നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 5,537 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍പത്തെ പാദത്തിലെ 5,332 കോടി രൂപയെ അപേക്ഷിച്ച് ലാഭത്തില്‍ 3.84 ശതമാനം വര്‍ധന. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 8,365 കോടി രൂപയില്‍ നിന്ന് ആറു മാസത്തെ ലാഭം 10,870 കോടി രൂപയായും ഉയര്‍ന്നു. 29.95 ശതമാനമാണ് വര്‍ധന. നികുതി കിഴിച്ചുള്ള ബാങ്കിന്റെ പലിശ വരുമാനം ജൂണ്‍ പാദത്തിലെ 10,037 കോടി രൂപയില്‍ നിന്ന് 5.43 ശതമാനം വര്‍ധിച്ച് 10,583 കോടി രൂപയിലെത്തി. മൊത്തം വരുമാനം 28,158 കോടി രൂപ. മൊത്തം ബിസിനസ് 24.75 ലക്ഷം കോടി രൂപ പിന്നിട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വര്‍ധന. ആകെ നിക്ഷേപം 13.19 ലക്ഷം കോടി രൂപയാണ്. മൊത്തം വായ്പകള്‍ 5.43 ശതമാനം വര്‍ധിച്ച് 11.55 ലക്ഷം കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട്-സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 4.60 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കാസ അനുപാതം 34.93 ശതമാനത്തിലാണ്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രണ്ടാം പാദത്തില്‍ നേട്ടം
