ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ എന്ന് അവകാശപ്പെട്ടാണ് ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ മൂണ്‍ഷോട്ട് കിമി കെ3 എന്ന എഐ മോഡല്‍ അവതരിപ്പിച്ചത്. എന്നാല്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ കമ്പനിക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. കമ്പനിയുടെ കംപ്യൂട്ടിങ് ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറം ആളുകള്‍ പുതിയ എഐ മോഡല്‍ ഉപയോഗിക്കാന്‍ ഇരച്ചുകയറിയതാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമായത്. ഇത് കൂടാതെ സബ്സ്‌ക്രിപ്ഷന്‍ രണ്ട് പ്ലാനുകളായി തിരിക്കാനും കമ്പനി തീരുമാനിച്ചു. കിമി വെബ്, ആപ്പ്, വര്‍ക്ക് എന്നിവ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കിമി മെമ്പര്‍ഷിപ്പ് പ്ലാന്‍. കോഡിംഗ് ജോലികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും മാത്രമായുള്ള കിമി കോഡ് മെമ്പര്‍ഷിപ്പ് പ്ലാന്‍ എന്നിവയാണവ. 2026 ജൂലൈ 27-ന് കിമി കെ3 ഓപ്പണ്‍ സോഴ്‌സ് ആയി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
