വിഡി സതീശൻ സർക്കാർ ഇന്ന് 6 മാസം പിന്നിടുന്നു. പ്രിയദർശിനി പദ്ധതിയും ഓപ്പറേഷൻ തൂഫാനും വയോജനവകുപ്പും സർക്കാറിൻറെ വലിയ നേട്ടങ്ങളാണ്. എന്നാൽ ഉമ്മൻചാണ്ടി ഇൻഷൂറൻസ്, കോളേജ് വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ പദ്ധതികൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല.
‎
‎മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചെന്ന് റിപ്പോർട്ട്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് എ.പി. അനിൽകുമാർ  കുറ്റപ്പെടുത്തി. എന്നാൽ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി  മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി.  ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർഎസ്‍പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചുവെന്നാണ് വിവരം.
‎
‎ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ എതിർപ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കി മന്ത്രി കെ മുരളീധരൻ. ഹിന്ദു മന്ത്രിമാർ ഒപ്പിട്ട് ദേവസ്വം അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങും.എത്ര മന്ത്രിമാർ ഒപ്പിടും എന്ന് ചോദ്യത്തിന് ക്യാബിനറ്റ് രഹസ്യങ്ങൾ പറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
‎
‎യു ഡി എഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ. വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായ ഐക്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
‎
‎കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാൻ  അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. എന്നാൽ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കുമ്പോള്‍ ആ ജീവനക്കാര്‍ക്ക് ഹാജറും ശമ്പളവും നല്‍കിയേക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
‎
‎സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച അനിശ്ചിതത്വത്തില്‍. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന നിര്‍ദേശത്തെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് മന്ത്രിസഭയില്‍ എതിര്‍ത്തു.
‎
‎വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് പൊലീസ്. ഭവന പദ്ധതിയുടെ മൂന്നാം ഗഡു വാങ്ങാന്‍ പഞ്ചായത്തിലെത്തിയ വയോധികയെ മര്‍ദ്ദിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നുമുള്ള പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്തത്.
‎
‎വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ പ്രത്യേകസംഘം പുനരന്വേഷണം ആരംഭിച്ചു. പോലീസും സി.ബി.ഐ.യും നേരത്തെ സമർപ്പിച്ച അപകടമരണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ ഹർജി ശരിവെച്ചാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.
‎
‎ബിജെപി അംഗത്വം രാജിവയ്ക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡൻ്റുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ വന്നതോടെയാണ് തീരുമാനം.
‎
‎വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുനസംഭവം. ഉദ്ഘാടനത്തിന് പിന്നാലെ, തന്റെ പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉപവാസം ആരംഭിച്ചു.
‎
‎കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും തിരുവനന്തപുരം ഡിസിസി അംഗവുമായ സുഹൈല്‍ ഷാജഹാനെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കി കോണ്‍ഗ്രസ്. തിരുവനന്തപുരത്തെ ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ഇന്നലെ രാവിലെയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.
‎
‎ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് 44,600 രൂപ തട്ടിയെടുത്തു. പരപ്പനങ്ങാടി സ്വദേശി നിസാറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
‎
‎വാടാനപ്പള്ളി സംസ്ഥാനപാതയിൽ സ്‌കൂട്ടറിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാർക്ക് ഹെൽമെറ്റ് ഇല്ല എന്ന് പറഞ്ഞ് പിഴ ചുമത്തി പൊലീസ്. എന്നാൽ രണ്ടുപേരും ഹെൽമെറ്റ് വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം ആണ് ചലാൻ അയച്ചു നൽകിയത്. പരാതിപ്പെട്ടപ്പോൾ എസ്പി ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകി
‎
‎യമുനാ നദിയിലെ കട്ടിയുള്ള വെളുത്ത വിഷപ്പതയും നുരയും ഭാവിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നദിയിലെ മലിനീകരണം വർധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് വിഷപ്പത.
‎
‎94 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ചുമായി ഡൽഹിയിലെത്തിയ യാത്രക്കാരനെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.  ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ‘പാറ്റെക് ഫിലിപ്പ് ആക്വാനട്ട്’ മോഡൽ വാച്ച് പിടിച്ചെടുത്തത്.
‎
‎കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരസംഘത്തിലെ പ്രധാനിയായ ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സേന വധിച്ചു. മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സേന നിര്‍ദേശിച്ചിരുന്നു. വിസമ്മതിച്ച ഭീകരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  ലത്തീഫിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
‎
‎ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി- കോൺഗ്രസ് സീറ്റ് വിഭജന ചർച്ച സങ്കീർണം. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ നൽകിയാൽ മതിയെന്നാണ് എസ്പിയുടെ നിലപാട് എന്നാൽ 181 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
‎
‎കുവൈത്തിലെ മനാഖീഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.
