മ ഊര്‍ജോല്‍പാദനം, ശാരീരികക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലമുള്ള ക്ഷീണം വ്യായാമത്തിന്റെ തീവ്രതയും കുറയ്ക്കുന്നു. ഇത് പേശികളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കൂടുതല്‍ തടസമാകുന്നു. ഇതിനൊപ്പം മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു. നമ്മള്‍ ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് ശരീരത്തിനുള്ളിലെ അറ്റകുറ്റപണികള്‍ നടക്കുന്നത്, പ്രത്യേകിച്ച് പേശികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതും പുതിയ പേശികള്‍ വളരുന്നതും. ഈ സമയത്ത് ശരീരം ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ പ്രോട്ടീന്‍ സംശ്ലേഷണത്തെ ഉത്തേജിപ്പിക്കുകയും പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഉറക്കം പതിവായി കുറയുന്നതോടെ, ഈ പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. മതിയായ ഉറക്കമില്ലെങ്കില്‍, പേശികളുടെ വീണ്ടെടുക്കല്‍ മന്ദഗതിയിലാകുകയും കാലക്രമേണ പേശീവളര്‍ച്ച കുറയുകയും ചെയ്യുന്നു. ഉറക്കം കുറയുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നു. ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ശരീരത്തില്‍ കൂടുതല്‍ പേശികള്‍ നഷ്ടപ്പെടാനും പുതിയ പേശികള്‍ രൂപപ്പെടുന്നത് കുറയാനും ഇടവരുത്തുന്നു.
ഉറക്കം ശരിയല്ലെങ്കില്‍ വ്യായാമം ചെയ്യരുത്!
