വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുമ്പോഴും, ഇന്ത്യന്‍ വിപണിക്ക് ശക്തമായ പിന്തുണയേകി ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പണമൊഴുക്ക്. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 4 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഒഴുക്കിയത്. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ ഏകദേശം 2,700 കോടി ഡോളറിന്റെ (ഏകദേശം 2.57 ലക്ഷം കോടി രൂപ) ഓഹരികള്‍ വിറ്റഴിച്ചപ്പോഴാണ്, മ്യൂച്വല്‍ ഫണ്ടുകളും ബാങ്കുകളും ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകളും അടങ്ങുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വില്‍പന സമ്മര്‍ദ്ദത്തെ പൂര്‍ണമായും പ്രതിരോധിച്ചു നിര്‍ത്തിയത്. മാര്‍ച്ച് മാസത്തില്‍ മാത്രം റെക്കോഡ് തുകയായ 1.39 ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയിലെത്തിച്ചത്. ജൂണ്‍ മാസത്തിലെ ആദ്യ അഞ്ച് വ്യാപാര ദിനങ്ങളില്‍ മാത്രം 33,933 കോടി രൂപയുടെ നിക്ഷേപവും രേഖപ്പെടുത്തിയിട്ടുണ്ട്.