‎
‎മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ  ഗ്രൂപ്പ് ഫോട്ടോയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി  നിൽക്കേണ്ട സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിപ്പിച്ചിരുന്ന ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രമുള്ള കാർഡ് മോദി എടുത്തു പോക്കറ്റിൽ സൂക്ഷിച്ചു. ദേശീയ പതാകയോടുള്ള ആദരവാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന അടിക്കുറിപ്പോടെ ഒട്ടേറെ പേർ ഈ ദൃശ്യം പങ്കുവെച്ചു.
‎
‎ക്വാഡ് ഉച്ചകോടിക്കിടെ തറയിൽ പതിപ്പിച്ചിരുന്ന ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രമുള്ള കാർഡ് മോദി എടുത്തു പോക്കറ്റിലിട്ട വീഡിയോയെ പരിഹസിച്ച് മഹുവാ മൊയ്ത്ര എംപി.  ഇന്ത്യയെ നാണംകെടുത്താൻ മോദിയേപ്പോലെ മറ്റാർക്കാണ് കഴിയുകയെന്നും ചോദിച്ചു.
‎
‎ന്യായോർക്കിലെ കൊളംബിയ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ രാഹുൽ ഗാന്ധി നടത്തിയ  വിവാദ പരാമർശങ്ങളിൽ കടുത്ത വിമർശനവുമായി ബിജെപി. ഇന്ത്യയിലെ യുവാക്കളുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്.
‎
‎അരവിന്ദ് കെജ്‌രിവാൾ മോടിപിടിപ്പിച്ച് ‘കണ്ണാടി മാളിക’യാക്കിയെന്ന വിമർശനം നേരിടുന്ന മുൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പൊതുജനസന്ദർശനത്തിന് തുറന്നുകൊടുക്കാനൊരുങ്ങി  ബി.ജെ.പി. സർക്കാർ.  എ.എ.പി.ക്ക് ഭരണമുള്ള ഏകസംസ്ഥാനമായ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
‎
‎ഉത്തർപ്രദേശ് സ്പെഷ്യൽ സമ്മറി റിവിഷൻ വഴി ഹിന്ദു വോട്ടുകൾ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിക്ക് പിന്നാലെ, എസ്എസ്ആർ നടപടികളിലൂടെ സംസ്ഥാനത്ത് ആകെ 18 ലക്ഷത്തിലധികം വോട്ടുകൾ കൂടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.
‎
‎യെമനിലെ ഹൂതികളുടെ 60 സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. യെമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയാണ് ഈ നടപടി സ്വീകരിച്ചത്.
‎
‎എ.എഫ്.സി അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ അണ്ടർ-17 പുരുഷ ടീം ക്യാപ്റ്റൻ ദല്ലാൽമുവോൺ ഗാംഗ്തെയ്ക്കെതിരെ പലസ്തീൻ താരം വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് ഔദ്യോഗികമായി പരാതി നൽകി.
‎
‎
‎’വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി. 72 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് പൂർത്തിയായ വിവരം പാക്കപ്പ് ദിനത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
‎നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും. ലുക്മാനും, ചന്തു സലിംകുമാറും, മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും, മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‎
‎ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രീതിയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പുതുക്കിയ പതിപ്പ് എത്തുന്നു. 2022 അവസാനത്തോടെ വിപണിയിലെത്തിയ പ്രീമിയം എംപിവി ഇതിനകം 2 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഹൈബ്രിഡ് സാങ്കേതികവിദ്യ, വിശാലമായ ഇന്റീരിയർ, സുരക്ഷാ ഫീച്ചറുകൾ, ടൊയോട്ടയുടെ വിശ്വാസ്യത എന്നിവയാണ് വാഹനത്തിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴിതാ, വാഹനത്തിന്റെ ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 25ന് (2026) അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
‎
‎മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ആണ് ആദ്യം ഒഴിവാക്കേണ്ടത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്ത് ചുളിവുകളുണ്ടാക്കാം. അതിനാല്‍ ഇവ ഒഴിവാക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന് ഒട്ടും നല്ലതല്ല. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. കഫീനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല.
‎
‎ഇന്നത്തെ സ്വർണവില
‎22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,215 രൂപയും പവന് 97,720 രൂപയുമായി.
‎24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,326 രൂപയും  പവന് 1,06,608 രൂപയുമായി.
‎
‎ഇന്നത്തെ വിനിമയ നിരക്ക്
‎ഡോളർ – 93.66,പൗണ്ട് – 123.58,യൂറോ – 103.08,സ്വിസ് ഫ്രാങ്ക് – 111.59 ഓസ്ട്രേലിയൻ ഡോളർ – 63.15
‎ബഹ്റൈൻ ദിനാർ – 249.09
‎കുവൈത്ത് ദിനാർ – 300.50,ഒമാനി റിയാൽ – 243.58,സൗദി റിയാൽ – 24.98
‎യു.എ.ഇ ദിർഹം – 25.50,ഖത്തർ റിയാൽ  25.73കനേഡിയൻ ഡോളർ – 65.48
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *