ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് വരുമാനം നേടി ഫിഫ. ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ആകെ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.44 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വരുമാനമായി ഫിഫക്ക് ലഭിക്കും. ഫിഫ ലക്ഷ്യമിട്ടിരുന്ന 11 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.05 ലക്ഷം കോടി രൂപ) എന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഫിഫ അംഗ രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം ലഭിക്കും. ഉയര്‍ന്ന വിലയുള്ള വിഐപി ടിക്കറ്റുകളുടെ റീസെയില്‍ വഴിയാണ് ഫിഫ വലിയ രീതിയില്‍ പണം കൊയ്തത്. സെക്കന്‍ഡറി മാര്‍ക്കറ്റിലൂടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളില്‍ നിന്ന് 15 ശതമാനവും വില്‍ക്കുന്നയാളില്‍ നിന്ന് 15 ശതമാനവും ഉള്‍പ്പെടെ ആകെ 30 ശതമാനം കമ്മീഷനാണ് ഫിഫ ഈടാക്കിയത്. സ്പെയിന്‍-അര്‍ജന്റീന ഫൈനല്‍ മത്സരത്തിന്റെ ‘ട്രോഫി ലോഞ്ച്’ ടിക്കറ്റുകള്‍ ഒരാള്‍ക്ക് 34,500 ഡോളര്‍ (ഏകദേശം 33.2 ലക്ഷം രൂപ) എന്ന നിരക്കിലാണ് വിറ്റഴിക്കപ്പെട്ടത്. ഇതിലൂടെ മാത്രം ഫിഫയുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ഈ ഫണ്ടുകള്‍ വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് ഫിഫ വീതിച്ചു നല്‍കും.
