ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് നേടി ഇന്ത്യയിലെ നിര്‍മിതബുദ്ധി കമ്പനിയായ സര്‍വ്വം എഐ. ട്രില്യണ്‍ പാരാമീറ്റര്‍ എഐ മോഡല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കൊപ്പം എഐ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ഈ നിക്ഷേപം സര്‍വം എഐയ്ക്ക് പിന്തുണ നല്‍കിയേക്കും. സര്‍വം എഐയുടെ പുതിയ സീരീസ് ബി റൗണ്ട് 75 മില്യണ്‍ ഡോളറിന്റെ (ഏകദേശം 700 കോടി രൂപ) മൂല്യമുള്ളതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിലെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ് എന്‍വിഡിയ. കൃത്യമായ നിക്ഷേപം എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സര്‍വം എന്ന് കമ്പനി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ എഐ മിഷന്റെ ഭാഗം കൂടിയാണ് സര്‍വം.
